ആലിയയെ ഗർഭം ധരിച്ചിരിക്കെ ഒരുദിവസം 100 സിഗരറ്റുകൾ വലിച്ചിട്ടുണ്ടെന്ന് സോണി; ഗർഭകാലത്തെ പുകവലിയുടെ പ്രത്യാഘാതങ്ങൾ

അടുത്തിടെയാണ് ബോളിവുഡ് നടി സോണി റസ്ദാൻ ഗുംറാ എന്ന സിനിമാ ഷൂട്ടിങ്ങിനിടെ ഒരുദിവസം നൂറോളം സിഗരറ്റ് വലിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞത്. നടിയും ഇളയ മകളുമായ ആലിയ ഭട്ടിനെ ഗർഭം ധരിച്ചിരിക്കെയാണ് സിഗരറ്റ് വലിക്കുന്ന രംഗങ്ങളിൽ അഭിനയിച്ചതെന്നും ഗർഭിണിയാണെന്ന വിവരം തനിക്കറിയില്ലായിരുന്നുവെന്നും സോണി പറഞ്ഞു. പൊതുവേ താൻ പുകവലിക്കാറില്ലെങ്കിലും ആ സിനിമയുടെ ഷൂട്ടിനുപിന്നാലെ സിഗരറ്റ് വലിക്കാനുള്ള താൽപര്യം കൂടിയിരുന്നുവെന്നും സോണി പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ഗർഭകാലത്തെ പുകവലിയുടെ ദോഷങ്ങളെക്കുറിച്ചുള്ള ചർച്ചകളും ഉയരുകയാണ്.
ഗർഭകാലത്തെ പുകവലി അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ദോഷം ചെയ്യും. സിഗരറ്റിലെ കെമിക്കലുകൾ അമ്മയുടെ രക്തത്തിലേക്കും കുഞ്ഞിലേക്കും പ്രവേശിക്കും. ഇത് കുഞ്ഞിന് ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നതിൽ തടസ്സമുണ്ടാക്കും.
ഗർഭകാലത്ത് പുകവലി ശീലമാക്കിയ സ്ത്രീകൾ മാസംതികയുന്നതിനുമുമ്പ് പ്രസവിക്കാൻ സാധ്യതയേറെയെന്ന് യു.എസിലെ ഒരുസംഘം ഗവേഷകർ നടത്തിയ പഠനം പറയുന്നുണ്ട്. ഗർഭധാരണത്തിന്റെ തുടക്കത്തിൽത്തന്നെ പുകവലി നിർത്തിയ സ്ത്രീകളിൽ നേരത്തേ പ്രസവിക്കാനുള്ള സാധ്യത 20 ശതമാനം കുറവാണെന്നും ജാമാ നെറ്റ്വർക്ക് ഓപ്പൺ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഗർഭകാലത്ത് പുകവലി ശീലമാക്കിയവരും പുകവലിശീലം അവസാനിപ്പിച്ചവരുമായ ഒരുകൂട്ടം സ്ത്രീകളിലാണ് പഠനം നടത്തിയത്. യു.എസിലെ 'ദ ഡാർട്ട്മൗത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പോളിസി ആൻഡ് ക്ലിനിക്കൽ പ്രാക്ടീസ്' ആണ് പ്രസ്തുത പഠനം നടത്തിയത്. ജനിക്കുന്ന കുഞ്ഞിന് ഭാരക്കുറവ്, ഗർഭപാത്രമുഖം വികസിച്ചുകിട്ടാതിരിക്കൽ, മാസംതികയുംമുമ്പുള്ള പ്രസവം, ശിശുമരണം തുടങ്ങിയവയാണ് ഗർഭിണികളിൽ പുകവലിമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ. നേരത്തേയുള്ള പ്രസവം കുഞ്ഞ് മരിക്കാൻപോലും കാരണമാകും.
പുകവലിക്കുന്ന സ്ത്രീകളിൽ ഗർഭം അലസാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്ത്രീകളിൽ വന്ധ്യതയുടെ ഏറ്റവും വലിയ കാരണമാണ് പുകവലി. ഗർഭകാലത്ത് പുകവലി ശീലമാക്കിയ സ്ത്രീകൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും തരത്തിലെ ജനിതക തകരാറുകൾ ഉണ്ടാകാനും അതവരുടെ വളർച്ചയെ ബാധിക്കുകയും ചെയ്യുന്നു. പുകവലിക്കുന്ന സ്ത്രീകളിൽ ഗർഭാശയ കാൻസർ വരാനുള്ള സാധ്യതയും പതിന്മടങ്ങു കൂടുതലാണ്. സ്ത്രീകളിൽ പ്രായം കൂടുതൽ തോന്നിക്കുന്നതിനും പുകവലി ഒരു കാരണമാണ്. മുഖത്ത് പ്രത്യക്ഷപ്പെടുന്ന ചുളിവുകളും നേരത്തേ തല നരയ്ക്കുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്.
പുകവലി ഹോർമോൺ സന്തുലിതാവസ്ഥയെ തകരാറിലാക്കുകയും ആർത്തവ ചക്രങ്ങളെ ബാധിക്കുകയും ചെയ്യും. ഗർഭം അലസിപ്പിക്കാനും എക്ടോപിക് ഗർഭധാരണത്തിനുമുള്ള സാധ്യത വർധിപ്പിക്കും. ഇത് ബീജത്തിന്റെ ഡി.എൻ.എയെ ബാധിക്കുകയും അതുവഴി ജനന വൈകല്യങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. പുകവലിക്കുന്ന സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതാ പ്രശ്നങ്ങൾ വ്യാപകമാണ്.
പ്രായവും മാനസിക പിരിമുറുക്കവും മാത്രമല്ല പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുന്നത്. മറിച്ച്, പുകവലി, മദ്യപാനം, വേപ്പിംഗ് എന്നിവയും പ്രത്യുത്പാദനത്തെ ബാധിക്കും. ഇത്തരം ദുശ്ശീലങ്ങൾ പലപ്പോഴും വ്യക്തിപരമായ കാര്യങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. ഗർഭധാരണം ആസൂത്രണം ചെയ്യുമ്പോൾ മാത്രം ഈ ശീലങ്ങൾ കുറയ്ക്കുകയോ താത്ക്കാലികമായി നിർത്തുകയോ ചെയ്താൽ മതിയെന്നും പലരും ചിന്തിക്കുന്നു. ഇവ പ്രത്യുത്പാദന അവയവങ്ങൾ, ഹോർമോണുകൾ, കുഞ്ഞിന്റെ ആരോഗ്യം എന്നിവയെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ പൂർണമായും ഒഴിവാക്കേണ്ടത് അനിവാര്യമാണ്.
പുകവലിശീലം നിർത്താൻ ചില ടിപ്സ്
നിക്കോട്ടിൻ ആസക്തി അധികമാവുമ്പോൾ ഇഷ്ടമുള്ള മറ്റെന്തെങ്കിലും കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്.. സിനിമ കാണുകയോ പാട്ട് കേൾക്കുകയോ നടക്കാൻ പോവുകയോ തുടങ്ങി ഇഷ്ടമുള്ള എന്ത് കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പുകവലിയുടെ ചിന്തയിൽനിന്ന് മനസ്സിനെ വ്യതിചലിപ്പിക്കും. ചിലപ്പോൾ വെള്ളത്തിനുവേണ്ടി ദാഹിക്കുമ്പോൾ അത് പുകവലിക്കാനുള്ള സിഗ്നലായി നാം തെറ്റിദ്ധരിച്ചേക്കാം. അതിനാൽ, അടുത്ത തവണ സിഗരറ്റ് വലിക്കാൻ തോന്നുമ്പോൾ പകരം ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കുന്നത് നല്ലതായിരിക്കും.
സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശീലമാക്കിയാൽ നിക്കോട്ടിനോടുള്ള ആസക്തി കുറയുകയും പകരം ശരീരത്തിലെ എൻഡോർഫിനുകൾ നല്ലൊരു മൂഡ് സൃഷ്ടിക്കുകയും ചെയ്യും. ച്യൂയിങ് ഗമ്മോ ഷുഗർ ഫ്രീ മിഠായികളോ നുണഞ്ഞുകൊണ്ടിരിക്കുന്നത് വായയെ എപ്പോഴും പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുകയും ഇത്തരത്തിൽ പുകവലിയല്ലാതെ മറ്റെന്തെങ്കിലും സംഗതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തലച്ചോറിനെ സഹായിക്കുകയും ചെയ്യും.
പുകവലി നിർത്താൻ ശ്രമിക്കുന്നവർക്ക് പലതരത്തിലുള്ള ട്രിഗറുകൾ ഉണ്ടാവാം. ഇത്തരം സാഹചര്യങ്ങളിൽനിന്ന് ഒഴിവാകാൻ പരമാവധി ശ്രദ്ധ പുലർത്തണം. പുകവലിക്കുന്ന മറ്റാളുകളുടെ അടുത്ത് നിന്ന് മാറിനിൽക്കുക, സ്ഥിരമായി പുകവലിക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കുക എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഓരോരുത്തരുടേയും ട്രിഗറുകൾ വ്യത്യസ്തമായിരിക്കും. അത് കണ്ടെത്തി ഒഴിവാക്കാൻ ശ്രമിക്കുക. ഒപ്പം, ഒരു സപ്പോർട്ട് ഗ്രൂപ്പ് ഉണ്ടാവുന്നതും നല്ലതാണ്. സ്വന്തം കുടുംബത്തിലുള്ളവരുമായും സുഹൃത്തുക്കളുമായുമൊക്കെ കാര്യങ്ങൾ പങ്കുവെയ്ക്കുക, അവരുടെ പിന്തുണയും സഹകരണവും ചോദിക്കുക എന്നതൊക്കെ വളരെയധികം ഉപകാരപ്രദമാണ്.
നിക്കോട്ടിൻ റീപ്ലേസ്മെന്റ് തെറാപ്പിയാണ് മറ്റൊരു നല്ല മാർഗം. പൊതുവേ ഈ തെറാപ്പി സ്വന്തമായി ചെയ്യാമെങ്കിലും നിക്കോട്ടിന് പകരം എന്താണ് ഉപയോഗിക്കേണ്ടതെന്ന് ഉറപ്പില്ലാത്ത സാഹചര്യങ്ങളിൽ ഡോക്ടറുമായോ ഫാർമസിസ്റ്റുമായോ ബന്ധപ്പെടാവുന്നതാണ്. അടുത്തത്, ആയിരിക്കുന്ന അവസ്ഥകളിലും ചെയ്യുന്ന കാര്യങ്ങളിലും സമ്പൂർണ മനസാന്നിധ്യം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക എന്നതാണ്. ഇത് മാനസിക സമ്മർദം, ഉത്കണ്ഠ എന്നിവയെ ഇല്ലാതാക്കുകയും അതുവഴി നിക്കോട്ടിൻ ആസക്തി കുറയ്ക്കുകയും ചെയ്യും.
പുകവലി ഉപേക്ഷിക്കൽ എന്നത് വളരെയധികം പ്രയത്നവും സമയവും ആവശ്യമായ ഒരു സംഗതിയാണ് എന്ന വസ്തുതയാണ് ആത്യന്തികമായി നാം മനസ്സിലാക്കേണ്ടത്. ഒറ്റദിവസം കൊണ്ട് അത് മാറ്റിയെടുക്കാൻ കഴിയില്ല. ഒരോ ദിവസവും നാം നേടിയ ചെറിയ പുരോഗതിയെപ്പോലും അഭിനന്ദിക്കുകയും കൂടുതൽ പുരോഗതിയ്ക്കായി സ്വയം പ്രോത്സാഹിപ്പിക്കുകയും വേണം. ഇത്തരത്തിൽ, പതിയെപ്പതിയെ, വിജയകരമായി പുകവലി പൂർണമായി ഉപേക്ഷിക്കാൻ സാധിക്കും.
Content Highlights: Soni Razdan reveals smoking 100 cigarettes a day during filming, unaware of her pregnancy, sparking discussions on smoking's effects during pregnancy.