ചൊക്രമുടിയിൽ നീലക്കുറിഞ്ഞിത്തിരക്ക്

കുഞ്ചിത്തണ്ണി : അവധിദിനമായ രണ്ടാംശനിയാഴ്ചയും ഞായറാഴ്ചയും നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത് കാണാൻ സഞ്ചാരികളുടെ പ്രവാഹമായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ഈ രണ്ടുദിവസവും നീലക്കുറിഞ്ഞി കാണാൻ ചൊക്രമുടിയിൽ എത്തിയത്.

ചരിത്രത്തിൽ ഒരിക്കലും ഇല്ലാത്തതുപോലെ ഗ്യാപ് റോഡിലൂടെ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണുന്നത്. രണ്ടാംശനിയാഴ്ച പൊതു അവധി ദിനമായതും തുടർന്നുവന്ന ഞായറാഴ്ചയും ആണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ ചൊക്രമുടിയിൽ എത്തിയത്. മഴയൊന്നും ഇല്ലാത്ത നല്ല കാലാവസ്ഥയും സഞ്ചാരികളെ കൂടുതലായി ഇങ്ങോട്ട് ആകർഷിക്കുന്നുണ്ട്.

ചൊക്രമുടിയുടെ താഴ്‌വാരത്ത് ദേവികുളം ഗ്യാപ്പ് റോഡിന്റെ വശത്തു സ്ഥിതിചെയ്യുന്ന വനംവകുപ്പിന്റെ ബൈസൺ ട്രയൽ സെന്ററിൽ എത്തുന്നതിൽ പകുതി ആളുകൾ മാത്രമേ ടിക്കറ്റെടുത്ത് നീലക്കുറിഞ്ഞി കാണാൻ മലമുകളിലേക്ക് പോകുന്നുള്ളൂ. ദുർഘടമായ ഒറ്റയടിപ്പാതയിലൂടെ പോകണം എന്നുള്ളതാണ് പല സഞ്ചാരികളെയും ഇതിൽനിന്ന് വിലക്കുന്നത്.

ചൊക്രമുടിയിൽ ഉൾപ്പെടെ മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തത് വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണർവാണ് നൽകിയിരിക്കുന്നത്. പതിനായിരക്കണക്കിന് പേരാണ് ഇതുവരെ പൂക്കാലം കണ്ട് മടങ്ങിയത്. അനുകൂല കാലാവസ്ഥയായതിനാൽ പൂക്കാലത്തിന്റെ ദൈർഘ്യം കൂടും.

തിരക്ക് കൂടി, മഴ പെയ്തു: പ്രവേശനം താത്കാലികമായി നിരോധിച്ചു

കുഞ്ചിത്തണ്ണി : ചൊക്രമുടിയിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം വനം വകുപ്പ് താൽകാലികമായി തടഞ്ഞു. നീലക്കുറിഞ്ഞി സീസൺ ആരംഭിച്ചതിനുശേഷം ഏറ്റവും വലിയ തിരക്കാണ് ഞായറാഴ്ച ഉണ്ടായത്. അനിയന്ത്രിതമായ തിരക്കും ഉച്ചയോടുകൂടി പെയ്ത ചാറ്റൽ മഴയുമാണ് സഞ്ചാരികളുടെ പ്രവേശനം താത്‌കാലികമായി നിരോധിക്കാൻ കാരണമായത് . ഞായറാഴ്ച ഉച്ചയ്ക്കാണ് ചാറ്റൽ മഴ പെയ്തത്. ഇളകി കിടക്കുന്ന മണ്ണ് ആയതിനാൽ സഞ്ചാരികൾ തെന്നി വീഴാൻ സാധ്യതയുള്ളതിനാൽ സഞ്ചാരികളുടെ സുരക്ഷയെ മുൻനിർത്തിയാണ് താത്‌കാലികമായി പ്രവേശനം നിരോധിച്ചതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. പ്രവേശനം താത്‌കാലികമായി നിരോധിച്ചതായി സെന്ററിന്റെ മുന്നിൽ ബോർഡും സ്ഥാപിച്ചിരുന്നു. ഏകദേശം രണ്ടുമണിക്കൂറുകൾക്ക് ശേഷം കാലാവസ്ഥ മെച്ചപ്പെട്ടപ്പോൾ വീണ്ടും സഞ്ചാരികൾക്കായി സെന്റർ തുറന്നുനൽകുകയും ചെയ്തു.