ആര് പറഞ്ഞിട്ടും കാര്യമില്ല... കേബിൾ പൈപ്പ് ഇവർ മാറ്റില്ല

ലീഗൽ സർവീസസ് അതോറിറ്റി വിധിച്ചിട്ടും ഉപ്പുതറ പാലത്തിലെ കേബിൾ പൈപ്പുകൾ നീക്കുന്നില്ല
അപകടവും ഗതാഗത തടസ്സവും പതിവ്
ഉപ്പുതറ : ലീഗൽ സർവീസസ് സൊസൈറ്റിയിൽനിന്ന് വിധിയുണ്ടായി 12 വർഷം കഴിഞ്ഞിട്ടും ഉപ്പുതറ പാലത്തിലെ കേബിൾ പൈപ്പുകൾ നീക്കിയില്ല.
ബി.എസ്.എൻ.എൽ. കേബിൾ പൈപ്പുകളാണ് നീക്കാത്തത്. ഇരുവശങ്ങളിലുമായി വീതിയുള്ള പന്ത്രണ്ട് ഇരുമ്പ് പൈപ്പിലാണ് കേബിൾ സ്ഥാപിച്ചിരിക്കുന്നത്.
ഇതുകാരണം പാലം കൂടുതൽ ഇടുങ്ങിയത് പോലെയായി. അപകടവും ഗതാഗത തടസ്സവും പതിവായി. ഇപ്പോൾ മറ്റ് സ്വകാര്യ കമ്പനികളും പുതിയ കേബിൾ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഇതെല്ലാം സുഗമമായ യാത്രയെ തടസ്സപ്പെടുകയാണ്. എത്ര പരാതി പറഞ്ഞിട്ടും നിയമ സംവിധാനം വരെ നിർദേശിച്ചിട്ടും അപകട പൈപ്പുകൾ നീക്കം ചെയ്യാത്തതിനെതിരം വലിയ പ്രതിഷേധം ഉയരുന്നുണ്ട്്.
പാലം തകർക്കുന്നു
രണ്ട് വലിയ വാഹനത്തിന് തടസ്സം കൂടാതെ കടന്നു പോകാൻ കഴിയുന്നത്ര വീതിയിലാണ് പെരിയാറിന് കുറുകെ പൊതുമരാമത്ത് വകുപ്പ് പാലം പണിതത്.
എന്നാൽ ഇരുവശങ്ങളിലും കേബിൾ പൈപ്പുകൾ സ്ഥാപിച്ചതോടെ പാലത്തിന്റെ വീതി കുറഞ്ഞു.
പൈപ്പുകൾ കാരണം പാലത്തിൽനിന്ന് വെള്ളം ഒഴികിപ്പോകുന്നുമില്ല.
റോഡിന്റെ ഇരുവശങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം പാലത്തിൽ വെള്ളക്കെട്ട് ഉണ്ടാക്കുന്നു.
ഇതോടെ ടാറിങ് തകർന്നു. എക്കലും മണ്ണും അടിഞ്ഞുകൂടി ഇവിടെ കാട് വളരുകയാണ്. ഇത് കാൽനടയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
പൈപ്പുകൾ ബന്ധിപ്പിക്കുന്ന ഭാഗത്ത് കൈവരികൾക്ക് പൊട്ടൽ വീണ് ബലക്ഷയവും ഉണ്ടായി.
എതിർ ദിശയിൽനിന്നുവരുന്ന ഒരു വലിയ വാഹനത്തിനും ചെറിയ വാഹനത്തിനും കഷ്ടിച്ച് കടന്നുപോകാനുള്ള വീതിയേ ഇപ്പോഴുള്ളൂ. ബന്ധപ്പെട്ട വകുപ്പിന്റെ അനുമതി ഇല്ലാതെയാണ് പൈപ്പുകൾ സ്ഥാപിച്ചത്.
ഇതിനെതിരെ കേരള ഡമോക്രാറ്റിക് പാർട്ടി ജില്ലാ സെക്രട്ടറി ബാബു മേച്ചേരിൽ 2014-ൽ പീരുമേട് ലീഗൽ സർവീസസ് അതോറിറ്റിയിൽ പരാതി നൽകി.
തുടർന്ന് നിലവിലുള്ള കേബിൾ മാറ്റാനും ആവശ്യമെങ്കിൽ പാലത്തിന്റെ കൈവരിക്ക് പുറത്തുകൂടി സ്ഥാപിക്കാനും അദാലത്തിൽ കോടതി ഉത്തരവിട്ടു.
എന്നാൽ ബി.എസ്.എൻ.എൽ. അധികൃതർ ഇതുവരെ കേബിൾ മാറ്റിയില്ലെന്ന് മാത്രമല്ല ഗതാഗത തടസ്സം സൃഷ്ടിച്ച് മറ്റ് സ്വകാര്യ കമ്പനികൾ സ്ഥാപിക്കുകയും ചെയ്തു.
ഇതിനെതിരേ ബാബു നൽകിയ പരാതിയിൽ അടിയന്തിര നടപടി സ്വീകരിക്കാൻ താലൂക്ക് വികസന സമിതി പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി.