ഇടമലക്കുടി: പ്രതിഷേധിച്ച് ജീവനക്കാർ

ചെറുതോണി : ഇടമലക്കുടി പഞ്ചായത്ത് ഓഫീസ് പ്രവർത്തനം നിലയ്ക്കുകയും ജീവനക്കാർക്ക് മാസങ്ങളായി ശമ്പളം ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രതിഷേധവുമായി ജീവനക്കാർ. വിഷയത്തിൽ വിശദീകരണം തേടിയെത്തിയ എൻ.ജി.ഒ. യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റി പ്രതിനിധികളോട് സംസാരിക്കാൻ തയ്യാറാകാതെ ജോയിന്റ് ഡയറക്ടർ ഇറങ്ങിപ്പോയെന്ന് ആരോപണം. ഇതിൽ പ്രതിഷേധിച്ച് യൂണിയൻ നേതാക്കൾ ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഓഫീസിൽ ജോയിന്റ് ഡയറക്ടർ ആർ. ഷൈനി ജീവനക്കാർക്കൊപ്പം കേക്ക് മുറിച്ച് ആഘോഷത്തിലായിരുന്നുവെന്നും യൂണിയൻ പ്രവർത്തകർ ആരോപിച്ചു.
വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് എൻ.ജി.ഒ. യൂണിയന്റെ ആവശ്യം. എൻ.ജി.ഒ. യൂണിയൻ ജില്ലാ പ്രസിഡന്റ് പ്രസുഭകുമാർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. സുനിൽ കുമാർ, ജില്ലാ സെക്രട്ടറി സി.എസ്. മഹേഷ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബിജിമോൾ, ജില്ലാ കമ്മിറ്റി അംഗം ജി. ഷിബു എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.