പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഈ ശ്വാസകോശരോഗത്തിനുള്ള സാധ്യത ഇരട്ടി, കരുതൽ വേണം

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ സിഒപിഡി(chronic obstructive pulmonary disease) എന്ന ഗുരുതരമായ ശ്വാസകോശരോഗത്തിന് സാധ്യത കൂടുതലെന്ന് പഠനം. പുകവലിശീലമില്ലാത്തവരോ, പുരുഷന്മാരെ അപേക്ഷിച്ച് കുറവ് പുകവലിക്കുന്നവരോ ആയാൽപ്പോലും സിഒപിഡി സാധ്യത കൂടുതലാണെന്നാണ് ബിഎംജെ ഓപ്പൺ റെസ്പിറേറ്ററി റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.
2020-ലെ നാഷണൽ ഹെൽത്ത് ഇന്റർവ്യൂ സർവേയെ ആസ്പദമാക്കിയാണ് ഗവേഷകർ ഡേറ്റ ശേഖരിച്ചത്. നാൽപതോ അതിന് മുകളിലോ പ്രായമുള്ള 23,000 പേരുടെ പുകവലിശീലം, പുകയില ഉപയോഗം, സിഒപിഡി സ്ഥിരീകരണം എന്നിവ ആധാരമാക്കിയാണ് വിലയിരുത്തിയത്. പുകവലിശീലം ഇല്ലാഞ്ഞിട്ടും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ സിഒപിഡി സാധ്യത ഇരട്ടിയാണെന്ന് പഠനത്തിൽ കണ്ടെത്തി. പ്രായം, പുകവലിശീലം തുടങ്ങിയവ പരിശോധിച്ചതിനുശേഷം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ സിഒപിഡി സാധ്യത 47ശതമാനം കൂടുതലാണെന്ന് കണ്ടെത്തി. പുകവലിശീലമില്ലാത്ത പുരുഷന്മാരെ അപേക്ഷിച്ച് പുകവലിശീലമില്ലാത്ത സ്ത്രീകളിൽ 62ശതമാനം കൂടുതലും.
പുകവലിശീലം ഇല്ലാതെയും സ്ത്രീകളിൽ എന്തുകൊണ്ട് സിഒപിഡി സാധ്യത കൂടി എന്നതിനേക്കുറിച്ചും ഗവേഷകർ പരിശോധിച്ചു. വായുമലിനീകരണമാണ് അതിൽ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. അകത്തളങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഉത്പന്നങ്ങളോടുള്ള സമ്പർക്കം, ഹാനികരമായ പുക വമിപ്പിക്കുന്ന പാചകരീതികൾ തുടങ്ങിയവയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സിഒപിഡി പ്രതിരോധത്തിൽ പുകവലിക്കൊപ്പം അന്തരീക്ഷ ഘടകങ്ങൾ, തൊഴിൽപരമായ ഘടകങ്ങൾ തുടങ്ങിയവയും പരിഗണിക്കേണ്ടത് പ്രധാനമാണെന്ന് വ്യക്തമാക്കുകയാണ് ഗവേഷകർ.
സി.ഒ.പി.ഡി.
സി.ഒ.പി.ഡി. അഥവാ ക്രോണിക് ഒബ്ട്രക്റ്റീവ് പൾമണറി ഡിസീസ് എന്ന ദീർഘകാല ശ്വാസതടസ്സ രോഗം പുകവലിയുളളവരിൽ കണ്ടുവരുന്ന അസുഖമാണ്. മരണനിരക്കിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഒരു വില്ലൻ രോഗമാണിത്. ശ്വാസനാളങ്ങൾ ചുരുങ്ങുകയും ഗ്രന്ഥികൾക്ക് വീക്കം വരുകയും ചെയ്യുന്നതാണ് രോഗത്തിന്റെ അടിസ്ഥാന പ്രശ്നം.
രോഗകാരണങ്ങൾ
1. പുകവലി ഏറ്റവും പ്രധാന കാരണം. സെക്കന്റ് ഹാൻഡ് സ്മോക്ക് അഥവാ പുകവലിക്കുന്നവരിൽ നിന്ന് രണ്ടാം ശ്വാസം ശ്വസിക്കുന്നതും സി.ഒ.പി.ഡി. ഉണ്ടാകാൻ കാരണമാകുന്നു.
2. സ്ത്രീകളിലും സി.ഒ.പി.ഡി. ധാരാളമായി കാണുന്നു. ഇതിനുള്ള മുഖ്യ കാരണം സ്ത്രീകളിലെ വർധിക്കുന്ന പുകവലി ശീലവും അടുക്കളയിൽ നിന്ന് കരിയും പുകയും ശ്വസിക്കുന്നതുമാണ്.
3. നഗരങ്ങളിലെ വർധിക്കുന്ന അന്തരീക്ഷ മലിനീകരണം, തിങ്ങിപ്പാർക്കൽ, വീടുകളിൽ ആവശ്യത്തിന് വായു സഞ്ചാരം ഇല്ലാത്തത് എന്നിവയും സി.ഒ.പി.ഡിക്ക് കാരണമാകും.
പ്രധാന ലക്ഷണങ്ങൾ
വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, ശ്വാസംമുട്ടൽ, നടക്കുമ്പോൾ അല്ലെങ്കിൽ വ്യായാമം ചെയ്യുമ്പോൾ ഉണ്ടാകുന്ന ശ്വാസം മുട്ടൽ എന്നിവയാണ്. വിന്റർ ബ്രോങ്കൈറ്റിസ് അഥവാ തണുപ്പുകാലത്ത് വർധിക്കുന്ന ചുമയും കഫക്കെട്ടും ഈ അസുഖത്തിന്റെ സാധ്യത ഉയർത്തുന്നു.
ചികിത്സാരീതികൾ
പുകവലി നിർത്തുകയാണ് രോഗം വരാതിരിക്കാനുള്ള മാർഗം. രോഗികൾക്ക് ബ്രോങ്കോ ഡയലേറ്റേഴ്സ് ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. സി.ഒ.പി.ഡി. രോഗികളുടെ പ്രതിരോധശേഷി പൊതുവെ കുറവായതിനാൽ അണുബാധ തടയാൻ വാക്സിനേഷനുകൾ എടുക്കേണ്ടതാണ്. ഇൻഫ്ളുവൻസ, ന്യുമോകോക്കൽ എന്നിവയാണ് എടുക്കേണ്ടവ. അസുഖം കണ്ടുപിടിച്ചാലുടനെ ശ്വാസകോശത്തിന് ചുറ്റുമുള്ള പേശികളുടെയും കൈകാലുകളുടെ പേശികളുടെയും ശക്തി നിലനിർത്താൻ പൾമനറി റീഹാബിലിറ്റേഷൻ ആരംഭിക്കണം.
Content Highlights: Research reveals women have a higher COPD risk than men