ചികിത്സ വൈകിപ്പിക്കരുത്, ഓരോ നിമിഷവും അപകടകരം; ജന്തുജന്യ രോഗങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

നിപയും കോവിഡും എലിപ്പനിയും സൃഷ്ടിച്ച ഭീതിയിൽ നിന്ന് നാം ഇനിയും പൂർണ്ണമായി മുക്തരായിട്ടില്ല. പ്രകൃതിയും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ തെറ്റുമ്പോൾ പുതിയ രോഗാണുക്കൾ എങ്ങനെ രൂപപ്പെടുമെന്നും അവ എങ്ങനെ മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്നും സമീപകാല അനുഭവങ്ങൾ നമ്മെ പഠിപ്പിച്ചു. ഈ പശ്ചാത്തലത്തിലാണ് എല്ലാ വർഷവും ജൂലായ് 6-ന് ആചരിക്കുന്ന ലോക ജന്തുജന്യ രോഗദിനം (World Zoonoses Day) കൂടുതൽ പ്രസക്തമാകുന്നത്.
1885 ജൂലായ് 6-ന് ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലൂയി പാസ്ചർ പേവിഷബാധയ്ക്കെതിരെയുള്ള (Rabies) ആദ്യ വാക്സിൻ വിജയകരമായി പരീക്ഷണവിധേയമാക്കിയതിന്റെ ഓർമ്മപ്പെടുത്തലായാണ് ഈ ദിവസം ലോക ജന്തുജന്യ രോഗദിനമായി തിരഞ്ഞെടുത്തത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെയാണ് 'സൂനോട്ടിക് രോഗങ്ങൾ' (Zoonotic Diseases) അല്ലെങ്കിൽ ജന്തുജന്യ രോഗങ്ങൾ എന്ന് അറിയപ്പെടുന്നത്. കോവിഡ്-19, നിപ, എലിപ്പനി, മങ്കിപോക്‌സ് തുടങ്ങിയ രോഗങ്ങളിലൂടെ സമീപകാലത്ത് നാം ഈ രോഗങ്ങളുടെ തീവ്രത നേരിട്ട് മനസ്സിലാക്കിയതാണ്. മനുഷ്യരിൽ കാണപ്പെടുന്ന പകർച്ചവ്യാധികളിൽ 60 ശതമാനവും ജന്തുജന്യമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
തുടക്കത്തിലെ ലക്ഷണങ്ങൾ അവഗണിക്കരുത്
വ്യത്യസ്ത രോഗങ്ങൾക്ക് വ്യത്യസ്ത ലക്ഷണങ്ങളാണെങ്കിലും, ജന്തുജന്യ രോഗബാധയുടെ പ്രാരംഭഘട്ടത്തിൽ പൊതുവായി കാണാറുള്ള ചില ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:
കഠിനമായ പനി: പെട്ടെന്നുണ്ടാകുന്നതും വിറയലോടു കൂടിയതുമായ ശക്തമായ പനി.
ശരീരവേദന: പേശികളിലും സന്ധികളിലും ഉണ്ടാകുന്ന കഠിനമായ വേദന (പ്രത്യേകിച്ച് എലിപ്പനി പോലുള്ള രോഗങ്ങളിൽ കാൽമുട്ടിലെ പേശികളിലെ വേദന).
അമിതമായ ക്ഷീണവും തലവേദനയും: വിട്ടുമാറാത്ത തലവേദനയും ശരീരം തളരുന്നതുപോലെയുള്ള ക്ഷീണവും.
ദഹനസംബന്ധമായ പ്രശ്‌നങ്ങൾ: വയറിളക്കം, ഛർദ്ദി, വയറുവേദന എന്നിവ.
ചർമ്മത്തിലെ മാറ്റങ്ങൾ: തൊലിപ്പുറത്തുണ്ടാകുന്ന തടിപ്പുകൾ (Rashes), ചൊറിച്ചിൽ അല്ലെങ്കിൽ ചെറിയ വ്രണങ്ങൾ.
ശ്വാസകോശ പ്രശ്‌നങ്ങൾ: വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം അല്ലെങ്കിൽ തൊണ്ടവേദന (പക്ഷിപ്പനി, നിപ തുടങ്ങിയവയുടെ ലക്ഷണം).
രോഗകാരണങ്ങളും സാധ്യതകളും
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗാണുക്കൾ (വൈറസ്, ബാക്ടീരിയ, ഫംഗസ്, പരാദങ്ങൾ) പ്രധാനമായും നാല് വഴികളിലൂടെയാണ് പകരുന്നത്:
നേരിട്ടുള്ള സമ്പർക്കം (Direct Contact): രോഗബാധയുള്ള മൃഗങ്ങളുടെ ഉമിനീര്, രക്തം, മൂത്രം, മലം എന്നിവയുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നത് വഴി (ഉദാഹരണത്തിന്: പേപ്പട്ടി കടിയേൽക്കുന്നത് വഴി റാബീസ് പകരുന്നത്).
പരോക്ഷ സമ്പർക്കം (Indirect Contact): മൃഗങ്ങൾ വസിക്കുന്ന ഇടങ്ങൾ, അവയുടെ കൂട്, അല്ലെങ്കിൽ അവയുടെ സ്രവങ്ങൾ കലർന്ന മണ്ണ്, വെള്ളം എന്നിവയുമായുള്ള സമ്പർക്കം. മഴക്കാലത്ത് കെട്ടിക്കിടക്കുന്ന മലിനജലത്തിലൂടെ എലിപ്പനി (Leptospirosis) പടരുന്നത് ഇതിന് ഉദാഹരണമാണ്.
ഭക്ഷണത്തിലൂടെ (Food-borne): ശരിയായി വേവിക്കാത്ത മാംസം, മുട്ട എന്നിവ കഴിക്കുന്നതിലൂടെയും പാസ്ചറൈസ് ചെയ്യാത്ത പാൽ കുടിക്കുന്നതിലൂടെയും രോഗാണുക്കൾ ശരീരത്തിലെത്താം.
വെക്ടറുകൾ വഴി (Vector-borne): കൊതുക്, ചെള്ള് എന്നി വാഹകർ കടിക്കുന്നത് വഴി മൃഗങ്ങളിൽ നിന്ന് രോഗം മനുഷ്യരിലേക്ക് എത്തുന്നു (ഉദാഹരണത്തിന്: കുരങ്ങുപനി അഥവാ കെ.എഫ്.ഡി).
മുൻകൂട്ടിയുള്ള കണ്ടെത്തലിന്റെ പ്രാധാന്യം
ജന്തുജന്യ രോഗങ്ങളുടെ കാര്യത്തിൽ ചികിത്സ വൈകിപ്പോകുന്ന ഓരോ നിമിഷവും അപകടകരമാണ്. നിപ, പേവിഷബാധ, എലിപ്പനി തുടങ്ങിയ രോഗങ്ങൾ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ അത് ജീവന് തന്നെ ഭീഷണിയായേക്കാം.
പല സൂനോട്ടിക് രോഗങ്ങളുടെയും പ്രാരംഭ ലക്ഷണങ്ങൾ സാധാരണ പനിയുടേതിന് സമാനമായതുകൊണ്ട് ആളുകൾ പലപ്പോഴും ഇതിനെ അവഗണിക്കാറുണ്ട്. എന്നാൽ മൃഗങ്ങളുമായി സമ്പർക്കമുണ്ടായ ചരിത്രമുള്ളവരോ കാർഷിക മേഖലയിൽ ജോലി ചെയ്യുന്നവരോ ആണെങ്കിൽ ലക്ഷണങ്ങൾ കണ്ടയുടൻ ഡോക്ടറെ കണ്ട് രക്തപരിശോധനയോ മറ്റ് നിർദ്ദിഷ്ട സ്‌ക്രീനിംഗുകളോ നടത്തേണ്ടതാണ്.
മുൻകൂട്ടി രോഗനിർണ്ണയം നടത്തുന്നത് വഴി ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് രോഗം എത്താതിരിക്കാനും കൃത്യമായ ആന്റിവൈറൽ അല്ലെങ്കിൽ ആന്റിബയോട്ടിക് ചികിത്സ ഉറപ്പാക്കാനും സാധിക്കും. സ്വയംചികിത്സ ഒഴിവാക്കുക
ആരോഗ്യകരമായ ജീവിതശൈലിക്ക് ചില വിദഗ്ദ്ധ നിർദ്ദേശങ്ങൾ
ജന്തുജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ നമ്മുടെ ദൈനംദിന ജീവിതത്തിൽ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്:
വളർത്തുമൃഗങ്ങളുടെ വാക്സിനേഷൻ: നിങ്ങളുടെ വീട്ടിലെ നായ, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങൾക്ക് കൃത്യസമയത്ത് പേവിഷബാധയ്ക്കെതിരെയുള്ള വാക്സിനുകൾ നൽകുകയും അവയുടെ ആരോഗ്യം ഉറപ്പുവരുത്തുകയും ചെയ്യുക.
വ്യക്തിശുചിത്വം പാലിക്കുക: മൃഗങ്ങളെയോ അവയുടെ കൂടുകളോ കൈകാര്യം ചെയ്ത ശേഷവും, ആഹാരം കഴിക്കുന്നതിന് മുൻപും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും നന്നായി കഴുകുക.
സുരക്ഷിതമായ ആഹാരശീലം: മാംസവും മുട്ടയും നന്നായി വേവിച്ച് മാത്രം കഴിക്കുക. പാൽ എപ്പോഴും തിളപ്പിച്ചു മാത്രം ഉപയോഗിക്കുക. വവ്വാലുകളോ മറ്റ് പക്ഷികളോ കടിച്ച പഴങ്ങൾ ഒരിക്കലും കഴിക്കരുത്.
പ്രത്യേക വസ്ത്രങ്ങൾ ധരിക്കുക: തോട്ടങ്ങളിലും കൃഷിയിടങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവർ പ്രധിരോധത്തിനായി ബൂട്ട്‌സും ഗ്ലൗസും ധരിക്കാൻ ശ്രദ്ധിക്കുക. എലിപ്പനി സാധ്യതയുള്ള സാഹചര്യങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കുക.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക: വീടിനുള്ളിൽ എലി, പെരുച്ചാഴി തുടങ്ങിയവ വരാതിരിക്കാൻ ഭക്ഷണാവശിഷ്ടങ്ങൾ പൊതുസ്ഥലങ്ങളിൽ തള്ളാതെ സംസ്‌കരിക്കുക. വീട്ടുപരിസരം വൃത്തിയായി സൂക്ഷിക്കുക.
മനുഷ്യന്റെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം ഒന്നാണെന്ന തിരിച്ചറിവിലൂടെ മാത്രമേ ജന്തുജന്യ രോഗങ്ങളെ നമുക്ക് ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കൂ. ജാഗ്രത പുലർത്താം, ആരോഗ്യത്തോടെയിരിക്കാം.
(കോഴിക്കോട് ആസ്റ്റർ മിംസിലെ ജനറൽ മെഡിസിൻ സീനിയർ കൺസൾട്ടന്റാണ് ലേഖകൻ)
Content Highlights: Commemorating Louis Pasteur's first rabies vaccine on World Zoonoses Day., Identification of early symptoms like high fever, muscle pain, and fatigue., Four primary transmission routes: direct contact, indirect contact, food-borne, and vectors., Importance of early medical intervention to prevent life-threatening complications.