യു.ഡി.എഫ്. പിന്തുണച്ചു; ഉപ്പുതറ ഇനി സ്വതന്ത്ര ഭരിക്കും

ഉപ്പുതറ : യു.ഡി.എഫ്. പിന്തുണയോടെ സ്വതന്ത്ര ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റായി. കാക്കത്തോട് വാർഡിൽനിന്ന് വിജയിച്ച രമണി രൂപേഷാണ് പുതിയ പ്രസിഡന്റ്. തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എം. പ്രതിനിധി ജിസാമോൾ നോബറിനെയാണ് തോൽപ്പിച്ചത്.
രമണിയുടെ പേര് ആർ.എസ്.പി. പ്രതിനിധി ജി. മുരുകയ്യ നിർദേശിച്ചു. കോൺഗ്രസ് പ്രതിനിധി ടി. ശിവൻകുട്ടി പിന്താങ്ങി. തുടർന്ന് നടന്ന വേട്ടെടുപ്പിൽ രമണിക്ക് ഒൻപതും, ജിസാമോൾക്ക് എട്ട് വോട്ടും ലഭിച്ചു. ബി.ജെ.പി. പ്രതിനിധി നിഷ പ്രദീപ് യോഗത്തിൽ പങ്കെടുത്തില്ല. 18 അംഗ ഭരണസമിതിയിൽ യു.ഡി.എഫ്. എട്ട്, എൽ.ഡി.എഫ്. എട്ട്, ബി.ജെ.പി. ഒന്ന്, സ്വതന്ത്ര ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. സ്വതന്ത്രയായി വിജയിച്ച രമണി രൂപേഷിന് വൈസ് പ്രസിഡന്റ് പദം നൽകി ഷീലരാജനെ പ്രസിഡന്റാക്കി നേരത്തെ എൽ.ഡി.എഫ്. ഭരണംപിടിച്ചു.
തുടക്കം മുതൽ പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം മുതലെടുത്ത് യു.ഡി.എഫ്. പ്രസിഡന്റിനെതിരേ അവിശ്വാസപ്രമേയം നൽകി. വൈസ് പ്രസിഡന്റും ബി.ജെ.പി. അംഗവും അനുകൂലിച്ചതോടെ 10-8-ന് അവിശ്വാസം പാസായി. തുടർന്നാണ് തിങ്കളാഴ്ച പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. പീരുമേട് ഭൂരേഖ തഹസിൽദാർ ഹരീന്ദ്രനാഥ് ആയിരുന്നു വരണാധികാരി. തുടർന്ന് രമണി രൂപേഷ് സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു.