മണിക്കൂറുകളോളം കാരണമറിയാതെ കരഞ്ഞിട്ടുണ്ട്, കുട്ടിക്കാലത്തെ മുറിപ്പാടുകൾ വിടാതെ പിന്തുടരും- വിജയ് വർമ

#Health Desk
വിജയ് വർമ
വിജയ് വർമ

കുട്ടിക്കാലത്ത് കലുഷിതമായ അന്തരീക്ഷത്തിൽ വളരുന്ന കുട്ടികളിൽ പിൽക്കാലത്ത് മാനസികാരോഗ്യ പ്രശ്നങ്ങൾ കണ്ടുവരാറുണ്ടെന്ന് പലപഠനങ്ങളും തെളിയിച്ചിട്ടുണ്ട്. സ്നേഹവും കരുതലും നിറഞ്ഞ, ശാന്തമാർന്ന അന്തരീക്ഷത്തിൽ വളരുന്ന കുട്ടികളോളം വൈകാരിക നിയന്ത്രണം പ്രശ്നമുഖരിതമായ വീട്ടകങ്ങളിൽ വളരുന്ന കുട്ടികളുണ്ടാവില്ല. ബോളിവുഡ് നടൻ വിജയ് വർമ കഴി‍ഞ്ഞദിവസം ഇതേക്കുറിച്ച് വ്യക്തമാക്കിയിരുന്നു.

നടി റിയാ ചക്രബർത്തിയുമായുള്ള പോഡ്കാസ്റ്റ് ഷോയ്ക്കിടയിലാണ് വിഷാദം, ഉത്കണ്ഠാരോഗം എന്നിവയിലൂടെ കടന്നുപോയതിനേക്കുറിച്ച് വിജയ് വർമ തുറന്നുപറഞ്ഞത്. അച്ഛനുമായുണ്ടായിരുന്ന സുഖകരമല്ലാത്ത ബന്ധവും സിനിമാമേഖലയിൽ തുടക്കക്കാലത്ത് നേരിട്ട തിരസ്കരണങ്ങളുമൊക്കെ തന്റെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്നാണ് വിജയ് വർമ പറയുന്നത്.

അച്ഛൻ തന്നെ സ്നേഹിച്ചിരുന്നു. പക്ഷേ കരിയറിലും സൗഹൃദങ്ങളിലും എന്തിനധികം താൻ സമയം ചെലവഴിക്കുന്ന കാര്യങ്ങളിൽ വരെ അച്ഛന് വിപരീതമായ കാഴ്ചപ്പാടായിരുന്നുവെന്ന് വിജയ് വർമ പറയുന്നു. തന്നേക്കുറിച്ചുള്ള ഓരോകാര്യങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. അച്ഛനുമായി അകന്നതോടെ വീടുവിട്ട് പോന്നുവെന്നും ഇന്നും ആലോചിക്കുമ്പോൾ കുറ്റബോധം തോന്നുന്ന കാര്യമാണ് അതെന്നും വിജയ് വർമ പറയുന്നു.

‘’കുറ്റബോധത്തോടെയാണ് ഞാൻ വീടുവിട്ട് പോന്നത്. ഇന്നും അതുണ്ട്. ഒരു നേട്ടങ്ങളുമില്ലാതെ ഒരു ദശകത്തോളം ഞാൻ ഒറ്റയ്ക്ക് കഷ്ടപ്പെട്ടു. ഇന്ന് കാര്യങ്ങൾ മാറിയിട്ടുണ്ട്, പക്ഷേ അന്നങ്ങനെയല്ല’’- വിജയ് വർമ പറയുന്നു.

കോവിഡ് കാലത്ത് തന്റെ മാനസികാരോഗ്യം വഷളായെന്നും ആമിർ ഖാന്റെ മകളും സഹസംവിധായകയുമായ ഇറാ ഖാനാണ് തന്റെ പ്രശ്നം തിരിച്ചറിഞ്ഞതെന്നും വിജയ് വർമ പറയുന്നുണ്ട്. എന്തെങ്കിലും ചെയ്തേ പറ്റൂ എന്നുപറഞ്ഞ് ഇറ ഓൺലൈൻ വർക്കൗട്ടിന് ചേർത്തു, കോച്ചിനെപ്പോലെയായിരുന്നു ഇറ നിന്നത്. വൈകാതെ തെറാപ്പി തുടങ്ങുകയും കടുത്ത വിഷാദരോഗവും ഉത്കണ്ഠാരോഗവും ആണെന്ന് തിരിച്ചറിയുകയും ചെയ്തു. സൂര്യനമസ്കാര ചെയ്യുമ്പോൾ കുഴഞ്ഞുവീഴുകയും മണിക്കൂറുകളോളം കാരണമറിയാതെ കരയുകയും ചെയ്തിരുന്നുവെന്നും വിജയ് പറയുന്നു.

പ്രശ്നമുഖരിതമായ അന്തരീക്ഷത്തിലാണ് വളർന്നതെങ്കിൽ അത് കാലങ്ങളോളം മായാത്ത മുറിപ്പാടുകളായി കൂടെയുണ്ടാകുമെന്നും വിജയ് പറയുന്നു. കുട്ടിക്കാലത്തെ വേദനകൾ മറന്നു എന്ന് നിങ്ങൾ സ്വയംകരുതും, പക്ഷേ ഉപബോധ മനസ്സിന് അതോർമയുണ്ടാവും. പ്രണയ ജീവിതത്തിൽപ്പോലും അത് പ്രകടമാകും. കുട്ടിക്കാലത്ത് അടുത്ത ബന്ധങ്ങൾ തകരുന്നത് കണ്ടാണ് വളരുന്നതെങ്കിൽ പ്രണയത്തോട് ഭയം തോന്നുകയും ആളുകളെ അകറ്റിനിർത്തുകയും ചെയ്യും. അത്തരം പ്രശ്നങ്ങളിലൂടെ കടന്നുപോയവർ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടാൽ വൈകാതെ പരിഹാരം തേടണമെന്നും വിജയ് വർമ കൂട്ടിച്ചേർക്കുന്നു.

എന്താണ് ചൈൽഡ്ഹുഡ് ട്രോമ?

ട്രോമ എന്നത് സാധാരണയായി ഒരു കുട്ടിക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത വിധത്തിലുള്ള വേദനാജനകമായ അനുഭവങ്ങളാണ്. മാതാപിതാക്കളുടെ വേർപാട്, കുടുംബത്തിലെ അക്രമം, സ്നേഹക്കുറവ്, അവഗണന, ദാരിദ്ര്യം, സ്കൂളിൽനിന്നും സൈബറിടങ്ങളിൽനിന്നും ഉണ്ടാവുന്ന ബുള്ളീയിങ്, ബോഡി ഷെയ്മിങ് തുടങ്ങി പലതും ട്രോമയ്ക്ക് കാരണമാകാം.

ട്രോമയുടെ ആഘാതം ഏറ്റവും കൂടുതൽ ബാധിക്കുന്നത് മാനസികാരോഗ്യത്തെയാണ്. ബാല്യത്തിൽ അനുഭവിച്ച പീഡനങ്ങൾ യുവത്വത്തിൽ അമിതമായ ഉത്കണ്ഠ, വിഷാദരോഗം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ തുടങ്ങിയ രോഗങ്ങൾക്ക് വഴിയൊരുക്കുന്നു. ചെറിയ സംഭവങ്ങൾക്കുപോലും അമിതമായ വികാരപ്രകടനം, സ്ഥിരമായ ഭയം, കുറ്റബോധം, സ്വയം വിലകുറച്ച് കാണൽ എന്നിവയെല്ലാം അവരിൽ ഉണ്ടായേക്കാം.

Content Highlights: Bollywood actor Vijay Varma shares his journey with depression & anxiety, highlighting how childhood trauma and difficult environments impact mental well-being in adulthood.