ബസ് സ്റ്റാൻഡോ...ബോട്ടുജെട്ടിയോ...

കട്ടപ്പന : ചുറ്റുമുള്ള ഓടകൾ അടഞ്ഞതോടെ മഴപെയ്താൽ കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ വെള്ളം നിറയുന്നത് പതിവായി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പെയ്ത ശക്തമായ മഴയിൽ ബസ് സ്റ്റാൻഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.

ഇടശേരി ജങ്ഷൻ മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെയുള്ള സ്ഥലങ്ങളിൽ സ്ഥാപനങ്ങൾ ഓടയ്ക്ക് മുകളിൽ മഴവെള്ളം ഇറങ്ങാൻ കഴിയാത്ത രീതിയിൽ കോൺക്രീറ്റ് സ്ലാബുകൾ നിർമിച്ചിട്ടുണ്ട്.

ഇതോടെ മഴക്കാലത്ത് വെള്ളം ഓടയിലിറങ്ങി കട്ടപ്പന ആറ്റിലേക്ക് എത്താതെ പുതിയ ബസ് സ്റ്റാൻഡിലേക്ക്‌ ഒഴുകിയെത്തുന്നതിനും സ്റ്റാൻഡിൽ ചെറിയ മഴപെയ്താൽപോലും വെള്ളക്കെട്ട് ഉണ്ടാകുന്നതിനും കാരണമാകും.

ബസ് സ്റ്റാൻഡിനുള്ളിലുള്ള ഓടയിൽ ചെളിയും കല്ലും അടിഞ്ഞ് ആഴംകുറഞ്ഞ അവസ്ഥയിലുമാണ്. ബാലാ ഹോസ്പിറ്റൽ ഭാഗത്തെ റോഡിലും ഓടകൾ വെള്ളം ഇറങ്ങാത്ത അവസ്ഥയിൽ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ഇവിടെനിന്നും എത്തുന്ന വെള്ളവും താഴ്ന്നപ്രദേശമായ ബസ് സ്റ്റാൻഡിലേക്ക് എത്തുന്നതോടെ ചെറിയ മഴയിലും ബസ് സ്റ്റാൻഡിൽ വെള്ളംഉയരും. വ്യാഴാഴ്ച യാത്രക്കാർ ഏറെയെത്തിയ സമയത്താണ് ശക്തമായ മഴപെയ്തത്‌.

ഇതോടെ ബസ് സ്റ്റാൻഡിലും സ്റ്റാൻഡിന് സമാന്തരമായുള്ള പാതയിലും വെള്ളം നിറഞ്ഞു.

വെള്ളം നിറഞ്ഞതോടെ ഇതുവഴി എത്തിയ വാഹനങ്ങളും കുടുങ്ങി. സ്റ്റാൻഡിന് സമീപത്തെ ഓടകളിലെ തടസ്സം നീക്കാനും ഇടശേരി ജങ്ഷൻ പുതിയ ബസ് സ്റ്റാൻഡ് റോഡ്, ബാലാ ഹോസ്പിറ്റൽ റോഡ് എന്നീ ഭാഗത്തുള്ള ഓടകളിലേക്ക് വെള്ളം ഇറങ്ങാനുമുള്ള സൗകര്യവും ഒരുക്കിയില്ലെങ്കിൽ വെള്ളക്കെട്ട് പതിവാകും. ജനങ്ങൾ ദുരിതത്തിലാകും.