ഇ.പി.എഫ്.ഒ. പരിഷ്കാരങ്ങൾ: നിങ്ങളുടെ പണം, നിങ്ങളുടെ ഭാവി

‘സമ്പത്തുകാലത്ത് തൈ പത്തു വെച്ചാൽ, ആപത്തുകാലത്ത് കാ പത്തു തിന്നാം..’
ബാല്യകാലം മുതൽ നമ്മളെ പഠിപ്പിച്ചിട്ടുള്ളതാണ് സമ്പാദ്യത്തിന്റെ പ്രാധാന്യം:കൈവരുന്ന ധനത്തിൽ നിന്നും ഒരു ഭാഗം നാളെക്കായി മാറ്റിവെക്കുക, ഇന്നത്തെത് മാത്രമല്ല, നാളത്തെ കാര്യവും ചിന്തിക്കുക. ആ ലളിതമായ പാഠം പിന്നീട് നമ്മുടെ സമൂഹത്തിലെ ഏറ്റവും ശക്തമായ സാമൂഹിക സാമ്പത്തിക ഉപാധികളിലൊന്നായി രൂപപ്പെട്ടതാണ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഭവിഷ്യനിധി.
ഇന്ത്യയിലൊട്ടാകെയുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക്, വിശേഷിച്ച് കേരളത്തിൽ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) എന്നത് ശമ്പളത്തിൽ നിന്നുള്ള കിഴിവ് മാത്രമല്ല. അത് സാമ്പത്തിക അച്ചടക്കവും സ്വാശ്രയത്തിന്റെ മഹത്വവും പ്രതിഫലിപ്പിക്കുന്ന സ്ഥിരതയുടെ ഒരു നിശ്ശബ്ദ വാഗ്ദാനമാകുന്നു. സാമൂഹ്യസുരക്ഷ വെറും സാമ്പത്തിക സംവിധാനം മാത്രമല്ല; അത് സമൂഹത്തിന്റെ കൂട്ടായ മനസ്സാക്ഷിയുടെ പ്രതിബിംബമാണ് — ഈ രാജ്യം കെട്ടിപ്പടുത്തവരോടുള്ള നമ്മുടെ കൂട്ടായ ഉത്തരവാദിത്വം.
ലളിതം, സുവ്യക്തം, ന്യായം
അടുത്ത കാലം വരെ പി എഫ് വിഹിതം പിൻവലിക്കാൻ സാധിച്ചിരുന്നത് വീട്, വിദ്യാഭ്യാസം, ചികിത്സ, സേവന കാല പൂർത്തീകരണം എന്നിങ്ങനെയുള്ള 13 സാഹചര്യങ്ങളിൽ/കാര്യങ്ങൾക്ക് മാത്രമായിരുന്നു. ഇതിനായി കർശനമായ ചില നിബന്ധനകളും ഏർപ്പെടുത്തിയിരുന്നു. അന്നത്തെ സാഹചര്യത്തിൽ അത് തീർത്തും അനിവാര്യവും ആയിരുന്നു. നിലവിൽ ഡിജിറ്റൽ സംവിധാനം ഈ പ്രക്രിയയെ അത്യന്തം ലളിതമാക്കിയിരിക്കുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (CBT) പി.എഫ് പിന്‍വലിക്കൽ മൂന്നു വ്യക്തമായ വിഭാഗങ്ങളിലാക്കി —അവശ്യമായവ, ഭവനനിർമ്മാണം, പ്രത്യേക ആവശ്യങ്ങൾ. സാമ്പത്തിക സുരക്ഷക്ക് കോട്ടം തട്ടാതെ നിലനിർത്തിക്കൊണ്ട് അനാവശ്യ നടപടികൾ മൂലമുള്ള കാലതാമസം ഒഴിവാക്കാൻ ഈ നീക്കം വഴി സാധിക്കും.
പുതിയ നിയമം പി.എഫ് പിന്‍വലിക്കൽ ലളിതവും വേഗതയേറിയതുമാക്കി. ഒരു വർഷമെങ്കിലും തുക അടച്ചിട്ടുള്ള അംഗങ്ങൾക്ക് തൊഴിലുടമയുടേതുൾപ്പടെയുള്ള തുകയും പലിശയും ചേർന്ന മൊത്തം പിഎഫ് ബാലൻസ് തുകയുടെ 75% വരെ ആവശ്യാനുസരണം പിൻവലിക്കാം. ഇവിടെ ചിന്തിക്കേണ്ട കാര്യം- മിച്ചമുള്ള 25 % തുക ഒരു വർഷത്തേക്ക് അക്കൗണ്ടിൽ തുടരുകയും ഇതിന് 8.25 % നികുതിരഹിത പലിശ ലഭിക്കുകയും ചെയ്യും. ഇത് നിയന്ത്രണമല്ല — സംരക്ഷണമാണ്. ഇതിലൂടെ അക്കൗണ്ട് സജീവമായി തുടരുകയും പെൻഷൻ അവകാശങ്ങൾ നിലനിൽക്കുകയും ദീർഘകാല സമ്പാദ്യം വളരുകയും ചെയ്യും.
എടുത്ത് പറയേണ്ട കാര്യം — ഇത് നിങ്ങളുടെ പണം പൂട്ടാനുള്ള നിയമമല്ല; നിങ്ങളെ സമ്പാദ്യത്തോടൊപ്പം ആത്മാഭിമാനത്തോടെ വിരമിക്കാൻ സഹായിക്കാനുള്ള സംവിധാനമാണ്.
തൊഴിൽ ഇല്ലാത്ത കാലയളവിൽ സംരക്ഷണം
തൊഴിൽ നഷ്ടപ്പെടുക കഠിനമായ അനുഭവമാണ് — അത് ഇപ്പൊഴുള്ള പുതിയ പി.എഫ് സംവിധാനവും മനസ്സിലാക്കുന്നു. ജോലി നഷ്ടപ്പെട്ടാൽ അംഗങ്ങൾക്ക് 75 % വരെ തുക ഉടൻ പിൻവലിക്കാം. ഒരുവർഷം കഴിഞ്ഞിട്ടും തൊഴിൽ ലഭിക്കാത്ത പക്ഷം, ബാക്കി തുകയും പിൻവലിക്കാം.
മുമ്പ്, അംഗങ്ങൾക്ക് രണ്ട് മാസത്തിനുള്ളിൽ മുഴുവൻ തുകയും പിന്‍വലിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ അതോടെ അക്കൗണ്ടുകൾ അടഞ്ഞുപോകുകയും പെൻഷൻ അവകാശങ്ങൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു. പുതിയ 12 മാസ നിയമം അത് മാറ്റിമറിക്കുന്നു — പ്രയാസകാലത്ത് ആശ്വാസവും ഭാവിയിലേക്കുള്ള സംരക്ഷണവും ഒരേസമയം വാഗ്ദാനം നൽകുന്നു.
ഇത് ലളിതവും എന്നാൽ ശക്തവുമായ ഒരു മാറ്റമാണ്-ആവശ്യത്തിന് സഹായവും,തിരികെയെത്തുമ്പോൾ സുരക്ഷിതത്വവും.പ്രയാസകാത്ത് ആശ്വാസവും ഭാവിയിലേക്കുള്ള സംരക്ഷണവും ഒരുമിച്ച് നൽകുന്ന സമതുലിത നീക്കം.
പെൻഷനിലൂടെ കുടുംബ സുരക്ഷ
എംപ്ലോയീസ് പെൻഷൻ സ്കീം(EPS) അടിമുടി പരിഷ്കരിക്കപ്പെടുകയാണ്. നിലവിൽ, പെൻഷൻ അർഹതക്കായി അംഗങ്ങൾ 10 വർഷം പെൻഷൻ വിഹിതം അടയ്ക്കേണ്ടതാണ്. കൂടാതെ, പത്ത് വർഷത്തിൽ താഴെ പദ്ധതിയിൽ വിഹിതം അടച്ച അംഗം ജോലി ചെയ്യാതിരുന്നാലും മൂന്നുവർഷത്തേക്ക് കുടുംബ പെൻഷൻ സംരക്ഷണത്തിന് അർഹതയുണ്ട്. പ്രസ്തുത സംരക്ഷണം പൂർണമായും ഉറപ്പുവരുത്തുന്നതിനായി, അത്തരത്തിലുള്ള മെമ്പർമാരുടെ പെൻഷൻ വിഹിതം 36 മാസം പെൻഷൻ ഫണ്ടിൽ നിക്ഷിപ്തമായിരിക്കും. കുടുംബ സംരക്ഷണം മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു സുപ്രധാനമായ മാറ്റമാണിത്.
മിക്കവാറും നമ്മൾ പെൻഷൻ തുക പെട്ടെന്ന് പിന്‍വലിക്കുമ്പോൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണിത് — നഷ്ടപ്പെടുന്നത് പണം മാത്രമല്ല, കുടുംബത്തിന് ലഭിക്കുന്ന നിശ്ശബ്ദ സുരക്ഷയുമാണ്. ഈ സംരക്ഷണം അല്പകാലം കൂടി നിലനിർത്തുന്നത് വഴി തൊഴിൽ നഷ്ടപ്പെടുമ്പോൾ സാമ്പത്തിക സുരക്ഷ അവസാനിക്കുന്നില്ലയെന്ന് പുതിയ സമീപനം ഉറപ്പ് വരുത്തുന്നു. കാരണം യഥാർത്ഥ സുരക്ഷ നാം സമ്പാദിക്കുന്നതിൽ മാത്രമല്ല, നാം സംരക്ഷിക്കുന്നവരിലുമാണ്.
ഇൻഷുറൻസും അന്തസ്സും
ഓരോ ഇപിഎഫ് (EPF) അംഗത്തിനും, എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (EDLI) പദ്ധതി വഴി 7 ലക്ഷം രൂപ വരെയുള്ള ജീവപരിരക്ഷ ലഭിക്കുന്നുണ്ട്. ഈ പ്രക്രിയ പൂർണ്ണമായും ഡിജിറ്റലായതിനാൽ, അടിയന്തര ഘട്ടങ്ങളിൽ കുടുംബങ്ങൾക്ക് സഹായം വേഗത്തിൽ ലഭ്യമാവുന്നു. എന്നാൽ, ഇപിഎഫ് ആനുകൂല്യങ്ങളിൽ അർഹമായ ശ്രദ്ധ നേടാത്ത ഒന്നാണിത്.
നിങ്ങൾ ഇപിഎഫിൽ അംഗമാകുന്ന നിമിഷം മുതൽ ഈ ഇൻഷുറൻസ് സൗജന്യമായി പ്രാബല്യത്തിൽ വരും — ഇതിനായി നിങ്ങൾ ഒരു രൂപ പോലും അധികം നൽകേണ്ടതില്ല. ഇത്, പച്ചക്കറി വാങ്ങുമ്പോൾ കടക്കാരൻ സൗജന്യമായി സഞ്ചിയിൽ വെച്ചുതരുന്ന പച്ചമുളക് പോലെയാണ്: ചെറുതെങ്കിലും, ആവശ്യ സമയത്ത് അമൂല്യമായത്!
വിശ്വാസത്തോടെ മുന്നേറുന്ന സാങ്കേതികത
ഇപിഎഫ്ഒയുടെ (EPFO) ഡിജിറ്റൽ പരിഷ്കരണം പ്രക്രിയകളെ വേഗത്തിലാക്കുകയും സുതാര്യമാക്കുകയും ചെയ്തു. ഇതിന്റെ ഫലമായി, 2024–25 സാമ്പത്തിക വർഷത്തിൽ 2.34 കോടി അപേക്ഷകൾ സ്വയം തീർപ്പാക്കി. പിൻവലിക്കൽ അപേക്ഷകളിൽ ഏകദേശം 70 ശതമാനവും ഓൺലൈനായി പൂർത്തിയാക്കി, അതിൽ പലതും മൂന്ന് ദിവസത്തിനുള്ളിൽ തീർപ്പാക്കി. ഇനി തൊഴിലാളികൾ ഫയലുകളുടെ പുരോഗതി അന്വേഷിച്ച് നടക്കേണ്ടതില്ല; സിസ്റ്റം തന്നെ അവർക്കായി നിശ്ശബ്ദമായി പ്രവർത്തിക്കുന്നു
വിപുലമായ സന്ദേശം
ഈ പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നത് നിയന്ത്രണങ്ങളെയല്ല, മറിച്ച് തൊഴിലാളികളുടെ ആത്മവിശ്വാസത്തെയാണ്. ഇപിഎഫ്ഒയെ (EPFO) കൂടുതൽ ലളിതവും, വേഗതയുള്ളതും, തൊഴിലാളി കേന്ദ്രീകൃതവുമാക്കുകയാണ് ലക്ഷ്യം.പ്രൊവിഡന്റ് ഫണ്ട്, ശമ്പളത്തിൽ നിന്നുള്ള വെറും കിഴിവ് മാത്രമല്ല — അത് ആത്മാഭിമാനത്തിന്റെ നിക്ഷേപമാണ്. ഇതിലെ ഒരു ഭാഗം നിക്ഷേപമായി നിലനിർത്തുന്നത് നഷ്ടമല്ല; മറിച്ച് സുരക്ഷയ്ക്കും മനസ്സമാധാനത്തിനുമുള്ള ഒരു സുചിതമായ അടയാളപ്പെടുത്തലാണ്.
ചുരുക്കത്തിൽ, ഈ മുഴുവൻ ആശയം മൂന്നു ശാശ്വതമായ പദങ്ങളിലൊതുങ്ങുന്നു — അച്ചടക്കം(Discipline), നിശ്ചയദാർഢ്യം (Determination)ആത്മാഭിമാനം (Dignity). ഇവ വ്യക്തിഗത ഗുണങ്ങൾ മാത്രമല്ല; ഓരോ തൊഴിലാളിക്കും സ്ഥിരതയോടെ, അന്തസ്സോടെ, അഭിമാനത്തോടെ വിരമിക്കാൻ കഴിയുന്ന ഒരു വികസിതഭാരതം കെട്ടിപ്പടുക്കാനുള്ള ഇഷ്ടികകളാണിവ.
(ഇവിടെ പ്രകടിപ്പിച്ചിരിക്കുന്ന അഭിപ്രായങ്ങൾ വ്യക്തിപരം)