ഒടുങ്ങാത്ത ഭീതി, പിന്നെ വിശദീകരണം...

ഉത്തരവും കത്തുമുണ്ടാക്കിയ പൊല്ലാപ്പുകൾ
മലയോരത്തിന്റെ ഭീതി അകറ്റാൻ കേവലം വിശദീകരണങ്ങളും മറുപടികളും മതിയോ...?
തൊടുപുഴ : ഒരാഴ്ചത്തെ ഇടവേളയിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഒരു ഉത്തരവ്, മറ്റൊരു കത്ത്. ഇടത്തീപോലെവന്ന ഈ രണ്ട് രേഖകളും മലയോരത്തെ നന്നായി പേടിപ്പിച്ചു.
വന്യജീവികളുടെ സഞ്ചാരപഥത്തിലെ വേലി ഉൾപ്പടെയുള്ള അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കുമെന്നായിരുന്നു ഉത്തരവ്. വനമേഖലയോട് ചേർന്നുള്ള തോട്ടങ്ങളിലെ രാത്രി സഞ്ചാരം നിരോധിക്കണം എന്നായിരുന്നു കത്ത്.
രണ്ടും വിവാദമായപ്പോൾ വിശദീകരണവുമായി ജില്ലാഭരണകൂടം രംഗത്തെത്തി. കത്തിൽ മാറ്റംവരുത്തി വീണ്ടും ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷന് അയച്ചു.
ജനങ്ങൾക്ക് ദോഷകരമായ ഒന്നുംതന്നെ ഉത്തരവിലും കത്തിലും ഇല്ലെന്നും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടന്നുവെന്നുമാണ് വിശദീകരണം. പുതുതായി ഒരു വിശദീകരണക്കത്തും കളക്ടർ, മൂന്ന് പ്ലാന്റേഷൻ ഡയറക്ടർമാർക്ക് അയച്ചിട്ടുണ്ട്.
മലയോരത്തിന്റെ ഭീതി ഒഴിയാൻ ഈ മറുപടി മതിയാകുമോ?
പട്ടയഭൂമിയിൽ തൊടില്ല
സെപ്റ്റംബറിൽ രണ്ട് ജീവനുകളാണ് കാട്ടാനക്കലിയിൽ പൊലിഞ്ഞത്. രണ്ടും ചിന്നക്കനാൽ മേഖലയിൽപ്പെട്ട പഞ്ചായത്തുകളിൽ.
ഇവിടെ പരിശോധന നടത്തിയപ്പോൾ ആനകളുടെ സഞ്ചാരപാതകളിൽ അനധികൃതമായി ഉരുക്ക് വേലികൾ ഉൾപ്പെടെ കെട്ടിയിട്ടുണ്ടെന്ന് മനസ്സിലായി. ഇത്തരം കൈയേറ്റങ്ങൾമൂലം ആനത്താരകൾ തടസ്സപ്പെട്ടതാണ് പ്രശ്‌നത്തിന് കാരണമെന്ന് ബോധ്യമായതിനെ തുടർന്നാണ് ഇവ പൊളിച്ചുനീക്കാൻ തീരുമാനിച്ചതെന്ന് ജില്ലാ ഭരണകൂടം പറയുന്നു. നാട്ടുകാരും ഇക്കാര്യം ആവശ്യപ്പെട്ടുവെന്നും കളക്ടർ പറയുന്നുണ്ട്.
പട്ടയഭൂമികളിലെ വേലികളോ നിയമപ്രകാരം ഉള്ള നിർമിതികളോ തൊടില്ലെന്ന് കളക്ടർ ഉറപ്പ് നൽകുന്നുണ്ട്. അങ്ങിനെ എന്തെങ്കിലും ഉണ്ടായാൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കും.
സർക്കാർ ഭൂമിയിലെ അനധികൃത നിർമാണങ്ങളാണ് ഒഴിവാക്കുന്നതെന്ന് കളക്ടർ പറഞ്ഞു. ചിന്നക്കനാൽ മേഖലയിലെ സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ച കെട്ടിടങ്ങളും റിസോർട്ടുകളും കൂറ്റൻ മരങ്ങളിൽ കെട്ടിയ ഉരുക്കുവേലികളുമൊക്കെ പൊളിച്ചുനീക്കുമെന്നും കളക്ടർ പറയുന്നു.
സുരക്ഷയും ജീവനും മുഖ്യം
വനമേഖലയോടുചേർന്ന് കിടക്കുന്ന തോട്ടങ്ങളിലെ ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് ഡയറക്ടറേറ്റ് ഓഫ് പ്ലാന്റേഷന് കത്തയച്ചതെന്നും വിശദീകരിക്കുന്നു.
തോട്ടങ്ങളിലെ ജോലി സമയം രാത്രികാലങ്ങളല്ല. രാത്രികാലങ്ങളിൽ എവിടെയെങ്കിലും ജോലി ചെയ്യിപ്പിക്കുന്നുണ്ടെങ്കിൽ അത് പാടില്ലെന്നാണ് നിർദേശം നൽകിയത്. വെളിച്ചമില്ലാത്തപ്പോൾ തോട്ടങ്ങളിൽ പ്രവേശിക്കുന്നതും അപകടമാണ്.
കൂടാതെ രാത്രി ജാഗ്രത വേണം. അനാവശ്യമായ യാത്രകൾ ഒഴിവാക്കണം. അല്ലാതെ ആരും പുറത്തിറങ്ങാൻ പാടില്ലെന്ന് നിർദേശിച്ചിട്ടില്ലെന്നും ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു. അതൊരു ഉത്തരവല്ല. കത്താണെന്നും കളക്ടർ പറയുന്നു.
എല്ലാം വ്യക്തമല്ല, അതാണ് പ്രശ്‌നം
: ഉത്തരവാണെങ്കിലും കത്താണെങ്കിലും അതിലെ അവ്യക്തതകൾ തന്നെയാണ് പ്രശ്‌നമായത്. വന്യജീവികളുടെ സ്വാഭാവിക സഞ്ചാരപാതകൾ തടസ്സപ്പെടുത്തുന്ന വേലികൾ ഉൾപ്പടെയുള്ള അനധികൃത നിർമാണം പൊളിക്കണമെന്നായിരുന്നു ഉത്തരവ്.
ലോറെയ്‌ഞ്ചെന്നോ, ഹൈ റെയ്ഞ്ചെന്നോ ഇല്ലാതെ എല്ലായിടത്തും കാട്ടാനകൾ പതിവായെത്തുന്നുണ്ട്. വേലികൾ കെട്ടിയാൽപോലും കൃഷിയിടങ്ങളിൽ ഇവ കടന്ന് പ്രശ്‌നമുണ്ടാക്കുന്നുമുണ്ട്. അപ്പോഴാണ് വേലി പൊളിക്കണമെന്ന ഉത്തരവിറങ്ങുന്നത്.
എവിടെയൊക്കെയാണ് വന്യജീവികളുടെ സ്വാഭാവിക സഞ്ചാരപാത? പതിവായി വന്യജീവികളിറങ്ങി ശല്യമുണ്ടാക്കുന്ന സ്ഥലങ്ങളെല്ലാം സഞ്ചാരപാതയായി വനംവകുപ്പ് കണക്കാക്കുമോ? വേലി പൊളിച്ചുകഴിഞ്ഞാൽ പിന്നെയെന്താണ് സുരക്ഷ?
കൂടാതെ, ഒരു യോഗംചേർന്ന് പെട്ടെന്ന് ഇറക്കിയ ഒരു ഉത്തരവായിരുന്നു. ഇത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാക്കുമാത്രം കേട്ട് പുറത്തിറക്കിയതാണെന്നും ആരോപണം ഉയർന്നു.
ജനങ്ങളുടെ ആശങ്കകൾക്ക് ഉത്തരവിൽ മറുപടി ഉണ്ടായിരുന്നില്ല. കൃഷിയിടങ്ങളിലേക്ക് വനംവകുപ്പിന്റെ കടന്നുകയറ്റത്തിന് വഴിതെളിക്കാനാണ് ഉത്തരവിറക്കിയെന്നുവരെ സംശയമുയർന്നു.
വനമേഖലയോട് ചേർന്നുള്ള തോട്ടങ്ങളിലെ രാത്രിയാത്ര നിർത്തിവെയ്ക്കണമെന്ന് തന്നെയായിരുന്നു ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷന് അയച്ച കത്തിൽ പറഞ്ഞിരുന്നത്. സംശയമില്ലാതെ രാത്രിയാത്രാ നിരോധനം എന്ന് പറയാം.
ജനങ്ങൾ ഭയപ്പെട്ടതിനെ കുറ്റംപറയാൻ കഴിയുമോ? ഇതെല്ലാം ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശമാണെന്നുള്ളതായിരുന്നു മറ്റൊരു കാര്യം. ലംഘിച്ചാൽ വലിയ ശിക്ഷ നേരിടേണ്ടിവരുമെന്നും ഭീതി ഉയരുകയായിരുന്നു.