പുകവലിക്കാരോട് ഒരുനിമിഷം... അടിക്കടി ഉണ്ടാകുന്ന ചുമ ഈ രോഗലക്ഷണമാണ്

#ഡോ. മധു കെ.
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ശ്വാസകോശനാളിയുടെ വികാസത്തെ ബാധിക്കുന്നതും കാലക്രമേണ രോഗത്തിന്റെ തീവ്രത കൂടിവരുന്നതുമായ രോഗമാണ് സിഒപിഡി. ഇത്തരം രോഗത്തിന്റെ ബോധവത്കരണത്തിനായി എല്ലാ വർഷവും നവംബർ മാസത്തിലെ മൂന്നാം ബുധനാഴ്ച ലോക സിഒപിഡി ദിനമായി ആചരിക്കുന്നു.

നമ്മുടെ ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങൾ സ്വയം വിലയിരുത്തുക എന്നതാണ്  ഈ വർഷത്തെ സന്ദേശം. ശ്വാസകോശത്തിന്റെ പ്രവർത്തനം ഉയർത്തികാട്ടുകയും രോഗനിർണ്ണയത്തിനായി പൾമിനറി ഫംഗ്ഷൻ ടെസ്റ്റിന്റെ പങ്ക് വ്യക്തമാക്കുകയും  ചെയ്യുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യംവെക്കുന്നത്.

പുകവലിയാണ് സിഒപിഡി രോഗത്തിന്റെ മുഖ്യകാരണമെങ്കിലും തൊഴിൽ സ്ഥലങ്ങളിലെ മലിനീകരണം, വാഹനങ്ങളിലെ ശക്തമായ പുക, അടുക്കളയിലെ പുക തുടങ്ങിയവ കാരണംകൊണ്ടും സിഒപിഡി രോഗബാധ ഉണ്ടായേക്കാം. അടിക്കടി ഉണ്ടായേക്കാവുന്ന ചുമയും ശ്വാസംമുട്ടലും, കഫക്കെട്ട് പോലുള്ള ബുദ്ധിമുട്ടുകളുമാണ് രോഗത്തിന്റെ പ്രാധാന ലക്ഷണങ്ങൾ.

പൾമനറി ഫക്ഷൻ ടെസ്റ്റ്/  സ്പിറോമീറ്ററി (Pulmonary function Test/ Spirometry)പരിശോധനയിലൂടെയാണ് രോഗനിർണയം സാധ്യമാവുന്നത്. ഇതോടൊപ്പം തന്നെ അനുബന്ധരോഗങ്ങൾക്കുള്ള പരിശോധനകളും പൂർത്തീകരിക്കേണ്ടതുണ്ട്. ശ്വാസനാളിയുടെ വികാസം കൂട്ടുന്ന മരുന്നുകളാണ് ചികിത്സയുടെ ഭാഗമായി പ്രധാനമായും നൽകുന്നത്.

പുതുതായി ഉപയോഗത്തിലുള്ള എൽഎബിഎ, എൽഎഎംഎ ഗ്രൂപ്പിൽപെട്ട മരുന്നുകളിലൂടെ ഇവ ഫലപ്രദമായി ചികിത്സിക്കാൻ സാധിക്കും. സ്റ്റിറോയ്ഡ് മരുന്നുകൾ രോഗത്തിന്റെ തീവ്രത വളരെ കൂടിയാൽ മാത്രമേ നൽകാറുള്ളൂ. ഇത്തരം രോഗാവസ്ഥയുള്ളവർ പുകവലി പൂർണമായും ഒഴിവാക്കേണ്ടതാണ്. ശ്വാസ തടസ്സം നിയന്ത്രണ വിധേയമാക്കാനുള്ള വ്യായാമങ്ങളിൽ ഏർപ്പെടുന്നതും രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും. 

രോഗത്തിന്റെ തീവ്രത വർധിച്ച് വരുമ്പോൾ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞുവരുന്നതായും കാണാം. ഓക്സിജന്റെ അളവ് നിലനിർത്തുന്നതിന് പുറത്തുനിന്നുള്ള ഉപകരണങ്ങളുടെ സഹായം ഈ ഘട്ടങ്ങളിൽ ആവശ്യമായി വന്നേക്കാം. ശരീരത്തിലെ പ്രതിരോധ ശേഷി വളരെ കുറവായതിനാൽ തന്നെ അണുബാധ സാധ്യതയും കൂടുതലാണ്. ഇതിനെ പ്രതിരോധിക്കാൻ ആവശ്യമായ കുത്തിവെപ്പുകളും ഇത്തരം രോഗാവസ്ഥയിലുള്ളവർ നിർബന്ധമായും സ്വീകരിക്കേണ്ടതാണ്.  ഏതൊരു രോഗത്തെ പോലെ രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാനുള്ള സാധ്യതകൾ ഇല്ലാതാക്കുകയാണ്.

(കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ പള്‍മനോളജി വിഭാഗം ഡയറക്ടറാണ് ലേഖകന്‍)
 

Content Highlights: World No Tobacco Day see the health condition