വണ്ടിപ്പെരിയാറ്റിലെ വണ്ടിക്കുടുക്കുകൾ

വണ്ടിപ്പെരിയാറ്റിൽ വഴിയരികിൽ ഉപേക്ഷിച്ച വണ്ടികൾ നീക്കം ചെയ്യണം

വണ്ടിപ്പെരിയാർ : മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വണ്ടിപ്പെരിയാർ പഞ്ചായത്തിന്റെ പരിധിയിൽ ദേശീയപാതയോരത്ത് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യണമെന്ന പഞ്ചായത്തിന്റെ മുന്നറിയിപ്പ് അവഗണിക്കപ്പെടുന്നു.

റോഡരികിൽ നിരവധിയിടങ്ങളിലായി വാഹനങ്ങൾ ഉപേക്ഷിച്ചനിലയിൽ കിടക്കുന്നത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ അനൗൺസ്‌മെന്റ് നടത്തിയിരുന്നു.

എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും വാഹനങ്ങൾ നീക്കം ചെയ്യാൻ നടപടിയുണ്ടായിട്ടില്ല. ഇതിൽ പല വാഹനങ്ങളുടെയും ഉടമകളെക്കുറിച്ചും വ്യക്തമായ വിവരമില്ല. വണ്ടിപ്പെരിയാർ വൈദ്യുതിവകുപ്പ് ഓഫീസിന് മുന്നിൽ സ്വകാര്യവ്യക്തി മാസങ്ങളായി ഉപേക്ഷിച്ച വാഹനവും ഇത്തരത്തിൽ റോഡരികിൽ കിടക്കുകയാണ്.

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കുസമീപം മാലിന്യം തള്ളുന്നതും പതിവായിട്ടുണ്ട്. ചാക്കുകളിൽ നിറച്ച് വാഹനങ്ങളിൽ സൂക്ഷിക്കുന്ന മാലിന്യങ്ങൾ തെരുവുനായ്ക്കൾ വലിച്ചിഴച്ച് റോഡിൽ വിതറുന്നതും പ്രദേശത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

വാഹനങ്ങളുടെ മറവിലും മാലിന്യം നിക്ഷേപിക്കുന്നതായി നാട്ടുകാർ പറയുന്നു. ശബരിമല തീർഥാടനകാലം ആരംഭിക്കാനിരിക്കെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. തീർഥാടനം ആരംഭിക്കുന്നതോടെ കേരളം, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള നിരവധി തീർഥാടകരുടെ വാഹനങ്ങൾ ഇതുവഴി കടന്നുപോകും. ഇതോടെ വണ്ടിപ്പെരിയാർ ടൗണിലും സമീപപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യതയുണ്ട്.

ദേശീയപാതയോരത്ത് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും ഉടമകൾ മുന്നോട്ടുവരാത്ത പക്ഷം പഞ്ചായത്ത് ചെലവിൽ വാഹനങ്ങൾ മാറ്റി ഉടമകളിൽനിന്ന് തുക ഈടാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.