ഇവിടുണ്ടായിരുന്ന റോഡെവിടെ...

തേക്കിൻകാനം ഭാഗത്ത് നാട്ടുകാർ പ്രതിഷേധ ബോർഡ് വെച്ചു
കുഞ്ചിത്തണ്ണി : ഉണ്ടായിരുന്ന റോഡുകൂടി ഇല്ലാതായി. ഗതാഗതം ദുഷ്കരമായതോടെ തേക്കിൻ കാനം നിവാസികൾ റോഡരികിൽ പ്രതിഷേധ ബോർഡ് വെച്ചു.
എല്ലക്കൽ മുതൽ മുല്ലക്കാനം വരെയുള്ള റോഡിൽ തേക്കുംകാനം ഭാഗത്താണ് ഗതാഗത ദുരിതം. നിർമാണത്തിന്റെ ഭാഗമായി ഇവിടെ ഉണ്ടായിരുന്ന റോഡുകൂടി പൊളിച്ചു. ഇപ്പോൾ ഈ ഭാഗത്ത് റോഡ് തകർന്ന് തരിപ്പണമായിക്കിടക്കുകയാണ്.
2023 ജനുവരിയിലാണ് കിഫ്ബി ഹിൽവേ ഹൈവേ പദ്ധതിയിൽ ഉൾപ്പെടുത്തി മുല്ലക്കാനം- എല്ലക്കൽ റോഡുപണി ആരംഭിച്ചത്. എല്ലക്കൽ പാലം നിർമാണം ഉൾപ്പെടെ 39 കോടി രൂപ കിഫ്ബിയിൽനിന്ന് അനുവദിച്ചു. 18 മാസത്തിനുള്ളിൽ പൂർത്തിയാക്കേണ്ട പ്രോജക്ട് നാലുവർഷം കഴിഞ്ഞിട്ടും പകുതി പണികൾ പോലും പൂർത്തിയാക്കുവാൻ കരാറുകാരന് സാധിച്ചില്ല. റോഡ് പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ട് സെപ്റ്റംബർ 16-ന് നാട്ടുകാർ പ്രതിഷേധ ജനകീയ സമിതി രൂപവത്കരിച്ചു. ഇതോടെ ദേവികുളം, ഉടുമ്പൻചോല എം.എൽ.എ.മാർ പ്രശ്നത്തിൽ ഇടപെട്ടു. സെപ്റ്റംബർ 25-ന് മുമ്പ് പണികൾ തുടങ്ങുമെന്ന് ഉറപ്പുനൽകി. എന്നാൽ, പറഞ്ഞ സമയം കഴിഞ്ഞിട്ടും പണി തുടങ്ങിയില്ല. ഇതോടെയാണ് പ്രതിഷേധ ബോർഡ് വെച്ചത്.
പണി ഇനിയും വൈകും
റോഡിന്റെ കരാറുകാരനെ കരിമ്പട്ടികയിൽപെടുത്തിയിട്ടുണ്ട്. അതിനാൽ പണി പൂർത്തിയാക്കണമെങ്കിൽ പുതിയ ടെൻഡർ വിളിക്കണം. നടപടികൾക്ക് ആറ് മാസമെങ്കിലുമാകും. അത്രയുംകാലം തേക്കിൻകാനം നിവാസികൾക്ക് യാത്രാദുരിതം അനുഭവിക്കേണ്ടിവരും.
കുട്ടികൾ ഉൾപ്പെടെ ദുരിതത്തിൽ
12 വിദ്യാഭ്യാസസ്ഥാപനങ്ങളിലെ സ്കൂൾ ബസുകൾ, റൂട്ട് ബസുകൾ ഉൾപ്പെടെ 40 ബസുകൾ ഓടുന്ന റോഡാണ് ഇത്. റോഡ് തകർന്നതോടെ ഈ സർവീസെല്ലാം നിർത്തിവെച്ചു. വിദ്യാർഥികൾ ഉൾപ്പെടെയാണ് ദുരിതം അനുഭവിക്കുന്നത്. ശ്രീനാരായണപുരം, പൊന്മുടി, രാമക്കൽമേട് എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് പോകുവാനുള്ള പ്രധാന വഴികൂടിയാണിത്.