അമൂല്യമാണെന്ന് പറയും... എന്നിട്ട് പാഴാക്കും

കാഞ്ഞാർ-വാഗമൺ റോഡിൽ ഒരു കിലോമീറ്ററിനുള്ളിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് മൂന്നിടത്ത്
കാഞ്ഞാർ : കാഞ്ഞാർ-വാഗമൺ റോഡിൽ കൂവപ്പള്ളി താഴെവരെയുള്ള ഒരു കിലോമീറ്ററിനുള്ളിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് മൂന്നിടത്ത്. മാസങ്ങളായി ഇതാണ് സ്ഥിതിയെന്ന് പരിസരവാസികൾ പറയുന്നു.
ചുരുങ്ങിയ ദൂരത്തിനുള്ളിലാണ് മൂന്നിടത്തും പൈപ്പ് തകർന്നത്. മഴ പെയ്തിട്ടെന്നപോലെയാണ് റോഡിലൂടെ വെള്ളം ഒഴുകുന്നത്. രണ്ടിടത്ത് റോഡരികിലും ഒരിടത്ത് റോഡിന്റെ നടുക്കുമാണ് ചോർച്ച. ജല അതോറിറ്റിയിൽ വിവരം അറിയിച്ചെങ്കിലും ഇടപടലൊന്നുമുണ്ടായില്ല.
പൈപ്പ് കടത്തി
വർഷങ്ങൾക്ക് മുമ്പുതന്നെ ഇവിടെ പൈപ്പ് പൊട്ടൽ പതിവായിരുന്നു. പി.ജെ. ജോസഫ് ജലവിഭവമന്ത്രിയായിരുന്ന സമയത്ത് കാലപ്പഴക്കം ചെന്ന പൈപ്പുകളെല്ലാം മാറ്റുന്നതിന് മൂന്നുലക്ഷം രൂപ അനുവദിച്ചു. പൈപ്പുകളും റോഡരികിൽ ഇറക്കി.
എന്നാൽ, മൂന്നോ നാലോ പൈപ്പുകൾ മാത്രമേ മാറ്റി സ്ഥാപിച്ചുള്ളൂ.
ബാക്കി വന്നവ ചിലർ കടത്തിക്കൊണ്ടുപോയെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. മുമ്പ് പണം അനുവദിച്ചത് ചൂണ്ടിക്കാട്ടി ജല വകുപ്പ് ഇപ്പോൾ ഫണ്ട് നൽകുന്നുമില്ല.
എന്നാൽ, ഒരു ഗുണഭോക്താവിന്റെ വീട്ടിലേക്ക് കണക്ഷൻ നൽകിയ പൈപ്പിലാണ് ചോർച്ചയെന്നും അത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയെന്നും ജല അതോറിറ്റി അധികൃതർ പറയുന്നു. ബാക്കി രണ്ടിടത്തെ ചോർച്ച പരിഹരിക്കുന്നതിനെക്കുറിച്ച് നോക്കാമെന്നായിരുന്നു പ്രതികരണം.