വല്ലാത്തൊരു യാത്രയാണ്

ഏലപ്പാറ-ഹെലിബറിയ-മ്ലാമല റോഡ് തകർന്നു
ഏലപ്പാറ : ഏലപ്പാറയിൽനിന്ന് ഹെലിബറിയ വഴി മ്ലാമലയിലെത്തുന്ന റോഡ് തകർന്നത് വലിയ ദുരിതം. പി.എം.ജി.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച റോഡാണ് ഇപ്പോൾ കാൽനടയാത്രപോലും അസാധ്യമാകുംവിധം തകർന്നുകിടക്കുന്നത്.
പി.എം.ജി.എസ്.വൈ. പദ്ധതിപ്രകാരം രണ്ട് ഘട്ടങ്ങളിലായാണ് റോഡ് പൂർത്തിയാക്കിയത്. അഞ്ചുവർഷം പിന്നിട്ടതോടെ റോഡ് പൂർണമായും തകർന്നു. റോഡിൽ വലിയ കുഴികൾ രൂപപ്പെടുകയും തകരുകയുംചെയ്തു.
അഞ്ച് ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ സർവീസ് നടത്തുന്ന പാതയാണിത്. അഞ്ച് പഞ്ചായത്തുകളെയും ഈ റോഡ് ബന്ധിപ്പിക്കുന്നു. വിനോദസഞ്ചാരകേന്ദ്രങ്ങളായ തേക്കടിയെയും വാഗമണ്ണിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരംകുറഞ്ഞ വഴി കൂടിയാണിത്. റോഡ് ഗതാഗതയോഗ്യമാക്കാൻ വേണ്ട നടപടികളാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.