റിങ് റോഡിലൂടെ റിസ്ക് യാത്ര

കരിമണ്ണൂർ : കമ്പിപ്പാലം-മാരാംപാറ-ചിലവ് റിങ് റോഡിലൂടെ യാത്ര അത്ര സുരക്ഷിതമല്ല. വഴി തകർന്ന് തരിപ്പണമായി കിടക്കുകയാണ്. റോഡിലെ ടാർ പൂർണമായും ഇളകിമാറി. മിക്കയിടത്തും കുഴികൾ. മഴ പെയ്തതോടെ റോഡ് ചെളിക്കുളമായി. കുഴികൾ ഇപ്പോൾ വലുതായി. ഇരുചക്രവാഹന യാത്രക്കാർ ഇതിൽ വീണാൽ ജീവന് വരെ ആപത്തുണ്ടാകും. മറ്റ് വാഹനങ്ങൾക്ക് കേടുപാടുണ്ടാകും.
നല്ല നിലവാരത്തിൽ പണിയണം
പാറമടകളിൽ നിന്നുംമറ്റും അമിതഭാരം കയറ്റി ലോറികളും ടിപ്പറുകളും ഈ റോഡ് വഴി നിരന്തരം പായുന്നുണ്ട്. ഇതാണ് റോഡ് പെട്ടെന്ന് തകരാനുള്ള കാരണമെന്ന് നാട്ടുകാർ പറയുന്നു.അതുകൊണ്ടുതന്നെ പേരിന് അറ്റകുറ്റപ്പണി നടത്തിയാൽ റോഡ് പെട്ടെന്ന് തകരും. ബി.എം.ബി.സി. നിലവാരത്തിൽ റോഡ് പുനർനിർമിക്കണം.
തേക്കിൻകൂട്ടം-മാരാംപാറ പാതയുടെ ഭാഗമാണ് ഈ റിങ് റോജ. ആറ് കിലോമീറ്ററാണ് ദൂരം.ബി.എം.ബി.സി. നിലവാരത്തിൽ പണിയണമെങ്കിൽ 10.5 കോടി രൂപ ചെലവ് വരുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്ക്. അടുത്ത ബജറ്റിൽ ഇതിനാവശ്യമായ തുക വകയിരുത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. എത്രയും പെട്ടെന്ന് റോഡ് നന്നാക്കി ദുരിതം അവസാനിപ്പിക്കണം.