അമിതമായ മൊബൈൽ ഫോൺ ഉപയോഗം; പഠനത്തിൽ ഏകാഗ്രത കുറഞ്ഞത് 69% പേർക്ക്

#ടി.ജി. ജയകുമാർ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

പത്തനംതിട്ട: അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്ന 69 ശതമാനം വിദ്യാർഥികൾക്ക് പഠനത്തിൽ ഏകാഗ്രത കുറയുന്നതായി നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ. സ്കൂൾസ് നടത്തിയ പഠനത്തിൽ കണ്ടെത്തി. പഠനറിപ്പോർട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിച്ചെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, ഗവർണർ, സി.ബി.എസ്.ഇ. ചെയർമാൻ തുടങ്ങിയവർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങി 6,30,000 പേരിൽനിന്നാണ് വിവരങ്ങൾ ശേഖരിച്ചത്.

74 ശതമാനം വിദ്യാർഥികൾ നാലുമണിക്കൂറിൽ കൂടുതലും, 21 ശതമാനം രണ്ടുമണിക്കൂറിൽ കൂടുതലും പഠനാവശ്യങ്ങൾക്കല്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തി.

പഠനത്തിലെ കണ്ടെത്തലുകൾ വിശദമായി പരിശോധിച്ച് തീരുമാനം എടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് നാഷണൽ കൗൺസിൽ ഒാഫ് സി.ബി.എസ്.ഇ. സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ അറിയിച്ചു.

കോവിഡ് കാലത്ത് ഡിജിറ്റൽ പഠനത്തിന് സ്കൂളുകളും മൊബൈൽ പ്ലാറ്റ്‌ഫോമുകളെ ആശ്രയിച്ചു. ഇതോടെ മൊബൈൽ ഫോൺ പഠനോപകരണംകൂടിയായി.

18 വയസ്സിൽത്താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ ഉപയോഗനിയന്ത്രണവും ഡിജിറ്റൽ സുരക്ഷയും ഒരുക്കണമെന്ന് പഠനറിപ്പോർട്ട് നിർദേശിക്കുന്നു. 16 വയസ്സിൽത്താഴെയുള്ളവർക്ക് സമ്പൂർണനിരോധനം ഏർപ്പെടുത്താതെ, പ്രായത്തിനനുസരിച്ച് ഇളവുവരുത്താവുന്ന ഘട്ടംഘട്ടമായ നിയന്ത്രണങ്ങൾക്കാണ് നിർദേശം. മാർഗനിർദേശങ്ങൾ, ഡിജിറ്റൽ സാക്ഷരത, മാതാപിതാക്കളും സ്കൂളുകളും ചേർന്നുള്ള നിരീക്ഷണം തുടങ്ങിയവയും നിർദേശങ്ങളിലുണ്ട്. സമ്പൂർണനിരോധനം മാനസികപ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാമെന്നതിനാൽ, ശാസ്ത്രീയവും വളർച്ചാധിഷ്ഠിതവുമായ നയമാണ് സ്വീകരിക്കേണ്ടത്.

അമിതമായ മൊബൈൽഫോൺ ഉപയോഗംമൂലം കണ്ടെത്തിയ മറ്റ് പ്രശ്നങ്ങൾ

  • അതിരുവിട്ട മൊബൈൽഫോൺ ഉപയോഗം ചിലർക്ക് ഒരുതരം ലഹരിയായി.
  • ഹാനികരമായ സമ്പർക്കങ്ങൾക്ക് വഴിവെച്ചു.
  • മാനസികാരോഗ്യവെല്ലുവിളികൾക്ക് കാരണമായി; പെരുമാറ്റവ്യതിയാനം വന്നു.
  • അക്കാദമിക പ്രവർത്തനം കുറഞ്ഞു.
  • സഹപാഠികളുമായുള്ള ഇടപെടലും കുറഞ്ഞു.
  • ഉറക്കക്കുറവ്, സമ്മർദം, ഉത്കണ്ഠ എന്നിവയ്ക്ക് കാരണമായി.
  • അധ്യാപക-വിദ്യാർഥി ബന്ധത്തെ പ്രതികൂലമായി ബാധിച്ചു.

Content Highlights: 69% of students report decreased concentration due to mobile usage., 74% of students use phones for non-academic purposes for over 4 hours daily., Report submitted to central and state governments recommending age-appropriate restrictions