കുടിശ്ശിക ഉടൻ അനുവദിക്കണം

തൊടുപുഴ : കുടിവെള്ളവിതരണവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ നടത്തിവരുന്ന കേരള വാട്ടർ അതോറിറ്റി മെയിന്റനൻസ് കോൺട്രാക്ടേഴ്സ് സംസ്ഥാനവ്യാപകമായി പണിമുടക്കുന്നു. കുടിശ്ശികയായ 250 കോടിയോളം രൂപ ഉടൻ അനുവദിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് നവംബർ 17, 18 തീയതികളിൽ സംസ്ഥാനവ്യാപകമായി അറ്റകുറ്റപ്പണികൾ പൂർണമായി നിർത്തിവെച്ച് പ്രതിഷേധിക്കുമെന്ന് കേരള വാട്ടർ അതോറിറ്റി മെയിന്റനൻസ് കോൺട്രാക്ടേഴ്സ് സംസ്ഥാന കോഡിനേഷൻ കമ്മിറ്റി അറിയിച്ചു.
സംസ്ഥാനത്ത് ശുദ്ധജലവിതരണം സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ആത്മാർഥതയോടെയാണ് കരാറുകാർ പ്രവർത്തിക്കുന്നത്. എന്നാൽ, അറ്റകുറ്റപ്പണികൾ നടത്തുന്ന കരാറുകാരെ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് നിരന്തരം അവഗണിക്കുന്ന സമീപനമാണ് ഉണ്ടാകുന്നതെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.
ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികളും മോട്ടോർ-ഇലക്ട്രിക് മെയിന്റനൻസ് ജോലികളും നടത്തിയ വകയിൽ കരാറുകാർക്ക് ലഭിക്കാനുള്ളത് ഏകദേശം 250 കോടി രൂപയുടെ കുടിശ്ശികയാണ്.
പണം ലഭിക്കാത്തത് കരാറുകാരുടെമാത്രം ജീവിതം വഴിമുട്ടിക്കുന്നതല്ലെന്നും, അവരുടെ കീഴിൽ പണിയെടുക്കുന്ന സാധാരണക്കാരായ തൊഴിലാളികളെയും ഇത് ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും ഭാരവാഹികൾ ചൂണ്ടിക്കാണിച്ചു.