ചങ്ങനാശ്ശേരിക്കട-എൻ.ആർ.സിറ്റി റോഡിന് 12 കോടി രൂപ അനുവദിച്ചു

കുഞ്ചിത്തണ്ണി : ബൈസൺവാലി ചങ്ങനാശ്ശേരി കടയിൽ നിന്നും എൻ.ആർ.സിറ്റിക്കുള്ള റോഡിന് ദേവികുളം എം.എൽ.എ. എഫ്. രാജ 12 കോടി രൂപ അനുവദിച്ചു.

ശബരിമല പാക്കേജിൽ ഉൾപ്പെടുത്തിയാണ് ഈ റോഡിന് ഫണ്ട് അനുവദിച്ചത്. ചങ്ങനാശ്ശേരിക്കട, സൊസൈറ്റിമേട്, മുട്ടുകാട്, അരമനപ്പാറ, ഖജനാപാറ വഴി 8.6 കിലോമീറ്റർ ദൂരത്തിന്റെ വികസനത്തിനായാണ് 12 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഇതിൽ മുട്ടുകാട് മുതൽ ഖജനാപാറ വരെയുള്ള ദൂരത്തുള്ളവർക്ക് നിലവിൽ യാത്രചെയ്യാൻ ബസ് സർവീസില്ല.

ഈ റോഡ് കടന്നുപോകുന്ന ഭൂരിഭാഗവും കാർഷികമേഖലയാണ്. ബൈസൺവാലി, രാജകുമാരി, ചിന്നക്കനാൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്.

ഈ റോഡിന്റെ നിർമാണം പൂർത്തിയാകുന്നതോടെ വിനോദസഞ്ചാരികളുടെ കടന്നുവരവിനും കാർഷികമേഖലയ്ക്കും പുത്തൻ ഉണർവ് വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.