കലുങ്ക് ഒരു സങ്കൽപ്പംമാത്രം, റോഡുകൾ ചെളിക്കുളം

ചക്കുപള്ളത്ത് വീടുകളിലേക്കും മലിനജലം ഒഴുകിയെത്തുന്നു

ചക്കുപള്ളം : കനത്ത മഴയിൽ ചക്കുപള്ളം മേഖലയിലെ ഗ്രാമീണറോഡുകൾ ചെളിക്കുഴിയായി. വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്.

അണക്കര മുതൽ ചെല്ലാർകോവിൽ വരെ മഴവെള്ളം ഒഴുകിപ്പോകാൻ നിർമിച്ചിരുന്ന കലുങ്കുകൾ ഇല്ലാതായതാണ് പ്രശ്നങ്ങൾക്ക് കാരണം. വർഷങ്ങൾക്കുമുൻപ് നിർമിച്ച കലുങ്കുകൾ പലതും ചെളിയും മാലിന്യവും കയറി അടഞ്ഞുപോയി. ചിലയിടത്ത് കലുങ്ക് വ്യക്തികൾ മണ്ണിട്ട് നികത്തി.

ഇതോടെ ശക്തമായ മഴപെയ്യുമ്പോൾ വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാതെ റോഡിലൂടെ തന്നെ കുത്തിയൊഴുകുന്നു. കൂടാതെ റോഡ് തകർന്നുകിടക്കുകയാണ്. വലിയ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നു. പലയിടത്തെയും റോഡിന്റെ അശാസ്ത്രീയ നിർമാണവും പ്രതിസന്ധിയിലാക്കുന്നുണ്ട്.

കഴിഞ്ഞദിവസം വൈകീട്ട് പെയ്ത ശക്തമായ മഴയിൽ റോഡിൽ വെള്ളം കെട്ടി സമീപത്തെ വീട്ടുമുറ്റങ്ങളിലേക്ക് ഒഴുകി.

ചാണകവും മറ്റും കലർന്ന മലിനജലം മുറ്റത്തും വീടുകളുടെ പോർച്ചിലും മറ്റും കെട്ടിക്കിടക്കുന്നു. അഴുക്കുവെള്ളത്തിലൂടെയല്ലാതെ വീടുകളിലേക്ക് കയറാൻ പറ്റില്ല.

റോഡരികിലെ കലുങ്കുകൾ പൂർവസ്ഥിതിയിലാക്കി മഴവെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള നടപടികൾ തദ്ദേശഭരണസ്ഥാപനങ്ങളും പൊതുമരാമത്തുവകുപ്പും സ്വീകരിക്കണമെന്നാണ് ആവശ്യം. കലുങ്കുകൾ നികത്തുകയും നശിപ്പിക്കുകയും ചെയ്യുന്നവർക്കെതിരേ കർശന നിയമനടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.