പൈൻകാട്ടിലെ സൗകര്യങ്ങൾ അത്ര ഫൈനല്ല

വാഗമൺ : വാഗമണ്ണിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൈൻകാട് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ശ്വാസംമുട്ടുന്നു. പ്രവൃത്തിദിനങ്ങളിൽപോലും അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം നൂറുകണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്.

പ്രധാന റോഡിൽനിന്ന്‌ പൈൻ കാടിന്റെ അതിർത്തിയിലേക്കുള്ള 200 മീറ്റർ ഭാഗത്ത് യാതൊരുവിധ ജനനിയന്ത്രണവുമില്ല. ഒരുവശത്ത് റിസോർട്ടിന്റെ മതിലും മറുവശത്ത് വഴിയോരക്കച്ചവടക്കാരുമുള്ള ഇടുങ്ങിയ വഴിയിലൂടെ തിങ്ങി ഞെരുങ്ങിയാണ് യാത്രക്കാർ കടന്നുപോകുന്നത്. തിരക്കുള്ള ദിവസങ്ങളിൽ അപകടസാധ്യതയേറെയാണ്. ആരെങ്കിലും താഴെ വീണാൽ പുറകിലുള്ളവർ ചവിട്ടിപ്പോകുന്ന അവസ്ഥയുമാണുള്ളത്.

മെയിൻ റോഡ് പോലീസിന്റെയും കാട് വനം വകുപ്പിന്റെയും പരിധിയിലാണ്. എന്നാൽ ഇതിനിടയിലുള്ള 200 മീറ്റർദൂരം ഏലപ്പാറ പഞ്ചായത്തിന്റെ കീഴിലാണ്. ആളുകളെ നിയന്ത്രിക്കാൻ രണ്ടുപേരെ നിയമിക്കാൻപോലും പഞ്ചായത്ത് ഇതുവരെ തയ്യാറായിട്ടില്ല.

പ്രവേശന ഫീസ് 40 രൂപയാക്കി ഉയർത്തിയെങ്കിലും ആവശ്യത്തിന് സൗകര്യങ്ങളില്ല.

ശൗചാലയം പോരാ

ആയിരക്കണക്കിന് ആളുകൾക്ക് ഉപയോഗിക്കാൻ ആകെ നാല് ശൗചാലയങ്ങൾ (പുരുഷനും സ്ത്രീകൾക്കും രണ്ടുവീതം) മാത്രമാണുള്ളത്. ഇതിൽ സ്ത്രീകളുടെ ഒരു ശൗചാലയത്തിന്റെ വാതിൽ അടയ്ക്കാൻ കഴിയില്ല. വേനലിൽ വെള്ളമില്ലാത്തതും വലിയ ദുരിതമാണ്.

പൈൻ മരങ്ങളുടെ ഇലകൾ മഴയത്ത് അഴുകി വീഴുമ്പോൾ വഴിനന്നായി വഴുക്കാനിടയാകുന്നു. സ്റ്റെപ്പുകളോ, മറ്റു സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ കഴിഞ്ഞദിവസങ്ങളിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ താഴെ വീഴുകയുണ്ടായി. വാഗമൺ വിനോദസഞ്ചാരത്തിന് ഏറ്റവും കൂടുതൽ ആകർഷണീയമായ ഒന്നാണ് പൈൻമരക്കാട്. ഇതിനെ സംരക്ഷിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്.