വോൾട്ടേജ് ഇല്ല; കെ.എസ്.ഇ.ബി. ഓഫീസിൽ ധർണ നടത്തി നാട്ടുകാർ

കുഞ്ചിത്തണ്ണി : വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്താക്കൾ ചിത്തിരപുരം വൈദ്യുതി ഓഫീസിനുമുമ്പിൽ ധർണസമരം നടത്തി. പള്ളിവാസൽ പഞ്ചായത്തിൽ എട്ടാംവാർഡിൽ ആഡിറ്റിനും പള്ളിവാസൽ പവർഹൗസിനും ഇടയിൽ താമസിക്കുന്നവരാണ് സമരവുമായി കെ.എസ്.ഇ.ബി. ഓഫീസിൽ എത്തിയത്. കേരളത്തിലെ പ്രധാന വൈദ്യുതി ഉത്പാദനകേന്ദ്രമായ പള്ളിവാസൽ പവർഹൗസിന് ഒരുകിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന പ്രദേശവാസികൾക്കാണ് തീരെ വോൾട്ടേജ് ലഭിക്കാത്തത്. ധർണ സമരത്തെ തുടർന്ന് ഭരണകക്ഷി നേതാക്കൾ വൈദ്യുതി മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു ലഭിച്ചതിനുശേഷമാണ് നാട്ടുകാർ സമരം അവസാനിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്തംഗം തേജസ് ധർണ സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ആവില അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്തംഗം ആർ.സി. ഷാജൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗുണശേഖരൻ, രവികുമാർ, ഒ.ആർ. രവി, കവിത എന്നിവർ പ്രസംഗിച്ചു.