സി.പി.എം. ഹർത്താൽ പൂർണം, കുമളിയിൽ സംഘർഷം

തൊടുപുഴ : പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട ആശങ്കൾ പരിഹരിക്കണമെന്നും കളക്ടറുടെ ജനവിരുദ്ധ ഉത്തരവുകൾ പിൻവലിക്കണം എന്നും ആവശ്യപ്പെട്ട് സി.പി.എം. ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം.

കുമളിയിൽ സംഘർഷമുണ്ടായി.

ബാക്കിയെല്ലായിടത്തും സമാധാനപരമായിരുന്നു. മിക്കയിടത്തും കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് നടത്തിയത് ജനങ്ങൾക്ക് വലിയ ആശ്വാസമായി.

വിനോദസഞ്ചാരികളുടെ വാഹനങ്ങൾ തടയില്ലെന്ന് സി.പി.എം. നേതൃത്വം അറിയിച്ചിരുന്നു. എന്നാൽ, പലയിടത്തും അത് പാലിക്കപ്പെട്ടില്ല. കുമളിയിൽ സംഘർഷമുണ്ടായതും വിനോദ സഞ്ചാരികളുടെ വാഹനം തടഞ്ഞതിനേ തുടർന്നുണ്ടായ തർക്കത്തിലാണ്.

വാഹനം തടയുന്നതിനിടെ കാർ കാലിലൂടെ കയറി ഹർത്താൽ അനുകൂലിക്ക് പരിക്കേറ്റു. വിനോദ സഞ്ചാരികൾ സഞ്ചരിച്ച ഈ കാറിന്റെ ചില്ല് ഹർത്താൽ അനുകൂലികൾ തല്ലിത്തകർത്തു.

കാർ ഡ്രൈവറെ ഹർത്താൽ അനുകൂലികൾ മർദിച്ചിരുന്നു. സ്റ്റാർട്ടിങ് ഗിയറിലായിരുന്ന കാർ ഇതിനിടെ അബദ്ധത്തിൽ മുന്നോട്ടുനീങ്ങുകയായിരുന്നുവെന്നാണ് വിവരം.

ഹർത്താൽ ആണെന്ന് അറിയാതെയാണ് ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പല വിനോദ സഞ്ചാരികളും മൂന്നാർ, വാഗമൺപോലെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ എത്തിയത്.

സ്ഥലസന്ദർശനത്തിന് പ്രശ്നമുണ്ടായില്ലെങ്കിലും കടകൾ അടഞ്ഞു കിടന്നതിനാൽ സഞ്ചാരികൾ ഭക്ഷണം കിട്ടാതെ വലഞ്ഞു. പ്രധാന ടൗണുകളിൽ സി.പി.എം. പ്രവർത്തകർ പ്രകടനം നടത്തി. കട്ടപ്പന നഗരസഭാ കാര്യാലയം അടപ്പിച്ചു. പീരുമേട് ഉൾപ്പെടെയുള്ള തോട്ടം മേഖലയിലും ഹർത്താൽ പൂർണമായിരുന്നു.

ഏത് മുന്നണി ഹർത്താൽ നടത്തിയാലും മുഖംതിരിക്കുന്ന പതിവ് ഇത്തവണയും തെറ്റിക്കാതെ ഇടുക്കി-കഞ്ഞിക്കുഴി പഞ്ചായത്തിലെ വെൺമണി ഗ്രാമം ഹർത്താലിൽനിന്ന് വിട്ടുനിന്നു.