എന്താണ് ദീപിന്ദർ ഗോയൽ ധരിച്ച ‘ടെമ്പിൾ’? ചർച്ചയായി ഡിവൈസ്; ശാസ്ത്രീയ അടിത്തറ ഇല്ലാത്തതെന്ന് വിദഗ്ധർ

സൊമാറ്റോയുടെ സ്ഥാപകൻ ദീപിന്ദർ ഗോയൽ കഴിഞ്ഞ ദിവസം ഒരഭിമുഖത്തിൽ പങ്കെടുക്കവേ തലയുടെ മുൻഭാഗത്ത് ഒരുവശത്തായി ഒരുപകരണം ഘടിപ്പിച്ചിരുന്നു. ഇതെന്താണെന്നത് സംബന്ധിച്ച ചർച്ചകളും പിന്നാലെ ഉയർന്നു. ച്യൂയിങ് ഗം ആണോ എന്നും ചാർജിങ് പാഡ് ആണോ എന്നുമൊക്കെ മീമുകളും വന്നു. ടെംപിൾ എന്ന പേരിൽ ദീപിന്ദർ ഗോയൽ അവതരിപ്പിച്ച ഒരു പരീക്ഷണാത്മക ഉപകരണമാണിത്. മസ്തിഷ്കത്തിലെ രക്തയോട്ടം തുടർച്ചയായും തത്സമയവും നിരീക്ഷിക്കുക എന്നതാണ് ഉപകരണത്തിന്റെ ലക്ഷ്യമെന്ന് ദീപിന്ദർ ഗോയൽ അവകാശപ്പെടുന്നു.
തലയോട്ടിയുടെ നാല് അസ്ഥികൾ കൂടിച്ചേരുന്ന ടെമ്പിൾ ഭാഗത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ഡിവൈസിനും ആ പേര് തന്നെ നൽകിയിരിക്കുന്നത്. നിലവിൽ ടെമ്പിൾ എന്ന ദീപിന്ദറിന്റെ തന്നെ ഹെൽത്ത് ടെക്ക് സ്റ്റാർട്ടപ്പിനു കീഴിൽ വികസിപ്പിച്ചെടുത്ത ഡിവൈസാണിത്. മസ്തിഷ്കത്തിലെ രക്തയോട്ടം കൃത്യമായും തൽസമയവും നിരീക്ഷിക്കാനുള്ള പരീക്ഷണാത്മക ഉപകരണം എന്നാണ് ദീപിന്ദർ ടെമ്പിളിനെ വിശേഷിപ്പിക്കുന്നത്.
നിലവിൽ വിപണിയിൽ പുറത്തിറക്കുകയോ, എന്ന് പുറത്തിറക്കുമെന്ന് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. മസ്തിഷ്കത്തിലെ രക്തയോട്ടം പ്രായമാകുന്നതിനനുസരിച്ച് കുറയുമെന്നും അൽസ്ഹൈമേഴ്സ് രോഗമുള്ളവരിൽ ഇതിന്റെ വേഗം കൂടുമെന്നും ദീപിന്ദർ പറയുന്നു. ദീർഘനേരം ഇരിക്കുകയോ നിവർന്നുനിൽക്കുകയോ ചെയ്യുന്നതും തലച്ചോറിലെ രക്തയോട്ടം കുറയ്ക്കുമെന്നാണ് ദീപിന്ദർ പറയുന്നത്. ടെമ്പിൾ എന്ന ഡിവൈസിലൂടെ നിരന്തരം നിരീക്ഷിക്കുകവഴി വിദ്യാർഥികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക, ക്ഷീണം കുറയ്ക്കുക തുടങ്ങിയവയും അത്ലറ്റുകൾക്ക് മാനസിക സമ്മർദവും പ്രായമായവർക്ക് വൈജ്ഞാനിക അപചയവും കൈകാര്യം ചെയ്യാനാവുമെന്നും ഇത് കൂടുതൽകാലം ആരോഗ്യകരമായി ജീവിക്കാൻ വഴിതെളിക്കുമെന്നും ദീപിന്ദർ അവകാശപ്പെടുന്നു.
എന്നാൽ ടെമ്പിൾ മസ്തിഷ്കത്തിലെ രക്തയോട്ടം നിരീക്ഷിക്കുമെന്നതിന് ശാസ്ത്രീയ അടിത്തറയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. എംആർഐ പോലെ സൂക്ഷ്മമായി മസ്തിഷ്കത്തിലെ രക്തയോട്ടം നിരീക്ഷിക്കാൻ ഇത്തരം ഉപകരണങ്ങൾക്ക് കഴിയില്ല. ഹൃദയമിടിപ്പ്, ചർമത്തിലെ മാറ്റങ്ങൾ തുടങ്ങിയവ തിരിച്ചറിയാൻ കഴിഞ്ഞേക്കാമെങ്കിലും മസ്തിഷ്കത്തിലെ രക്തയോട്ടം പോലുള്ള സങ്കീർണമായ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
ഡൽഹി എയിംസിൽ നിന്നുള്ള ഡോ.ദത്തയും ഡിവൈസിന്റെ പ്രവർത്തനത്തെ വിമർശിച്ച് രംഗത്തെത്തി. ഫിസിഷ്യനും ആർട്ടീരിയൽ സ്റ്റിഫ്നസ്& പൾസ് വേവ് വെലോസിറ്റി എന്ന വിഷയത്തിൽ ആദ്യകാല ഗവേഷണം നടത്തിയിട്ടുള്ളയാളുമായ തനിക്ക് നിലവിൽ ശാസ്ത്രീയമായ അടിത്തറയില്ലാത്തതാണ് ഈ ഡിവൈസ് എന്ന് പറയാനാവുമെന്ന് ഡോ.ദത്ത എക്സിൽ കുറിച്ചു. കോടീശ്വരന്മാർക്ക് പണം പാഴാക്കാനാവുന്ന ഫാൻസി കളിപ്പാട്ടങ്ങൾക്കുവേണ്ടി നിങ്ങൾ കഠിനാധ്വാനം ചെയ്ത പണം പാഴാക്കരുതെന്നും ഡോ.ദത്ത കുറിച്ചു.
As a physician-scientist and one of the earliest researchers in India in Arterial Stiffness and Pulse Wave Velocity (2017) which predicts cardiovascular mortality, I can assure you that this device currently has 0 scientific standing as a useful device and do not waste your hard… https://t.co/pm0pxGRycd
— Dr. Datta M.D. (Radiology) M.B.B.S. 🇮🇳 (@DrDatta_AIIMS) January 4, 2026
Content Highlights: Explore Deepinder Goyal`s `Temple` device. Is it real science or a fancy gadget? Get the facts on its claims and expert opinions.