'തെലങ്കാന സോണിയയോട് കടംവീട്ടുമോ'; അഭയഹസ്തവുമായി കൈവിട്ട മണ്ണ് തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്

2009ല്‍ കേന്ദ്രത്തില്‍ അധികാരത്തുടര്‍ച്ചയ്ക്ക് കോണ്‍ഗ്രസിനെ ഏറ്റവുമധികം തുണച്ച സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. ഐക്യ ആന്ധ്രയിലെ ആകെയുണ്ടായിരുന്ന 42 സീറ്റുകളില്‍ 33 സീറ്റുകളും കോണ്‍ഗ്രസ് നേടി. 14 വര്‍ഷങ്ങള്‍ക്കിപ്പുറം കോണ്‍ഗ്രസിന് ആന്ധ്രയില്‍ ലോക്സഭയിലോ നിയമസഭയിലോ ഒരു പ്രതിനിധി പോലുമില്ല. മുറിഞ്ഞ് പോയ തെലങ്കാനയിലും മോശം സ്ഥിതിയാണ്. വിരലിലെണ്ണാവുന്ന ജനപ്രതിനിധികള്‍. തെലങ്കാനയില്‍ പരാജയവും സീമാന്ധ്രയില്‍ ദുരന്തവുമായതോടെ ആന്ധ്ര വിഭജനം തങ്ങളുടെ ഏറ്റവും വലിയ അബദ്ധമാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞു. ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ അകാലത്തിലുള്ള മരണമാണ് ആദ്യ പ്രഹരമായി വന്നത്. പാര്‍ട്ടിയിലെ എതിര്‍പ്പുകളെ മറികടന്ന് പിന്നാലെ സംസ്ഥാനത്തെ വിഭജിക്കാന്‍ തീരുമാനമെടുത്തതോടുകൂടി കോണ്‍ഗ്രസ് സ്വന്തം ശവപ്പെട്ടിയിലെ അവസാന ആണിയും അടിച്ചു.
ഒരുവശത്ത് ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തില്‍ തെലങ്കാന സംസ്ഥാനത്തിനായി തുടരുന്ന പ്രക്ഷോഭവും തെലങ്കാന മേഖലയില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദവുമാണ് പുതിയ സംസ്ഥാന രൂപവത്കരണത്തിലേക്ക് കോണ്‍ഗ്രസിനെ നയിച്ചത്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് തീരുമാനത്തെ ചന്ദ്രശേഖര്‍ റാവു ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അതേസമയം, ഐക്യ ആന്ധ്രയ്ക്കായി നിലകൊണ്ടിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡി തെലങ്കാന രൂപീകരണത്തെ ശക്തിയുക്തം എതിര്‍ത്തിരുന്നു. ഒരുപക്ഷേ, അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ ആന്ധ്ര വിഭജനം എന്ന രാഷ്ട്രീയമായ മണ്ടത്തരം ഒരിക്കലും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് ചിന്തിക്കുന്നവരും കുറവല്ല. വൈ.എസ്.ആറിന്റെ മരണത്തോടെ ആന്ധ്രയിലെ കാര്യങ്ങളെല്ലാം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കൈപ്പിടിയിലായി. ഇതോടെയാണ് ആന്ധ്ര വിഭജനത്തില്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തത്.
Content Highlights: Telangana politics-congress-cwc meet