പയറുമണിയോളം മതി പേസ്റ്റ്, സ്വയംചികിത്സ ആപത്ത്; വായയുടെ ആരോഗ്യം നിസ്സാരമാക്കരുത്

വായയുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിലൂടെ നിരവധി രോഗങ്ങളെ പ്രതിരോധിക്കാനാവും. ഇത് മുൻനിർത്തിയാണ് എല്ലാവർഷവും മാർച്ച് ഇരുപതിന് ഓറൽ ഹെൽത്ത് ഡേ ആയി ആചരിക്കുന്നത്. വായയുടെ ആരോഗ്യം കാക്കുക, അതിനായി ചെയ്യേണ്ട കാര്യങ്ങൾ ശീലമാക്കുക തുടങ്ങിയവയൊക്കെയാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. അറിവും നിലവിലുള്ള മാർഗങ്ങളും ഉപയോഗിച്ച് വായയെ ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കുകയാണ് പ്രധാനലക്ഷ്യം.
വേൾഡ് ഡെന്റൽ ഫെഡറേഷൻ 2007 മുതലാണ് ഈ ദിനം ആചരിച്ചുവരുന്നത്. ബീ പ്രൗഡ് ഓഫ് യുവർ മൗത്ത്, പ്രൊട്ടെക്റ്റ് യുവർ സ്മൈൽ എന്നതാണ് ഈ വർഷത്തെ തീം. വായയുടെ ആരോഗ്യത്തിൽ അഭിമാനം കൊള്ളുക എന്നുപറയുന്നതിനൊപ്പം വായയുടെ ആരോഗ്യം ഒരാളുടെ ആത്മവിശ്വാസത്തെ വർധിപ്പിക്കുന്നത് എങ്ങനെയെന്ന് ഊന്നിപ്പറയുകയും ചെയ്യുന്നതാണ് തീം. ആഗോളതലത്തിൽ വായിലെ രോഗങ്ങൾ മൂലം മുന്നൂറുകോടിയിലേറെ പേർ വലയുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പറയുന്നത്. 1990 മുതൽ 2019 വരെ മാത്രം വായിലെ രോഗങ്ങൾ മൂലം ദുരിതം അനുഭവിക്കുന്നവർ നൂറുകോടിയിലധികമായിട്ടുണ്ട്.
അമിത മധുരത്തിന്റെ ഉപയോഗം, പുകയില ഉപയോഗം, ദന്തശുചിത്വം ഇല്ലായ്മ, മദ്യോപയോഗം തുടങ്ങിയവയാണ് വായിലുണ്ടാകുന്ന പലരോഗങ്ങൾക്കും പിന്നിൽ. അതിനാൽ വായുടെ ആരോഗ്യം കാക്കാൻ ഉതകുന്ന വഴികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
വായുടെ ആരോഗ്യത്തിന് ചില ടിപ്സ്
- വായിലെ വരൾച്ച നിയന്ത്രിക്കാൻ ധാരാളം വെള്ളം കുടിക്കണം
- രാവിലെ ഭക്ഷണത്തിന് മുൻപും വൈകുന്നേരം ഭക്ഷണത്തിന് ശേഷവും പല്ല് തേയ്ക്കണം. മുകളിൽ നിന്ന് താഴേക്കും തിരിച്ചുമാണ് പല്ല് തേയ്‌ക്കേണ്ടത്.
- പല്ലുതേയ്ക്കാൻ ബ്രഷിൽ നിറയെ പേസ്റ്റ് എടുക്കരുത്. പയറുമണിയോളം മാത്രമേ എടുക്കാവൂ
- നാക്ക് വൃത്തിയാക്കാൻ ബ്രഷിന്റെ ബ്രിസിലുകൾ ഉപയോഗിക്കാം
- ആറുമാസത്തിലൊരിക്കൽ നിർബന്ധമായും ദന്തപരിശോധന നടത്തണം.
- രാത്രി പല്ല് വൃത്തിയാക്കിയതിനുശേഷം വെള്ളമല്ലാതെ മറ്റൊന്നും കഴിക്കാതിരിക്കുക.
- അമ്ല രസമുള്ള ഭക്ഷണം കഴിച്ചയുടൻ പല്ല് ബ്രഷ് ചെയ്യാതിരിക്കുക. ഇനാമൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
- പല്ല് വരുന്ന പ്രായം മുതൽ കുട്ടികളിലെ ദന്തപരിചരണത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. അതിനായി വിദഗ്ധ ഡോക്ടർമാരുടെ സഹായം തേടാം.
- ദന്തക്ഷയം തുടക്കത്തിലെ ചികിത്സിക്കണം. രോഗം തിരിച്ചറിയാൻ എത്രത്തോളം നേരത്തെ സാധിക്കുന്നുവോ അത്രത്തോളം ഫലപ്രദമായി ചികിത്സിക്കാനാവും.
- സ്വയം ചികിത്സ ആപത്താണ് ഡോക്ടറെ കണ്ടതിനു ശേഷം മാത്രം മരുന്നുകൾ കഴിക്കുക.
- വർഷത്തിലൊരിക്കൽ ഡെന്റിസ്റ്റിനെ കണ്ട് പരിശോധനകൾ നടത്തി പല്ലുകളുടെയും മോണയുടെയും ആരോഗ്യം വിലയിരുത്താം.
Content Highlights: world oral health, dental health