മാങ്കുളത്ത് സ്റ്റേഷൻ ഒൗട്ട്...

അടിമാലി : മാങ്കുളത്ത് നിലവിലുള്ള പോലീസ് ഔട്ട്‌പോസ്റ്റിന് പകരം പൂർണസജ്ജമായ പോലീസ് സ്റ്റേഷൻ അനുവദിക്കുമെന്ന സർക്കാർ ഉറപ്പ് ഇപ്പോഴും കടലാസിൽത്തന്നെ.
മേഖലയിൽ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, അടിയന്തരമായി പുതിയ പോലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു.
കിലോമീറ്ററുകൾ താണ്ടണം
മൂന്നാർ പോലീസ് സ്റ്റേഷൻ പരിധിയിൽവരുന്ന മാങ്കുളത്ത് താത്കാലിക സംവിധാനമെന്ന നിലയിലാണ് 10 വർഷം മുന്പ് ഔട്ട്‌പോസ്റ്റ് പ്രവർത്തനം ആരംഭിച്ചത്. കോഴിയിളക്കുടി, അമ്പതാംമൈൽ, കള്ളക്കുട്ടിക്കുടി, വിരിപാറ എസ്.സി. കോളനി തുടങ്ങി അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് എന്തെങ്കിലും ആവശ്യങ്ങൾക്ക് മൂന്നാർ പോലീസ് സ്റ്റേഷനിൽ എത്തണമെങ്കിൽ 40 മുതൽ 50 കിലോമീറ്റർ വരെ സഞ്ചരിക്കേണ്ട സാഹചര്യമാണ്. മുന്പ് കുറ്റകൃത്യങ്ങൾ നടന്ന് മണിക്കൂറുകൾ പിന്നിട്ടാലും നിയമപാലകരുടെ സേവനം കിട്ടാതെവരുകയും പ്രതികൾ എളുപ്പത്തിൽ രക്ഷപ്പെടുകയും ചെയ്തിരുന്നു. ഇതിന് പരിഹാരമായാണ് താത്കാലികമായി മാങ്കുളത്ത് ഔട്ട്‌പോസ്റ്റ് തുറന്നത്. .
റിപ്പോർട്ട് നൽകി; നടപടിയില്ല
ജനങ്ങളുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന്, മുൻ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുൻ ജില്ലാ പോലീസ് മേധാവി കെ.വി. ജോസഫ് മാങ്കുളത്ത് പോലീസ് സ്റ്റേഷൻ അനുവദിക്കാമെന്ന് അനുകൂല റിപ്പോർട്ട് സർക്കാരിന് നൽകുകയും ചെയ്തതാണ്. തുടർന്ന് തങ്കമണി, മുല്ലപ്പെരിയാർ, മുട്ടം, ഉടുമ്പൻചോല എന്നിവിടങ്ങളിൽ പുതിയ സ്റ്റേഷനുകൾ അനുവദിച്ചെങ്കിലും മാങ്കുളത്തെ പൂർണമായും അവഗണിക്കുകയായിരുന്നു.
വർഷങ്ങളോളം അസൗകര്യങ്ങൾ നിറഞ്ഞ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഔട്ട്‌പോസ്റ്റ്, രണ്ടുവർഷം മുൻപാണ് പഞ്ചായത്ത് കെട്ടിടത്തിലേക്ക് മാറ്റിയത്. എന്നാൽ, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം ഈ കെട്ടിടത്തിലും തുടരുകയാണ്. ഗ്രാമവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി മാങ്കുളത്ത് അടിയന്തരമായി പൂർണസജ്ജമായ പോലീസ് സ്റ്റേഷൻ അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.