തൊലിപ്പുറത്തെ അര്‍ബുദത്താല്‍ മരിക്കുന്നവരില്‍ മൂന്നിലൊന്നും വെയിലത്ത് ജോലി ചെയ്യുന്നവര്‍

സൂര്യപ്രകാശമേല്‍ക്കുന്ന ജോലിചെയ്യുന്നവര്‍ക്ക് തൊലിപ്പുറത്തുണ്ടാകുന്ന അര്‍ബുദത്തിന് (നോണ്‍ മെലനോമ സ്‌കിന്‍ കാന്‍സര്‍) കൂടുതല്‍ സാധ്യതയെന്ന് പഠനം. ഇത്തരം അര്‍ബുദത്താല്‍ മരിക്കുന്നവരില്‍ മൂന്നിലൊന്നും സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്ന പുറംജോലികളില്‍ ഏര്‍പ്പെടുന്നവരാണ്. ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.), അന്താരാഷ്ട്ര തൊഴില്‍ സംഘടന (െഎ.എല്‍.ഒ.) എന്നിവയിലെ ഗവേഷകസംഘത്തിന്റെ പഠനത്തിലാണ് കണ്ടെത്തല്‍.
2019-ല്‍ 183 രാജ്യങ്ങളിലായി സൂര്യപ്രകാശമേറ്റ് ജോലിചെയ്ത 19,000 പേരുടെ മരണത്തിനുകാരണമായത് തൊലിപ്പുറത്തെ അര്‍ബുദമാണ്. മരിച്ചവരില്‍ 65 ശതമാനവും പുരുഷന്മാരുമാണെന്ന് 'എന്‍വയണ്‍മെന്റ് ഇന്റര്‍നാഷണല്‍ ജേണലി'ല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
10,088 മരണങ്ങളാണ് 2000-ല്‍ ഉണ്ടായിരുന്നത്. 2019-ല്‍ അത് ഏകദേശം ഇരട്ടിയായി. 15 വയസ്സോ കൂടുതലോ ഉള്ള 160 കോടി ജനങ്ങള്‍ അള്‍ട്രാവയലറ്റ് വികിരണത്തിനുവിധേയരായി ലോകത്ത് പുറംതൊഴിലില്‍ ഏര്‍പ്പെടുന്നുണ്ട്. തൊഴിലെടുക്കാന്‍ പ്രാപ്തരായ മൊത്തം ആളുകളുടെ 28 ശതമാനം വരുമിത്. 22 രാജ്യങ്ങളിലായി 2.9 ലക്ഷം ആളുകളില്‍ പഠനം നടത്തിയാണ് ഫലം പ്രസിദ്ധീകരിച്ചത്. 1996 ജനുവരി ഒന്നിനും 2021 ഡിസംബര്‍ 31-നും ഇടയിലാണ് വിവരങ്ങള്‍ ശേഖരിച്ചത്.
സൂര്യപ്രകാശമേറ്റ് പുറംതൊഴിലിലേര്‍പ്പെടുന്നവരെ സംരക്ഷിക്കാന്‍ കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്ന് ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളെടുത്താണ് ശരീരത്തില്‍ തൊലിപ്പുറത്ത് അര്‍ബുദം രൂപപ്പെടുന്നത്. അതിനാല്‍, തൊഴിലാളികളെ ചെറുപ്പംമുതല്‍ത്തന്നെ അള്‍ട്രാവയലറ്റ് വികിരണത്തില്‍നിന്ന് സംരക്ഷിക്കണം.
തൊഴിലാളികള്‍ക്കുള്ള മുന്‍കരുതല്‍
*പരിശീലനം നല്‍കുക
*വീതിയേറിയ തൊപ്പി ഉപയോഗിക്കുക
*നീണ്ട കൈയുള്ള ഷര്‍ട്ടുകള്‍ ധരിക്കുക
*സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക
*സ്ഥിരമായ പരിശോധനകള്‍ നടത്തുക
നോണ്‍ മെലനോമ കാന്‍സര്‍
തൊലിയുടെ പുറത്തേ പാളിയിലുണ്ടാകുന്ന അര്‍ബുദം. അപൂര്‍വമായേ മരണകാരണമാവാറുള്ളൂ, എങ്കിലും ചികിത്സ കടുത്തവേദനയ്ക്കും രൂപവൈകല്യത്തിനും ഇടയാക്കും.
Content Highlights: working under sun causes one in three deaths from non melanoma skin cancer