എലിയെ പേടിച്ച് ഇല്ലംചുടരുതേ...

തൊടുപുഴ : ദീർഘദൂരയാത്രയ്ക്കിടെ വിശന്നാൽ ഒരിടത്ത് വാഹനം നിർത്തി ഭക്ഷണം കഴിക്കാം. ദാഹിച്ചാൽ ഒരുകുപ്പി വെള്ളം വാങ്ങാം. രാത്രി ജോലികഴിഞ്ഞ് മടങ്ങുമ്പോൾ വഴിയോരത്തെ കടയിൽനിന്ന് അൽപം ഭക്ഷണം വാങ്ങാം. എന്നാൽ, രാത്രി പന്ത്രണ്ടുകഴിഞ്ഞാൽ തൊടുപുഴയിൽ ഈ സൗകര്യങ്ങൾ കിട്ടക്കനിയാണ്.

തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായാണ് ഭക്ഷണശാലകളും വ്യാപാരകേന്ദ്രങ്ങളും അർധരാത്രി 12 വരെ മാത്രമേ പ്രവർത്തിക്കാവൂ എന്ന് പോലീസ് ഉത്തരവ് കഴിഞ്ഞ സെപ്റ്റംബർ 21 മുതൽ പ്രാബല്യത്തിലായതോടെയാണ് നഗരത്തിന്റെ രാത്രിജീവിതം വലിയ ചർച്ചയാകുന്നത്. ജനജീവിതത്തെ ബാധിക്കുന്ന നിയന്ത്രണം എത്രത്തോളം പ്രായോഗികമാണ്.

തൊടുപുഴയുടെ രാത്രികാല നിയന്ത്രണം ഉയർത്തുന്ന ചോദ്യം ഇതാണ്. നഗരത്തിലെ ലഹരിവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് താത്കാലിക നിയന്ത്രണംകൊണ്ടുവന്നതെന്നാണ് പോലീസിന്റെ ഭാഷ്യം.

എന്നാൽ, ഈ നിയന്ത്രണംകാരണം വലയുന്നത് അന്നത്തെ ഉപജീവനത്തിനായി വൈകുന്നേരങ്ങളിൽ മാത്രം കടകൾ തുറക്കുന്ന പാവപ്പെട്ട തട്ടുകടക്കാരും യാത്രക്കാർ ഉൾപ്പെടെയുള്ളവരുംമാണ്. കൃത്യമായി പട്രോളിങ്ങും നിരീക്ഷണവും നടത്തുന്നതിന് പകരം ഇത്തരത്തിൽ ഇല്ലംചുടണോ എന്ന് ആരെങ്കിലും ചോദിച്ചാൽ കുറ്റംപറയാൻ കഴിയില്ല.

പ്രധാന ഇടത്താവളം

മൂന്നാറിലേക്കും ഇടുക്കിയിലെ മറ്റ്‌ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും പോകുന്ന വിനോദസഞ്ചാരികൾ പ്രധാനമായും തെക്കൻ ജില്ലകളിൽനിന്നുള്ള യാത്രക്കാർ.

കൂടാതെ കൊച്ചി ഭാഗത്തുനിന്നും ഹൈറേഞ്ചിലേക്കും, മൂവാറ്റുപുഴ, ഭാഗത്തുനിന്ന്‌ പാലാ, പത്തനംതിട്ട, കോട്ടയം ജില്ലയുടെ വിവധഭാഗങ്ങളിലേക്കും യാത്രചെയ്യുന്ന ഒട്ടേറെപ്പേർക്ക് തൊടുപുഴ പ്രധാന ഇടത്താവളമാണ്.

രാത്രികാല കടകൾ ഇവർക്ക് വലിയൊരു ആശ്വാസമാണ്. നഗരത്തിലെത്തി ഭക്ഷണം കഴിച്ച് യാത്ര തുടരാമെന്ന പ്രതീക്ഷയിൽ എത്തുന്നവർക്ക് രാത്രിയിലെ നിയന്ത്രണം തിരിച്ചടിയാകുന്നു. കുടുംബമായും കുട്ടികളുമായും യാത്രചെയ്യുന്നവർക്കും ഭക്ഷണവും കുടിവെള്ളവും തേടി അലയേണ്ടിവരുന്ന സാഹചര്യമുണ്ടാകുന്നു.

വലഞ്ഞ് നൈറ്റ് ഷിഫ്റ്റുകാർ

രാത്രി ഷിഫ്റ്റ് കഴിഞ്ഞിറങ്ങുന്ന തൊഴിലാളികൾ, ആശുപത്രികളിൽ രോഗികൾക്കൊപ്പം കഴിയുന്ന കൂട്ടിരിപ്പുകാർ, ദീർഘദൂര വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ, രാത്രി ജോലിക്കെത്തുന്ന ജീവനക്കാർ തുടങ്ങി സമയബന്ധിതമായി ഭക്ഷണം കഴിക്കാൻ കഴിയാത്തവർക്കും നിയന്ത്രണം കനത്ത ബുദ്ധിമുട്ടുണ്ടാക്കുന്നു. കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസ് സ്റ്റാൻഡ് തുടങ്ങിയ ഇടങ്ങളിൽ എത്തുന്നവരോ തൊടുപുഴയിൽ ആദ്യമായി എത്തുന്നവരോ രാത്രി 12-നുശേഷമാണ് എത്തുന്നതെങ്കിൽ ഭക്ഷണം ലഭിക്കാൻ ഒരു ഇടമില്ല.

ഇരുട്ടിലാക്കരുത് നഗരത്തെ

രാത്രിയിൽ വ്യാപാരകേന്ദ്രങ്ങളും ഭക്ഷണശാലകളും അടയുന്നതോടെ നഗരത്തിലെ ജനത്തിരക്ക് കുറയും.

ആളുകളുടെ സാന്നിധ്യം കുറയുന്ന തെരുവുകളും വിജനമായ വ്യാപാരമേഖലകളും രാത്രികാല സുരക്ഷയുടെ കാര്യത്തിൽ പുതിയ ചോദ്യങ്ങളുയർത്തുന്നു.

അർധരാത്രിക്കുശേഷം നഗരത്തെ വിജനമാക്കുന്നത് മോഷണത്തിനും സമൂഹവിരുദ്ധശല്യത്തിനും സാഹചര്യമൊരുക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

കടകളും ഭക്ഷണശാലകളും പ്രവർത്തിക്കുന്ന സമയത്ത് ജീവനക്കാരും ഉപഭോക്താക്കളും യാത്രക്കാരുമെല്ലാം നഗരവീഥികളിൽ സജീവമായിരിക്കും. ഈ സാന്നിധ്യം ചില മേഖലകളിൽ സ്വാഭാവിക നിരീക്ഷണത്തിനും സഹായകമാകാം.

എന്നാൽ, രാത്രിയിൽ വ്യാപാരസ്ഥാപനങ്ങൾ അടയുകയും ആളുകളുടെ സാന്നിധ്യം കുറയുകയും ചെയ്യുമ്പോൾ വിജനമായ ഇടങ്ങളിൽ സുരക്ഷാവെല്ലുവിളികൾ ഉണ്ടാകാനുള്ള സാധ്യത പരിശോധിക്കേണ്ടതുണ്ട്.

നഗരത്തിൽ ക്രമസമാധാനവും പൊതുസുരക്ഷയും ഉറപ്പാക്കേണ്ടത് പ്രധാനമാണ്. പക്ഷേ, അതിന് കൃത്യമായ ഒരു നിരീക്ഷണസംവിധാനമാണ് ആവശ്യം. നഗരം അടച്ചിട്ടാൽ അതൊരിക്കലും ഒരു പ്രതിവിധിയാകില്ല.

ഉപജീവനത്തെ ബാധിക്കും

രാത്രികാല കച്ചവടം ലക്ഷ്യമിട്ട് നിരവധി തട്ടുകടകൾ, ചെറിയ ചായക്കടകൾ എന്നിവ തൊടുപുഴയിൽ ആരംഭിച്ചിരുന്നു.

ഗാന്ധിസ്‌ക്വയർ, മങ്ങാട്ടുകവല, കോലാനി, വെങ്ങല്ലൂർ എന്നിവടങ്ങളിലെല്ലാം ഇത്തരത്തിൽ കടകളുണ്ടായിരുന്നു. തൊടുപുഴയിൽ തന്നെ വിവിധ മേഖലകളിൽ ജോലിചെയ്യുന്നവരും ഡ്രൈവർമാരും ഇത്തരം കച്ചവടസ്ഥാപനങ്ങളെ ആശ്രയിച്ചിരുന്നു.

എന്നാൽ, രാത്രികാല കച്ചവടനിയന്ത്രണം കാരണം ഇപ്പോൾ ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ സാധിക്കുന്നില്ല. പോലീസ് ഉത്തരവ് ഇത്തരം കച്ചവടക്കാരുടെ ഉപജീവനത്തെപോലും ബാധിച്ചിരിക്കുകയാണ്.

(അവസാനിച്ചു....)