മണ്ഡലകാലം പടിവാതിൽക്കൽ; റോഡാണെങ്കിൽ കുളവും

വണ്ടിപ്പെരിയാർ : മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി. പരന്പരാഗത കാനനപായിലേക്കുള്ള പ്രധാന പാതയായ അരണക്കൽ-സത്രം റോഡിൽ നിറയെ അപകടക്കുഴികൾ മാത്രം. കൂടാതെ വിനോദ സഞ്ചാരികൾ സത്രം വ്യൂ പോയിന്റിൽ പോയി തിരികെവരുന്ന റോഡും ഇതുതന്നെയാണ്.
റോഡ് നന്നാക്കാൻ സർക്കാർ അഞ്ച് കോടി രൂപയുടെ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 13 കിലോമീറ്റർ നന്നാക്കാനാണ് ഈ തുക പ്രഖ്യാപിച്ചത്. അഡ്വ. സിറിയക് തോമസ് എം.എൽ.എ.യുടെ ശ്രമഫലമായായിരുന്നു നടപടി.
പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. എന്നാൽ, മറ്റ് നടപടികൾ പൂർത്തിയാക്കി തീർഥാടനം തുടങ്ങും മുമ്പ് വഴി നന്നാക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല. തീർഥാടനം ദുരിതമാകുമെന്ന് ചുരുക്കം.
വർഷങ്ങളുടെ ദുരിതം
വർഷങ്ങൾക്കുമുമ്പ് പൊതുമരാമത്ത് വകുപ്പിന്റെ ഒറ്റത്തവവണ തീർപ്പാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് വീതികൂട്ടി നവീകരിച്ചിരുന്നു.
എന്നാൽ, ഈ പദ്ധതിയിലൂടെ നിർമിക്കുന്ന റോഡുകൾ പൊതുമരാമത്ത് വകുപ്പിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്താൻ കഴിയാത്തതിനാൽ പതിവ് അറ്റകുറ്റപ്പണികൾക്കായി ഫണ്ട് അനുവദിക്കുന്നതിലും തടസ്സമുണ്ടായി. കാലക്രമേണ റോഡ് പൂർണമായും തകർച്ചയിലായി.
രണ്ട് വർഷം മുമ്പ് പഞ്ചായത്ത് 30 ലക്ഷം രൂപ ചെലവഴിച്ച് റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതിനുപിന്നാലെ ജില്ലാ പഞ്ചായത്തിന്റെ മുൻ ഭരണസമിതി റോഡ് നിർമാണത്തിനായി 50 ലക്ഷം രൂപ അനുവദിച്ചു. എന്നാൽ, രണ്ട് മണ്ഡലക്കാലം പിന്നിട്ടിട്ടും നിർമാണം പൂർത്തിയായില്ല.
നാട്ടുകാരുടെയും അരണക്കൽ ദേവാലയത്തിലെ ഇടവകാംഗങ്ങളുടെയും പ്രതിഷേധം ശക്തമായതോടെയാണ് കരാറുകാരൻ റോഡിന്റെ ചിലഭാഗങ്ങളിൽ കുത്തിപ്പൊളിക്കൽ നടത്തിയത്. ഇതോടെ ഗതാഗതം കൂടുതൽ ദുഷ്കരമായി.
ജില്ലാ പഞ്ചായത്ത് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചുള്ള നിർമാണം ഏകദേശം 700 മീറ്റർ ദൂരം മാത്രമാണുള്ളത്. റോഡിന്റെ ശേഷിക്കുന്ന ഭാഗങ്ങളിലെ ദുരവസ്ഥയ്ക്ക് ഇതുവരെ പരിഹാരമായിട്ടില്ല.
നിർമാണം നടത്താതെ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കരാറുകാരൻ പലതവണ ജില്ലാ പഞ്ചായത്ത് ഭരണസമിതിയെ സമീപിച്ചിരുന്നതായും വിവരമുണ്ട്.
എന്നാൽ, നിർമാണം നടത്താതെ മറ്റ് നടപടികളിലേക്ക് കടക്കാനാവില്ലെന്ന നിലപാടാണെന്ന് ജില്ലാ പഞ്ചായത്തംഗം മണിമേഖല വ്യക്തമാക്കിയത്.
വെള്ളിയാഴ്ച ഉപരോധം
മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് അരണക്കൽ-സത്രം റോഡിന്റെ നിർമാണം ആരംഭിച്ച് പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം വള്ളക്കടവ്, മഞ്ചുമല ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ റോഡ് ഉപരോധിക്കും. വർഷങ്ങളായി തുടരുന്ന ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അഞ്ച് കോടി രൂപയുടെ പദ്ധതി യാഥാർഥ്യമാകുന്നതുവരെ തകർന്ന റോഡിലൂടെ യാത്ര ചെയ്യേണ്ടിവരുന്നവരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ അടിയന്തര നടപടികൾ വേണമെന്ന ആവശ്യവും ഉയരുന്നു.