തൊടുപുഴയിൽ മെത്തനിർമാണശാലയിൽ വൻതീപിടിത്തം

തൊടുപുഴ : മെത്ത നിർമാണശാലയിൽ ആളിപ്പടർന്ന തീയിൽ യന്ത്രങ്ങളും അസംസ്കൃതവസ്തുക്കളും ഉൾപ്പെടെ കത്തിനശിച്ച് വലിയ നാശനഷ്‌ടം.
കോലാനി പഞ്ചവടിപ്പാലത്തിനു സമീപം പ്രവർത്തിക്കുന്ന മാർവൽ മാട്രസ് ആൻഡ് ഫർണിച്ചർ എന്ന സ്ഥാപനത്തിലാണ് ഞായറാഴ്ച രാവിലെ 9.30-ഓടെ വൻ തീപിടിത്തമുണ്ടായത്. ഏകദേശം ഒന്നരക്കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ഷോട് സർക്കീറ്റാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച ജീവനക്കാരില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അറ്റകുറ്റപ്പണികൾക്കായി ഏതാനും തൊഴിലാളികൾ മാത്രമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്.
ഇവരാണ് തീപിടിത്തം ആദ്യം കണ്ടതും വിവരം അധികൃതരെ അറിയിക്കുകയും ചെയ്തത്.
ഫാക്ടറിയിലെ മെത്തനിർമാണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. മെത്ത നിർമാണത്തിനുപയോഗിക്കുന്ന യന്ത്രങ്ങൾ, ചകിരി, സ്പോഞ്ച് തുടങ്ങിയ വസ്തുക്കൾ തീയിൽ പൂർണമായും കത്തിനശിച്ചു. തീ പടർന്നതിനെ തുടർന്ന് ഷീറ്റ് മേൽക്കൂര തകർന്നുവീണു. കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വയറിങ്ങും കത്തിനശിച്ചു.
സ്പോഞ്ചും ചകിരിയും ഉൾപ്പെടെയുള്ള തീപിടിക്കാൻ സാധ്യതയേറിയ വസ്തുക്കൾ വൻതോതിൽ ഉണ്ടായിരുന്നതിനാൽ തീയണയ്ക്കുന്നത് അഗ്നിരക്ഷാസേനയ്ക്ക് വെല്ലുവിളിയായി. തൊടുപുഴ, കൂത്താട്ടുകുളം, മൂലമറ്റം, കല്ലൂർക്കാട് എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി ഏകദേശം മൂന്ന് മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
വിവിധ വിഭാഗങ്ങളിലായി നിരവധി തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനമാണിത്. മെത്തനിർമാണ വിഭാഗത്തിലാണ് പ്രധാനമായും നാശനഷ്ടമുണ്ടായത്.
സംഭവത്തിൽ വിശദമായ പരിശോധനയും തുടർനടപടികളും നടക്കും.