മണ്ഡലകാലം അടുത്തു; ഭക്തരെ കാത്ത് കാനനപാത

വണ്ടിപ്പെരിയാർ : മണ്ഡലകാലം അടുത്തതോടെ വണ്ടിപ്പെരിയാർ സത്രം-പുല്ലുമേട് പരമ്പരാഗത കാനനപാതയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ വനംവകുപ്പ് നടപടി തുടങ്ങി. കാനനപാതകൾ തെളിക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്. എന്നാൽ, സത്രത്തിൽ ശുചിമുറി അടക്കമുള്ള ക്രമീകരണങ്ങൾ എങ്ങുമെത്തിയിട്ടില്ല. പഞ്ചായത്ത് ഇതിനായുള്ള നടപടികൾ ആരംഭിച്ചു.
പുല്ലുമേട് ദുരന്തത്തെ തുടർന്ന് കോഴിക്കാനം-പുല്ലുമേട് പാത അടച്ചതോടെ സത്രത്തിൽനിന്നും സന്നിധാനത്തേക്കുള്ള പരമ്പരാഗത കാനനപാത വഴിയാണ് ഭക്തരെ കടത്തിവിടുന്നത്. സീസൺ തുടങ്ങുന്നതിനു മുന്നോടിയായി 12 കിലോമീറ്റർ കാനനപാതയുടെ ഇരുവശത്തും വളർന്നുനിൽക്കുന്ന കാട്ടുചെടികളും പാതകളും വനംവകുപ്പ് വെട്ടിത്തെളിക്കാൻ തുടങ്ങി.
പാതകളിൽ വഴിമുടക്കി കിടന്നിരുന്ന മരങ്ങൾ മുറിക്കുന്ന പണികളും പുരോഗമിക്കുകയാണ്. ലഘുഭക്ഷണശാലകളും കൂടുതൽ ഇടങ്ങളിൽ ക്രമീകരിക്കും. അരക്കിലോമീറ്റർ ദൂരത്തിൽ ഇടവിട്ട് പന്ത്രണ്ട് ഇടങ്ങളിൽ കുടിവെള്ളം വിതരണം സജ്ജമാക്കും. സത്രത്തിൽനിന്ന് രണ്ടരക്കിലോമീറ്റർ ദൂരം പിന്നിടുമ്പോൾ ഇരിക്കപ്പാറ
കൂടാതെ സീതക്കുളം, പുല്ല്മേട്, ഉപ്പുപാറ എന്നിവിടങ്ങളിലായി സേവനകേന്ദ്രങ്ങളുടെ താത്കാലിക നിർമാണങ്ങളും നടക്കുന്നു. സത്രം മുതൽ സന്നിധാനം വരെയുള്ള ഇടങ്ങളിൽ വനംവകുപ്പ് ജീവനക്കാരെ കൂട്ടാതെ ഇക്കോ ഗാർഡുകളും ഉണ്ടാകും.
കഴിഞ്ഞവർഷം മണ്ഡലകാലം ആരംഭിച്ചതുമുതൽ നടയടയ്ക്കുന്നത് വരെ രണ്ടുലക്ഷത്തിലധികം അയ്യപ്പ ഭക്തരാണ് ഇതുവഴി സന്നിധാനത്തേക്ക് പോയത്. തിരക്ക് കൂടിയതോടെ സത്രത്തിൽ താമസിക്കാനും വാഹനം പാർക്ക് ചെയ്യാനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും ഭക്തർ ഏറെ ബുദ്ധിമുട്ടി. ഇത്തവണയും സത്രത്തിലെ സ്ഥിതികൾ വ്യത്യസ്തമല്ല.