പന്നിയാറിൽ ഒഴിപ്പിക്കപ്പെട്ട 15 കുടുംബങ്ങൾ ദുരിതത്തിൽ

രാജാക്കാട് : പന്നിയാർ പുഴ കൈയേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി വീടുകളും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെട്ട് ദുരിതത്തിലായ 15 കുടുംബങ്ങൾക്ക് പുനരധിവാസം ഇനിയും അകലെ. പുനരധിവാസം ഉറപ്പാക്കണമെന്ന ആവശ്യവുമായി വില്ലേജ് ഓഫീസിലേക്ക് അവർ പ്രതിഷേധ മാർച്ച് നടത്തി. ഒഴിപ്പിക്കൽ നടപടി പൂർത്തിയായി ആറുമാസം പിന്നിട്ടിട്ടും പുനരധിവാസ വാഗ്ദാനം നടപ്പായിട്ടില്ല.
നിലവിൽ ഈ കുടുംബങ്ങൾ വാടകവീടുകളിലാണ് താമസിക്കുന്നത്. വാടകയിനത്തിൽ പഞ്ചായത്ത് പ്രതിമാസം 4,000 രൂപ നൽകുന്നുണ്ടെങ്കിലും ഇതുകൊണ്ട് ജീവിതപ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല. കുഞ്ഞുകുട്ടികളും പ്രായമായവരും വിവിധ രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവരുമുള്ള കുടുംബങ്ങളുണ്ട്.
ശാന്തൻപാറ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ആർ. ജയൻ മാർച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ പ്രിയദർശിനി, സിനി ഷിജു, പാസ്റ്റർ ഡേവിഡ് സെൽവം എന്നിവർ സംസാരിച്ചു.