വെടിയേറ്റ് കാലറ്റു; പ്രാവുകളുടെ രാജാധിരാജൻ എന്നിട്ടും കാത്തത് 194 പട്ടാളക്കാരുടെ പ്രാണൻ

ഷെര്‍ അമി | Photo: americanhistory.si.edu/
ഷെര്‍ അമി | Photo: americanhistory.si.edu/

'ഞങ്ങള്‍ 276.4-ന് സമാന്തരമായ പാതയിലൂടെ നീങ്ങുകയാണ്, നമ്മുടെ സ്വന്തം സൈന്യം തന്നെ ഞങ്ങളെ ആക്രമിക്കുകയാണ്. ദൈവത്തെയോർത്ത് അത് അവസാനിപ്പിക്കുക'.  പരാജയപ്പെട്ട ഒട്ടേറെ അവസരങ്ങള്‍ക്ക് ശേഷം കൈവശമുണ്ടായിരുന്ന അവസാനത്തെ പ്രാവിന്റെ കാലില്‍ സന്ദേശം എഴുതി ബന്ധിക്കുമ്പോള്‍ കമാന്‍ഡര്‍ ചാര്‍ളി വൈറ്റ് വിറ്റില്‍സിയുടെ പ്രതീക്ഷ നശിച്ചിരുന്നു. ഫ്രാന്‍സിലെ മ്യൂസ്-അര്‍ഗോണ്‍ വനത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലായിരുന്നു അവരപ്പോള്‍. 550 സൈനികരുമായി കാട് കയറിയ വെറ്റില്‍സിയുടെ സംഘത്തില്‍ അവശേഷിച്ചത് 194 പേര്‍ മാത്രം. ജര്‍മന്‍ സൈനികരാല്‍ വളയപ്പെട്ട അവര്‍, കൈയിലുള്ള ഭക്ഷണവും മരുന്നും വെടിക്കോപ്പുകളും ഏതാണ്ട് പൂര്‍ണമായി തീരാറായ അവസ്ഥയിലുമായിരുന്നു. ഈ ഘട്ടത്തിലാണ് സ്വന്തം സൈന്യം തന്നെ അവര്‍ക്കെതിരേ ആക്രമണം നടത്തിയത്. അതോടെ അവസാന ആശ്രയമെന്ന നിലയിലാണ് സഹായം അഭ്യര്‍ഥിച്ചുകൊണ്ട് വിറ്റില്‍സി പ്രാവുകളെ അയച്ചത്. എന്നാല്‍, അവര്‍ക്കൊന്നും ലക്ഷ്യസ്ഥാനത്ത് എത്താനായില്ല. ജര്‍മന്‍ സൈനികര്‍ അവയെ വെടിവെച്ചു വീഴ്ത്തി.

വെറ്റില്‍സിയുടേയും സംഘത്തിന്റേയും അവസാന ആശ്രയമായിരുന്നു ആ പ്രാവ്. ഷെര്‍ അമി. അതായിരുന്നു ആ പ്രാവിന്റെ പേര്. ഒന്നാം ലോക മഹായുദ്ധത്തില്‍ ഫ്രാന്‍സിലെ അര്‍ഗോണ്‍ വനത്തില്‍ ഒറ്റപ്പെട്ടുപോയ 194 അമേരിക്കന്‍ സൈനികരുടെ ജീവന്‍ രക്ഷിക്കാന്‍ കാരണം ആ ഹോമിങ് പീജിയണായിരുന്നു. ലോസ്റ്റ് ബെറ്റാലിയന്‍ എന്ന് ലോകം പിന്നീട് വിളിച്ച ആ സൈനികരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് ഷെര്‍ അമിയായിരുന്നു. വിറ്റില്‍സിയുടെ സന്ദേശവുമായുള്ള യാത്രയ്ക്കിടയില്‍ ജര്‍മന്‍ സൈന്യത്തിന്റെ വെടിയേറ്റ് വീണിട്ടും ഗുരുതരമായ പരിക്ക് പറ്റിയിട്ടും ഷെര്‍ അമി തന്റെ യാത്ര അവസാനിപ്പിച്ചില്ല. അത് ലക്ഷ്യത്തില്‍ എത്തിക്കുക തന്നെ ചെയ്തു. ഒന്നാം ലോകമഹായുദ്ധസമയത്ത് അമേരിക്കന്‍ സേനയുടെ സിഗ്നല്‍ വിഭാഗം ഉയോഗിച്ചിരുന്ന 600 കാരിയര്‍ പ്രാവുകളില്‍ ഒന്നായിരുന്നു ഷെര്‍ അമി. ഏറ്റവും പ്രസിദ്ധിയാര്‍ജിച്ച സന്ദേശവാഹക പ്രാവും ഷെര്‍ അമി തന്നെയാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധനായ പ്രാവെന്ന് ഷെര്‍ അമിയെ വിശേഷിപ്പിച്ചാലും അത് അതിശയോക്തിയായേക്കില്ല.

Content Highlights: Cher Ami, The Pigeon that Saved the Lost Battalion

Continue reading