ഭിത്തികെട്ടി, സുരക്ഷ ഉറപ്പായി

ഒറ്റമരം- പോതമേട് റോഡിന്റെ സംരക്ഷണഭിത്തി പുനർനിർമിച്ചു
കുഞ്ചിത്തണ്ണി : രണ്ടുവർഷമായി തകർന്നുകിടന്ന റോഡിന്റെ സംരക്ഷണഭിത്തി പുനർനിർമിച്ചു. ഒറ്റമരം- പോതമേട് റോഡിൽ മകയിരം റിസോർട്ടിന്റെ സമീപത്തായാണ് 2024 ജൂലായിൽപെയ്ത കനത്ത മഴയിൽ സംരക്ഷണഭിത്തി തകർന്നത്.
നൂറുകണക്കിന് റിസോർട്ടുകൾ ഉള്ള ഒറ്റമരം, പോതമേട് ഭാഗത്തേക്ക് പതിവായി ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. അവരെല്ലാം ആശ്രയിക്കുന്നത് ഈ ഒറ്റ റോഡിനെയാണ്. ഈ മഴക്കാലത്തിനുമുമ്പ് സംരക്ഷണഭിത്തി പുനർനിർമിച്ചില്ലായിരുന്നെങ്കിൽ റോഡിൽ ഗതാഗതംതന്നെ നിലയ്ക്കുന്ന അവസ്ഥയായിരുന്നു.
ഇത് സംബന്ധിച്ച് മാതൃഭൂമി വാർത്ത നൽകിയിരുന്നു. ഈ വാർത്തയുടെ അടിസ്ഥാനത്തിലാണ് സംരക്ഷണഭിത്തി നിർമാണം നടത്തിയത്. ബലവത്തായ രീതിയിൽ നല്ല വീതിയിലാണ് പി.ഡബ്ല്യു.ഡി. ഫണ്ടുപയോഗിച്ച് സംരക്ഷണഭിത്തിയുടെ നിർമാണം പൂർത്തിയാക്കിയത്.