ഒഴുകിപ്പോകുന്ന ജീവജലം

ദ്രവിച്ച പൈപ്പിലൂടെ ദിനംപ്രതി പതിനായിരക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകുന്നു
വണ്ടിപ്പെരിയാർ : ജല അതോറിറ്റിയുടെ പഴകി ദ്രവിച്ച പൈപ്പിലൂടെ ദിനംപ്രതി പതിനായിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് റോഡിലൂടെ ഒഴുകി പാഴാകുന്നത്.
പെരിയാർ നദിയിൽനിന്ന് സി.ഐ. പള്ളിക്ക് സമീപമുള്ള വലിയ സംഭരണി ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്ത് പോകുന്ന 500 മീറ്റർ നീളമുള്ള വലിയ പൈപ്പിലാണ് ദ്രവിച്ച് വിള്ളൽ വീണത്.
ഇത് കാരണം സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള വഴിയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടാണ്. 25 വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ച പൈപ്പാണിത്.
പൈപ്പ് ലൈൻ മാറ്റുന്നതിന് ബന്ധപ്പെട്ട അധികൃതർ റിപ്പോർട്ട് നൽകിയിട്ടും നാളിതുവരെയും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തയ്യാറായില്ല.
വണ്ടിപ്പെരിയാർ ടൗണിലും മറ്റ് പ്രദേശങ്ങളിലുമായി 1,200-നടുത്ത് ഗുണഭോക്താക്കളാണുള്ളത്. പഴകി ദ്രവിച്ച പൈപ്പുകൾ വേനൽ കടുക്കുന്നതിന് മുൻപ് തന്നെ മാറ്റണം. ഇല്ലെങ്കിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകും.