നെല്ലാപ്പാറയിൽ കല്ലുംനെല്ലും തിരിച്ചു

കരിങ്കുന്നം : തൊടുപുഴ-പാലാ സംസ്ഥാനപാതയിൽ ഏറെ അപകടങ്ങൾ വിതച്ച കരിങ്കുന്നം നെല്ലാപ്പാറ കുരിശുപള്ളി വളവിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ ശക്തമാക്കി അധികൃതർ. വാഹനാപകടങ്ങൾ പതിവായി നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യത്തെ തുടർന്നാണ് ഇപ്പോൾ നടപടിയുണ്ടായത്.
കെ.എസ്.ടി.പി. യുടെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഡ്രൈവർമാരുടെ ശ്രദ്ധ ഉറപ്പാക്കുന്നതിനും വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനുമായി കെ.എസ്.ടി.പി. അധികൃതർ റോഡിൽ സ്പീഡ് ബ്രേക്കിങ് സ്ട്രിപ്പുകളും (റംബിൾ സ്ട്രിപ്പ്) റബ്ബർ ഡിവൈഡറുകളും സ്ഥാപിച്ചു. ഇതിനുപുറമേ, നെല്ലാപ്പാറ മുതൽ സമീപത്തെ ആശുപത്രി വരെയുള്ള ഭാഗങ്ങളിൽ 15-ഓളം മുന്നറിയിപ്പ് ബോർഡുകൾ കരിങ്കുന്നം പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
രാത്രികാലങ്ങളിൽ വളവുകളിൽ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനായി മിനി മാസ്റ്റ് ലൈറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.
പുതിയ സുരക്ഷാ സംവിധാനങ്ങൾ നിലവിൽ വന്നതോടെ മേഖലയിലെ അപകടങ്ങൾക്ക് വലിയൊരു അളവുവരെ ശമനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും യാത്രക്കാരും. നെല്ലാപ്പാറയിലെ അപകടാവസ്ഥ മാതൃഭൂമി പലപ്രാവശ്യം വാർത്തയാക്കിയിരുന്നു.