പൂപ്പാറയിൽ മിനിബസ് മറിഞ്ഞു

ഡ്രൈവർക്കും യാത്രികർക്കും പരിക്ക്‌

ഇടുക്കി : തമിഴ്‌നാട്ടിൽനിന്നും മൂന്നാറിലേക്ക്‌ വരികയായിരുന്ന മിനിബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്. തലയ്ക്ക് പരിക്കേറ്റ ഡ്രൈവർ ഉൾപ്പെടെയുള്ളവരെ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം തേനി മെഡിക്കൽ കോളേജിലേക്ക്‌ കൊണ്ടുപോയി. ഡ്രൈവറുടെ ഒഴിച്ച് മറ്റുയാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ പൂപ്പാറ- ബോഡിമെട്ട് റൂട്ടിൽ തോണ്ടിമലയ്ക്ക് സമീപത്തെ വളവിലാണ് അപകടം നടന്നത്. മൂന്നാറിലേക്കെത്തിയ ചെന്നൈ സ്വദേശികളായ വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്.

തോണ്ടിമലയിലെ വലിയ എസ് വളവിന് തൊട്ടുമുമ്പിലെ വളവിലാണ് ബസ് മറിഞ്ഞത്. വളവ് തിരിയുന്നതിനിടെ റോഡരുകിലേക്ക്‌ മറിയുകയായിരുന്നു. ബസിന്റെ മുന്നിലും പിന്നിലും ഉള്ള ചില്ലുകൾ തകർന്നു. കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ വാഹനത്തിലുണ്ടായിരുന്നു.

കുറിഞ്ഞി കാണുന്നതിന് ഉൾപ്പെടെ നിരവധിയായ സഞ്ചാരികൾ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള മിനി ബസുകളിൽ ധാരാളമായെത്തുന്നുണ്ട്.

റോഡിന്റെ ഘടനയിൽ പരിചയമില്ലാത്തതിനാൽ ഇത്തരം മിനിബസുകൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണ്. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.