തുരത്തിയെന്നു പറഞ്ഞ കാട്ടാന തിരിച്ചുവന്നു വനംവകുപ്പേ...

ഉടുമ്പന്നൂർ : കാട്ടാനയെ തുരത്തിയെന്ന് വനംവകുപ്പ് പറഞ്ഞിട്ട് മണിക്കൂറുകളായതേയുള്ളൂ. വള്ളിയാടിയിലേക്ക് വീണ്ടും കാട്ടാന തിരിച്ചെത്തി.കുന്നത്തുകുഴി ഷാജിയുടെ കൃഷിയിടത്തിൽ ഇറങ്ങി എല്ലാം താറുമാറാക്കി. കർഷകന്റെ വീടിന് വെറും 20 മീറ്റർ അകലെയാണ് കാട്ടാന നിലയുറപ്പിച്ചത്. ഇത് വലിയ ആശങ്കയാണ് പ്രദേശത്ത് ഉണ്ടാക്കിയിരിക്കുന്നത്.
ശനിയാഴ്ച പാതിരാത്രിക്കായിരുന്നു കാട്ടാന ആക്രമണം. വെള്ളിയാഴ്ച ഇവിടെ വനംവകുപ്പ് ഉദ്യോഗസ്ഥരും ഇടുക്കി, തൊടുപുഴ എം.എൽ.എ.മാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം പ്രദേശത്തെത്തിയിരുന്നു. തുടർന്ന് പ്രത്യേക ദൗത്യം നടത്തി ആനയെ തുരത്തിയതായും അറിയിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ വീണ്ടും കാട്ടാന ജനവാസമേഖലയിലേക്ക് എത്തുകയായിരുന്നു.
പഞ്ചായത്തംഗം ശരത് ചന്ദ്രൻ സ്ഥലം സന്ദർശിച്ചു. താത്കാലിക നടപടികൾക്കപ്പുറം കാട്ടാനകളുടെ സഞ്ചാരം നിരീക്ഷിക്കാനും ജനവാസമേഖലകളിലേക്ക് കടന്നുവരുന്നത് തടയാനും ഫലപ്രദമായ സംവിധാനം ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാത്രിയിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക നിരീക്ഷണ സംവിധാനവും അടിയന്തരമായി ഇടപെടാൻ കഴിയുന്ന ദ്രുതപ്രതികരണ സംവിധാനവും വേണമെന്നും അദ്ദേഹം പറഞ്ഞു.