ദഹനം പ്രശ്നമായാലും ചികിത്സ തേടാൻ വൈകും, പിന്നാലെ അസിഡിറ്റി മുതൽ വിട്ടുമാറാത്ത രോഗങ്ങൾ വരെ

ദഹനം നന്നായാൽ പകുതി ആരോഗ്യപ്രശ്നങ്ങൾ കുറയും. ശരീരത്തിന് ആവശ്യമായ പോഷകം ആഗിരണം ചെയ്യുന്നതിലും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിലും ഹോർമോൺ നില സന്തുലിതമായി നിലനിർത്തുന്നതിനുമൊക്കെ ദഹനം പ്രധാനമാണ്. ഈ സാഹചര്യത്തിലാണ് ലോക ദഹനാരോഗ്യദിനത്തിന്റെ പ്രസക്തി. ദഹനം സംബന്ധിച്ച രോഗങ്ങൾ, അവയുടെ ചികിത്സ എന്നിവയെക്കുറിച്ചെല്ലാം അവബോധം പ്രചരിപ്പിക്കുന്നതിനായാണ് എല്ലാ വർഷവും മെയ് 29 ന് ലോക ദഹനാരോഗ്യ ദിനമായി ആചരിക്കുന്നത്. 2005 ൽ വേൾഡ് ഗ്യാസ്ട്രോഎൻട്രോളജി ഓർഗനൈസേഷൻ (WGO) ആണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്.
ദഹനാരോഗ്യം മോശമാകുന്നത് വീക്കം, അസിഡിറ്റി, മലബന്ധം, വയറിളക്കം, ഇറിറ്റബിൾ ബവൽ സിൻഡ്രോം, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും. അതിനാൽ കരുതലില്ലാതെ പോകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് വരെ നയിക്കാം. "വിട്ടുമാറാത്ത ഡയേറിയ: ലക്ഷണങ്ങൾ അവഗണിക്കരുത്". എന്നതാണ് ഈ വർഷത്തെ ദഹനാരോഗ്യ ദിനത്തിന്റെ തീം. സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടാത്തതും തെറ്റിദ്ധരിക്കപ്പെടുന്നതുമായ ആരോഗ്യപ്രശ്നമാണിത്. പലരും നാണക്കേടുമൂലം കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നതുവരെ ചികിത്സ വൈകിക്കുകയും ചെയ്യും. ഇതിനാലാണ് ഇത്തവണ ഡയേറിയക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള തീം സ്വീകരിച്ചിരിക്കുന്നത്.
അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, വ്യായാമമില്ലാത്ത ജീവിതശൈലി, സമ്മർദ്ദം, ഉറക്കക്കുറവ്, സംസ്കരിച്ചതും അനാരോഗ്യകരവുമായ ഭക്ഷണങ്ങളുടെ അമിത ഉപഭോഗം എന്നിവ കാരണം ദഹന സംബന്ധമായ രോഗങ്ങൾ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന കാലവുമാണിത്. ലക്ഷക്കണക്കിന് ആളുകൾ ദഹനസംബന്ധമായ അസ്വസ്ഥതകൾ അനുഭവിക്കുമ്പോഴും ചികിത്സ തേടുന്നത് വൈകിക്കുകയാണ്. ദഹനം സംബന്ധിച്ച എന്ത് തകരാറുകൾ പ്രകടമായാലും ചികിത്സ വൈകരുതെന്ന് ഓർമിപ്പിക്കുക കൂടിയാണ് ഈ ദിനം.
ദഹനം സുഗമമാക്കാൻ ചില ടിപ്സ്
- ദഹനത്തിന് ശരീരത്തിൽ ജലാംശം നിലനിൽക്കേണ്ടത് അത്യാവശമാണ്. ധാരാളം വെള്ളം കുടിക്കുന്നതുവഴി ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും കഴിയും.
- ഇഞ്ചിയും മഞ്ഞളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇവ ദഹനത്തെ ഉത്തേജിപ്പിക്കുകയും കുടലിന്റെ പ്രശ്‌നങ്ങളെ ശമിപ്പിക്കുകയും ചെയ്യുന്നു. സൂപ്പുകൾ, കറികൾ എന്നിവയിൽ ഇവ രണ്ടും കൂടുതലായി ചേർക്കാൻ ശ്രദ്ധിക്കാം. ഇടയ്ക്കിടയ്ക്ക് ജിഞ്ചർ ടീ കുടിക്കുന്നതും നല്ലതാണ്.
- നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് മറ്റൊരു സംഗതി. ഇവ ദഹനത്തെ ഉത്തേജിപ്പിക്കുകയും മലവിസർജനം കൃത്യമാകാൻ സഹായിക്കുകയും ചെയ്യും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവയാണ് ആരോഗ്യകരമായ കുടലിുനെ പരിപോഷിപ്പിക്കുന്ന ഏതാനും ഭക്ഷണസാധനങ്ങൾ.
- പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് മറ്റൊന്ന്. ഇത് കുടലിലെ ബാക്ടീരിയയുടെ പ്രവർത്തനത്തിന് നല്ലതാണ്. യോഗർട്ട്, കെഫീർ മുതലായവയിൽ പ്രോബയോട്ടിക് ധാരാളമായി അടങ്ങിയിട്ടുണ്ട്.
- കട്ടിയുള്ളതും എണ്ണയിൽ വറുക്കുന്നതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇവ ദഹനവ്യവസ്ഥയെ മന്ദഗതിയിലാക്കും. മാത്രമല്ല, സംസ്‌കരിച്ച ഭക്ഷണങ്ങളിൽ നാരുകളും പോഷകങ്ങളും കുറവുമാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനായി ഇവ ഭക്ഷണത്തിൽനിന്ന് പരമാവധി ഒഴിവാക്കൂ.
- ശരിയായ ദഹനത്ത പരിപോഷിപ്പിക്കാനായി ഭക്ഷണം ശ്രദ്ധയോടെ കഴിക്കാൻ ശീലിക്കുക. ഇത് ഭക്ഷണം ശരിയായ രീതിയിൽ വിഘടിപ്പിക്കാൻ ശരീരത്തെ സഹായിക്കും. സാവധാനത്തിലും ശ്രദ്ധയോടെയും ചവച്ചരച്ച് ആസ്വദിച്ച് വേണം കഴിക്കാൻ. ദഹനം തടസ്സപ്പെടാതിരിക്കാനായി ഭക്ഷണം കാണുമ്പോൾ ടിവിയോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ കാണുന്നത് ഒഴിവാക്കുക.
- ദഹനനാളത്തിലെ പേശികളെ ഉത്തേജിപ്പിക്കാനായി യോഗയിലോ നടത്തത്തിലോ മറ്റെന്തെങ്കിലും ശാരീരിക വ്യായാമങ്ങളിലോ മുഴുകാൻ ശ്രദ്ധിക്കുക. ശാരീരികമായി സജീവമായിരിക്കുന്നത് ദഹനം സുഗമമാക്കും.
- മാനസികസമ്മർദം ദഹനത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ, സമ്മർദനില നിയന്ത്രിച്ചുനിർത്തേണ്ടത് പ്രധാനമാണ്. മെഡിറ്റേഷൻ, ശ്വസനവ്യായാമങ്ങൾ തുടങ്ങിയ ഹോബികൾ ശീലിക്കുന്നത് മനസ്സിന്റെ ശാന്തത നിലനിർത്താൻ സഹായിക്കും.
- ഒരോരുത്തരുടേയും ശരീരത്തിന്റെ ആവശ്യങ്ങളനുസരിച്ച് മാറ്റങ്ങൾ വരുത്തണം. എന്നിട്ടും ദഹനസംബന്ധമായ പ്രശ്‌നങ്ങൾ തുടരുന്നുണ്ടെങ്കിൽ, വ്യക്തിഗത ഉപദേശത്തിനായി ഒരു ഹെൽത്ത്‌കെയർ സ്‌പെഷ്യലിസ്റ്റിനെ സമീപിക്കുന്നതാണ് ഉത്തമം.
Content Highlights: World Digestive Health Day 2026 focuses on chronic diarrhea awareness., Importance of early medical intervention for digestive issues., Lifestyle modifications including hydration, fiber intake, and stress management