കാട്ടാനയിൽനിന്ന് രക്ഷവേണം:അതിജീവനത്തിനായി പ്രതിഷേധം

ഉടുമ്പന്നൂർ : അമയപ്ര, മലയിഞ്ചി, വേളൂർ, വള്ളിയാടി, കാച്ചിറമുഴി, കിഴക്കുംപാടം തുടങ്ങിയ പ്രദേശങ്ങളിൽ അടിക്കടി കാട്ടാനയിറങ്ങി കൃഷിനശിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് വന്യജീവി പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ വേളൂർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
മനുഷ്യജീവനും കൃഷിക്കും സംരക്ഷണം ഉറപ്പാക്കുക, വനാതിർത്തികളിൽ ശാസ്ത്രീയ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുക, കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരം നൽകുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
ഉടുമ്പന്നൂർ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. ജോൺ മുണ്ടയ്ക്കൽ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിജി സുരേന്ദ്രൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.ലതീഷ്, സാമൂഹിക പ്രവർത്തകൻ സണ്ണി കടകത്താഴം, എസ്.എൻ.ഡി.പി. ശാഖാ പ്രസിഡന്റ് പി.ജി. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.