തീർഥാടകരുടെ വാഹനങ്ങളെ കുരുക്കരുത്; പാതയോരത്തെ പാർക്കിങ്ങും പാടില്ല

കുട്ടിക്കാനം : കുമളി അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താനും റോഡരുകിലെ അനധികൃത പാർക്കിങ് കർശനമായി നിയന്ത്രിക്കാനും ജില്ലാ പോലീസ് മേധാവി എ. നസീം നിർദേശിച്ചു. മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കുട്ടിക്കാനം മരിയൻ കോളേജിൽ ചേർന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതര സംസ്ഥാനങ്ങളിൽനിന്ന് റോഡുമാർഗം ഏറ്റവും കൂടുതൽ തീർഥാടകരെത്തുന്ന മേഖലയാണിതെന്നും പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ചയോ, പരാതികളോ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അയ്യപ്പഭക്തരെ ‘സ്വാമീ’ എന്നുമാത്രമേ സംബോധന ചെയ്യാവൂ. ഭക്തർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ പോലീസ് സേന സദാ സജ്ജമായിരിക്കണമെന്നും പറഞ്ഞു.

അഡീഷണൽ പോലീസ് സൂപ്രണ്ട് സാം ജോസ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. രാജൻ കെ.അരമന, പീരുമേട് ഡിവൈ.എസ്.പി. പി.എസ്. ഷിജു, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. വി. കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു. പോലീസ് സേന സംഘടിപ്പിച്ച ‘കൊക്കൂൺ സമ്മിറ്റ്’ സൈബർ ബോധവത്കരണ പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾക്ക് പ്രശംസാപത്രവും കൈമാറി.