താമരത്തേരോട്ടത്തിന് തടയിടാൻ എന്താണ് 2024-ൽ കോൺഗ്രസിന്റെ പൂഴിക്കടകൻ?

ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്കരികെ സെമി ഫെെനലെന്ന് വിശേഷിപ്പിച്ചിരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയുടെ ആഘാതത്തിലാണ് കോൺഗ്രസ്. ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പി തങ്ങളുടെ സർവാധിപത്യം സ്ഥാപിച്ചത് തെല്ലൊന്നുമല്ല കോൺഗ്രസിന്റെ ആത്മവിശ്വാസത്തെ തകർത്തത്. ഉൾപ്പാർട്ടി കലഹങ്ങൾക്ക് പേരുകേട്ട രാജസ്ഥാനും കെെയിൽ നിന്നും വഴുതിപ്പോയ മധ്യപ്രദേശും ഛത്തീസ്ഗഢും കെെവിട്ടതോടെ കോൺഗ്രസിന്റെ നേതൃത്വത്തിൽ കേന്ദ്രം പിടിക്കാനൊരുങ്ങുന്ന ഇന്ത്യ സഖ്യത്തിന്റെ ഭാവിയും ചോദ്യം ചിഹ്നമായി.
കർണാടകത്തിലെ മിന്നുന്ന വിജയവും ഭാരത് ജോഡോ യാത്രയ്ക്ക് ലഭിച്ച സ്വീകാര്യതയും മുന്നിൽക്കണ്ടായിരുന്നു കോൺഗ്രസ് തിരഞ്ഞെടുപ്പിനെ സമീപിച്ചത്. എന്നാൽ, ഉത്തരേന്ത്യ കാത്തുവച്ച വിധി മറ്റൊന്നായിരുന്നു. ദക്ഷിണേന്ത്യയ്ക്കു പുറത്ത് കോൺഗ്രസിന് ഇനി ഭരണമുള്ളത് ഹിമാചലിൽ മാത്രമാണ്. ഇന്ത്യാ സഖ്യത്തിന്റെ മുഖമായി തങ്ങളെ അവതരിപ്പിക്കുന്ന കോൺഗ്രസിനേറ്റ വൻ തിരിച്ചടിയാണ് നിലവിലെ ഫലം. സഖ്യം ബലപ്പെടുത്തുന്നതിനെക്കുറിച്ച നേതൃത്വം സംസാരിക്കുമ്പോഴും നിലവിൽ തമ്മിൽ തമ്മിൽ മത്സരിക്കുന്ന സാഹചര്യവും ഇവിടങ്ങളിൽ നാം കണ്ടു.
Content Highlights: Effect of assembly election result on congress and INDIA bjp inc tmc brs