പ്രകൃതിയുടെ മനോഹരഭാഷ; വെള്ളാപ്പാറ പ്രകൃതിപഠന ക്യാമ്പ്

ഇടുക്കി വന്യജീവി സങ്കേതത്തിലെ വെള്ളാപ്പാറ നേച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ നടന്ന പ്രകൃതി പഠന ക്യാമ്പില്‍ പങ്കെടുത്ത ഒറ്റപ്പാലം സർക്കാർ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍
ഇടുക്കി വന്യജീവി സങ്കേതത്തിലെ വെള്ളാപ്പാറ നേച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ നടന്ന പ്രകൃതി പഠന ക്യാമ്പില്‍ പങ്കെടുത്ത ഒറ്റപ്പാലം സർക്കാർ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍

പൈനാവ്: ഇടുക്കി വന്യജീവി സങ്കേതത്തിലെ വെള്ളാപ്പാറ നേച്ചർ എജുക്കേഷൻ സെന്ററിൽ പ്രകൃതിപഠന ക്യാമ്പ് സംഘടിപ്പിച്ചു. കേൾവി-സംസാര പരിമിതികളുള്ള കുട്ടികൾ പഠിക്കുന്ന ഒറ്റപ്പാലം സർക്കാർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമാണ് ക്യാമ്പിൽ പങ്കെടുത്തത്.

ആംഗ്യഭാഷയിലൂടെ പരസ്പരം പരിചയപ്പെട്ടും യാത്രാനുഭവങ്ങൾ പങ്കുവച്ചും കുട്ടികൾ ക്യാമ്പിന്റെ ഭാഗമായി. ഇടുക്കിയിലെ വിവിധ വനമേഖലകളെക്കുറിച്ച് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അർജുൻ ആനന്ദൻ ദൃശ്യാവിഷ്കാരത്തിലൂടെ വിശദീകരിച്ചു. ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെയും വന്യജീവി സങ്കേതത്തിന്റെയും കാഴ്ചകൾ കുട്ടികൾ ആസ്വദിച്ചു.

ഫോറസ്റ്റ് വാച്ചർ കെ.ആർ. ദിലീപിന്റെ നേതൃത്വത്തിൽ പക്ഷിനിരീക്ഷണം നടത്തി. ഇടുക്കി അണക്കെട്ട്, കൊലുമ്പൻ ട്രെക്കിങ് കേന്ദ്രം, മൈക്രോവേവ് വ്യൂ പോയിന്റ്, ഔഷധസസ്യത്തോട്ടം, നക്ഷത്രവനം എന്നിവിടങ്ങളിലും സന്ദർശനം നടത്തി.

ആന, കടുവ, മയിൽ, പുള്ളിമാൻ തുടങ്ങിയ വന്യമൃഗങ്ങളെക്കുറിച്ചുള്ള ഗ്രൂപ്പ് ചർച്ചകളും ക്യാമ്പിന്റെ ഭാഗമായി നടന്നു. പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് നിർമാർജന പ്രവർത്തനങ്ങളിലും വിദ്യാർഥികൾ പങ്കാളികളായി.

ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) പി.ആർ. സുധീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എസ്. കണ്ണൻ, ഇടുക്കി വൈൽഡ് വാർഡൻ എൻ.കെ. അജയഘോഷ്, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ബി. പ്രസാദ് കുമാർ എന്നിവർ പങ്കെടുത്തു.

Content Highlights: A nature study camp was organized for hearing and speech impaired students at the Idukki Wildlife Sanctuary in Vellappara.