അപകടം അടഞ്ഞ അധ്യായം

രാജാക്കാട് : രാജാക്കാട് ടൗണിൽ അപകടഭീഷണി ഉയർത്തിയ ഓടയിലെ ഗർത്തം അടച്ച് പൊതുമരാമത്ത് വിഭാഗം. അപകട വിവരം മാതൃഭൂമി വാർത്തയാക്കിയതിനെ തുടർന്നാണ് നടപടി. റോഡിന്റെ സമീപത്തെ ഓടയിൽ രൂപപ്പെട്ടിരുന്ന വലിയ ഗർത്തത്തിൽ ഗ്രില്ല് സ്ഥാപിച്ച് കുഴി സുരക്ഷിതമായി അടച്ചു.

കഴിഞ്ഞ ദിവസം ചരക്കുമായി എത്തിയ പിക്കപ്പ് ജീപ്പ് ഓടയിലേക്ക് വീണ് ചരിഞ്ഞതോടെയാണ് ടൗണിലെ അപകടകരമായ ഗർത്തം ശ്രദ്ധയിൽപ്പെട്ടത്.

ഇതുസംബന്ധിച്ച് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഗർത്തത്തിൽ ഒരു കുട്ടി വീണ സംഭവവും നേരത്തേ ഉണ്ടായിരുന്നതായി സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർ വ്യക്തമാക്കിയിരുന്നു.

വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊതുമരാമത്ത് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുകയായിരുന്നു.

ഓടയിലെ ഗർത്തത്തിൽ ഗ്രില്ല് സ്ഥാപിച്ചതോടെ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായിരുന്ന സാഹചര്യം ഒഴിവായി.

ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് വ്യാപാരികളും നാട്ടുകാരും.