ഒറ്റമഴയിൽ റോഡ് പുഴയായി

കുഞ്ചിത്തണ്ണി പാലം ജങ്ഷനിൽ വെള്ളക്കെട്ട്‌

കുഞ്ചിത്തണ്ണി : ഒറ്റ മഴയിൽ റോഡ് പുഴയായി മാറി. ഉടുമ്പൻചോല-രണ്ടാംമൈൽ റോഡിന്റെ ഭാഗമായ കുഞ്ചിത്തണ്ണി പാലം ജങ്ഷനു സമീപമാണ് റോഡിൽ വെള്ളക്കെട്ട് ഉണ്ടായത്.

കഴിഞ്ഞദിവസം ഉണ്ടായ കനത്തമഴയിലാണ് റോഡിൽ വെള്ളം കെട്ടിക്കിടന്നത്.

റോഡ് പണിയുടെ അശാസ്ത്രീയതയും സ്വകാര്യവ്യക്തികൾ സമീപത്തെ കലുങ്ക് കെട്ടി അടച്ചിരിക്കുന്നതും മറ്റുമാണ് റോഡിൽ വെള്ളംകെട്ടാൻ കാരണമായിരിക്കുന്നത്. റോഡിന് വശത്ത് ഓട നിർമിച്ചിട്ടുണ്ടെങ്കിലും ഒരുതുള്ളി വെള്ളംപോലും ഓടയിലൂടെ ഒഴുകുന്നില്ല.

കുഞ്ചിത്തണ്ണി പള്ളി റോഡിൽനിന്ന്‌ വരുന്ന മുഴുവൻ വെള്ളവും ഉടുമ്പൻചോല-രണ്ടാംമൈൽ റോഡിലൂടെ ഒഴുകി കുഞ്ചിത്തണ്ണി പാലത്തിനു സമീപത്തുള്ള വർക്ക്ഷോപ്പ് ജങ്ഷന്റെ ഭാഗത്ത് എത്തി റോഡിൽ കെട്ടിക്കിടക്കുകയാണ്.

ഇത് സമീപത്തെ കലുങ്കിലൂടെ ഒഴുകി നിർമാണത്തിന്റെ ഭാഗമായി ഈ കലുങ്കുകൾ ഭാഗികമായി സ്വകാര്യവ്യക്തികൾ അടച്ചുകെട്ടിയിരിക്കുന്നതും വിനയായിട്ടുണ്ട്.

മഴപെയ്യുമ്പോൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ഈ ഭാഗത്ത് അനുഭവിക്കുന്നത് കാൽനടക്കാരാണ്.

മുട്ടിനൊപ്പം വെള്ളത്തിൽ കാൽനടയാത്രക്കാർ കടന്നുപോകേണ്ട ഗതിയാണുള്ളത്. വെള്ളം ഒരു പരിധിയിൽ കൂടുതൽ കെട്ടിക്കിടക്കുന്നത് സമീപത്തെ വ്യാപാരസ്ഥാപനങ്ങൾക്കും ദുരിതമാണ്.

നൂറുകണക്കിന് വാഹനങ്ങളും കാൽനടക്കാരും നിത്യവും കടന്നുപോകുന്ന റോഡിൽ മഴയത്ത് വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുവാൻ നടപടി സ്വീകരിക്കുവാൻ പൊതുമരാമത്ത് അധികൃതർ തയ്യാറാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.