സങ്കടക്കടലായി മുതലക്കോടം

പ്രതീക്ഷയും വേദനയും

തൊടുപുഴ : രക്ഷിക്കാനാകുമെന്ന പ്രതീക്ഷയോടെ കോൺക്രീറ്റ് സ്ലാബിനടിയിൽ നിന്ന് തൊഴിലാളികളെ പുറത്തെടുക്കാൻ ശ്രമിക്കുമ്പോഴും മരണത്തിന്റെ ഭീകരത മുന്നിലുണ്ടായിരുന്നു. ജോയിയെ ആദ്യം കണ്ടപ്പോൾ ആ കാഴ്ച വിശ്വസിക്കാനായില്ല. ഒരു കാൽ പുറത്തേക്കും ഉടൽഭാഗം സ്ലാബിനടിയിലും. അപകടത്തിന്റെ ഭീകരത മുന്നിൽ. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ജീവനക്കാർ മറ്റു തൊഴിലാളികളുടെ സഹായത്തോടെ സ്ലാബിന്റെ ഒരുവശം ഉയർത്തി ശരീരം പുറത്തേക്ക് വലിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഒരു നിമിഷം കാലിൽ ചെറിയൊരു പിടച്ചിൽ അനുഭവപ്പെട്ടപോലെ തോന്നി-അവരുടെ വാക്കുകളിൽ ദുരന്തത്തിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല.

ജീവനുണ്ടാകുമോ എന്ന പ്രതീക്ഷയായിരുന്നു പിന്നീടുള്ള ഓരോ ശ്രമത്തിനും കരുത്ത്. ജോയിയെ പുറത്തെടുക്കുമ്പോഴേക്കും അഗ്നിരക്ഷസേനയും സ്ഥലത്തെത്തി. സ്ലാബ് പൂർണമായി ഉയർത്തി പരിശോധിച്ചപ്പോഴാണ് അനൂപിനെ കണ്ടത്. അരയ്ക്കുതാഴെ ശരീരം വേർപെട്ടനിലയിൽ. രക്ഷിക്കാനുള്ള എല്ലാ പ്രതീക്ഷകൾക്കും മുന്നിൽ ആ കാഴ്ച തീരാനൊമ്പരമായി.

അപകടവിവരം അറിഞ്ഞ് ഓടിയെത്തിയവർക്ക് പിന്നിലെ സംഭവസ്ഥലത്തേക്കുള്ള വഴി കാണിച്ചുകൊടുത്തത് സാൻജോ ഭവന്റെ വരാന്തയിലിരുന്ന രണ്ടുപേരായിരുന്നു. പിന്നീട് അവിടെ നിറഞ്ഞത് ജീവൻ രക്ഷിക്കാനായില്ലെന്ന നിശ്ശബ്ദമായവേദന. എല്ലാം അവസാനിച്ചപ്പോൾ തകർന്ന കോൺക്രീറ്റ് കഷ്ണങ്ങൾക്കിടയിൽ രക്തംപുരണ്ട ഒരു തോർത്തും അതിനരികിൽ ആരുടേതെന്ന് പോലും അറിയാത്ത ഒരു ചെരിപ്പും. കാഴ്ച കണ്ടുനിന്നവരുടെ മനസ്സിൽ നഷ്ടപ്പെട്ട ജീവനുകളുടെ ഓർമ്മയും.

ഓടിയെത്തി ജനപ്രതിനിധികൾ

മുതലക്കോടത്തെ നടുക്കിയ ദുരന്തവിവരം അറിഞ്ഞ് ജനപ്രതിനിധികളും ഓടിയെത്തി. രണ്ട് ജീവനുകൾ നഷ്ടപ്പെടുകയും രണ്ടുപേർക്ക്‌ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തെന്ന വാർത്തയുടെ ഞെട്ടലിനിടെയാണ് ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, നഗരസഭ ചെയർപേഴ്‌സൺ സാബിറ ജലീൽ എന്നിവർ സംഭവസ്ഥലത്തേക്ക് എത്തിയത്.

വൈകീട്ട് ഏഴോടെ ജില്ലയിലുണ്ടായിരുന്ന വൈദ്യുതിമന്ത്രി സണ്ണി ജോസഫ് ആശുപത്രിയിലേക്ക് എത്തി. ചികിത്സയിൽ കഴിയുന്ന തൊഴിലാളികളുടെ അരികിലെത്തി ആരോഗ്യനില ചോദിച്ചറിഞ്ഞു. ഓരോ നിമിഷവും നിർണായകമായിരിക്കെ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ശ്രമകരമായ രക്ഷാപ്രവർത്തനം

തൊടുപുഴ : അപകടമറിഞ്ഞ് അഗ്നിരക്ഷാസേന സ്ഥലത്ത് പാഞ്ഞെത്തിയെങ്കിലും രക്ഷാപ്രവർത്തനം ദുർഘടമായി. വലിയ കോൺക്രീറ്റ് സ്ലാബാണ് വീണത്. അതിനാൽ അവ നീക്കംചെയ്ത് അകപ്പെട്ടവരെ രക്ഷപ്പെടുത്തുക എന്നത് ശ്രമകരമായി.

ഓരോ നിമിഷം വൈകും തോറും മരണസാധ്യത കൂടുമെന്നതിനാൽ അതിവേഗമായിരുന്നു പ്രവർത്തനം. പക്ഷേ, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ ശ്രമം ഏറെ നേരം നീണ്ടു. ജാക്ക് ഹാമർ വെച്ച് കോൺക്രീറ്റ് പൊട്ടിച്ച് എല്ലാവരെയും പുറത്തെടുത്തു. എന്നാൽ, ജോയിയെയും അനൂപിനെയും രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ഗോവിന്ദരാജിനെയും നിതിൻ മണ്ഡലിനെയും ആശുപത്രിയിലെത്തിച്ചു. അപകടസമയത്ത് ആകെ ആറുപേരാണ് സ്ഥലത്ത് ജോലി ചെയ്തിരുന്നത്.

അതിൽ രണ്ടുപേർ വെള്ളം കുടിക്കാൻ പോയിരുന്നതിനാലാണ് വലിയ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ചിലർ രക്ഷപ്പെട്ടപ്പോൾ, മറ്റുചിലരുടെ ജീവിതം അതേ നിമിഷം കോൺക്രീറ്റ് കൂമ്പാരത്തിനടിയിൽ അവസാനിച്ചു. മുതലക്കോടം കേട്ട ആ വലിയ ശബ്ദം ഒരു സ്ലാബ് തകർന്നുവീണതിന്റേത് മാത്രമായിരുന്നില്ല, രണ്ട് കുടുംബങ്ങളുടെ പ്രതീക്ഷകൾ തകർന്നുവീണ ശബ്ദം കൂടിയായിരുന്നു.

പാലിച്ചോ സുരക്ഷ

തൊടുപുഴ : പതിവിലും തിരക്കിലായിരുന്ന മുതലക്കോടം തിങ്കളാഴ്ച വൈകീട്ട് വലിയൊരു ശബ്ദംകേട്ട് ഞെട്ടി. എന്താണ് സംഭവിച്ചതെന്നറിയാതെ നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് ഹൃദയം തകർക്കുന്ന കാഴ്ച. പൊളിച്ചുകൊണ്ടിരുന്ന പഴയ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് തൊഴിലാളികൾ അതിനടിയിൽ കുടുങ്ങിക്കിടക്കുന്നു. രക്ഷപ്പെടാൻ സമയം കിട്ടുംമുമ്പേ സ്ലാബിനടിയിൽപ്പെട്ട നാലുപേർ.

മുകളിലെ കെട്ടിടത്തിന്റെയും മര ഉരുപടികളുടെയും ഭാഗങ്ങൾ നീക്കംചെയ്യുന്നതിനിടെ ഏകദേശം 50 മീറ്റർ നീളമുള്ള സ്ലാബ് ഒന്നാകെ തകർന്നുവീണതാണ് ദുരന്തത്തിന് വഴിവച്ചത്.

കെട്ടിടം പൊളിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ എത്രത്തോളം പാലിച്ചിരുന്നുവെന്ന ചോദ്യം ഉയർത്തുന്നതാണ് അപകടം.

പഴക്കമേറിയ കെട്ടിടത്തിന്റെ ഘടനാപരമായ സുരക്ഷ വിലയിരുത്താതെയും സ്ലാബിന് ആവശ്യമായ താങ്ങുകൾ ഉറപ്പാക്കാതെയും ഘട്ടംഘട്ടമായി പൊളിക്കൽ നടത്തിയതാണോ അപകടത്തിന് വഴിവച്ചതെന്നതും പരിശോധിക്കേണ്ടതുണ്ട്.

മുകളിൽനിന്ന് താഴേക്ക് നിയന്ത്രിതമായി പൊളിക്കേണ്ട ഘടനകൾക്കിടയിൽ സ്ലാബ് ഒന്നാകെ ഇടിഞ്ഞുവീണത് പൊളിക്കൽ നടപടികളിലെ അശാസ്ത്രീയതയിലേക്കാണ് വിരൽചൂണ്ടുന്നത്.