മഞ്ഞുകാലത്ത് ദഹനം പ്രശ്നമാകുന്നുണ്ടോ? കാരണങ്ങളറിഞ്ഞ് പരിഹാരം തേടാം

മഞ്ഞുകാലത്ത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ തല പൊക്കാറുണ്ട്. തണുപ്പ് കൂടുന്നതുമൂലം ജലദോഷം, കഫക്കെട്ട് പോലുള്ള പ്രശ്നങ്ങളും ചർമരോഗങ്ങളുമൊക്കെ കൂടുതലായി കാണാറുണ്ട്. ഇതുമാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങളും മഞ്ഞുകാലത്ത് കൂടുതലാണ്.
കുടലിലുടനീളമുള്ള സൂക്ഷ്മജീവികളുടെ ഘടനയിൽ കാലാവസ്ഥ മാറുന്നതിനനുസരിച്ച് മാറ്റമുണ്ടാകുന്നുണ്ടെന്ന് സെൽ ഹോസ്റ്റ് & മൈക്രോബ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നുണ്ട്. തണുപ്പ് കൂടുന്നത് രക്തപ്രവാഹത്തെയും ബാധിക്കും. ദഹനനാളത്തിലേക്കുള്ള രക്തപ്രവാഹം കുറയുമ്പോൾ വയറിലെയും കുടലിലെയും പേശികൾ ചുരുങ്ങും. ക്രമേണ ഭക്ഷണം കുടലിലൂടെ ഇറങ്ങാൻ സമയമെടുക്കുകയും ഇത് ഗ്യാസ് നിറഞ്ഞതുപോലെയും വയറുവീർത്തതുപോലെയും തോന്നിക്കുകയും ചെയ്യും.
മലബന്ധം പോലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നതും ഈ കാലത്താണ്. മഞ്ഞുകാലങ്ങളിൽ വെള്ളംകുടിക്കുന്നത് കുറയുന്നത് ദഹനം തടസ്സപ്പെടുത്തും. ശരീരത്തിന് ആവശ്യമായ ജലം കിട്ടാതിരിക്കുന്നത് മലബന്ധത്തിനും വയറു വീർക്കാനും കാരണമാകും.
മഞ്ഞുകാലങ്ങളിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെയും മറ്റും ഭാഗമായി ഭക്ഷണത്തിൽ ഒട്ടും നിയന്ത്രണം വെക്കാത്തതും ദഹനം പ്രശ്നമാകാൻ കാരണമാകും. വയറുനിറച്ച് അനാരോഗ്യകരമായ ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നത് ദഹനപ്രക്രിയ തടസ്സപ്പെടുത്തും. ഇതിനൊപ്പം മദ്യവും ദഹനപ്രക്രിയയെ ബാധിക്കുകയും നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്നങ്ങൾ കൂട്ടുകയും ചെയ്യും.
മഞ്ഞുകാലങ്ങളിൽ കാണപ്പെടുന്ന സീസണൽ അഫെക്റ്റീവ് ഡിസോർഡർ എന്ന വിഷാദരോഗാവസ്ഥ ഉണ്ടാവുന്നതും ദഹനത്തെ ബാധിക്കും. ഇതിന്റെ ഭാഗമായി ഊർജക്കുറവ്, നിരാശ, ഭക്ഷണം കഴിക്കാൻ തോന്നായ്ക, അനാരോഗ്യകരമായ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുക തുടങ്ങിയവ ഉണ്ടാവാം. ചിലരിൽ ഈറ്റിങ് ഡിസോർഡർ കൂടി അനുഭവപ്പെടുകയും ഇത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.
ദഹനം സുഗമമാക്കാൻ ചില ടിപ്സ്
- ദഹനത്തിന് ശരീരത്തിൽ ജലാംശം നിലനിൽക്കേണ്ടത് അത്യാവശമാണ്. ധാരാളം വെള്ളം കുടിക്കുന്നതുവഴി ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും കഴിയും.
- ഇഞ്ചിയും മഞ്ഞളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇവ ദഹനത്തെ ഉത്തേജിപ്പിക്കുകയും കുടലിന്റെ പ്രശ്‌നങ്ങളെ ശമിപ്പിക്കുകയും ചെയ്യുന്നു. സൂപ്പുകൾ, കറികൾ എന്നിവയിൽ ഇവ രണ്ടും കൂടുതലായി ചേർക്കാൻ ശ്രദ്ധിക്കാം. ഇടയ്ക്കിടയ്ക്ക് ജിഞ്ചർ ടീ കുടിക്കുന്നതും നല്ലതാണ്.
- നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് മറ്റൊരു സംഗതി. ഇവ ദഹനത്തെ ഉത്തേജിപ്പിക്കുകയും മലവിസർജനം കൃത്യമാകാൻ സഹായിക്കുകയും ചെയ്യും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവയാണ് ആരോഗ്യകരമായ കുടലിുനെ പരിപോഷിപ്പിക്കുന്ന ഏതാനും ഭക്ഷണസാധനങ്ങൾ.
- പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് മറ്റൊന്ന്. ഇത് കുടലിലെ ബാക്ടീരിയയുടെ പ്രവർത്തനത്തിന് നല്ലതാണ്. യോഗർട്ട്, കെഫീർ മുതലായവയിൽ പ്രോബയോട്ടിക് ധാരാളമായി അടങ്ങിയിട്ടുണ്ട്.
- കട്ടിയുള്ളതും എണ്ണയിൽ വറുക്കുന്നതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇവ ദഹനവ്യവസ്ഥയെ മന്ദഗതിയിലാക്കും. മാത്രമല്ല, സംസ്‌കരിച്ച ഭക്ഷണങ്ങളിൽ നാരുകളും പോഷകങ്ങളും കുറവുമാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനായി ഇവ ഭക്ഷണത്തിൽനിന്ന് പരമാവധി ഒഴിവാക്കൂ.
- ശരിയായ ദഹനത്ത പരിപോഷിപ്പിക്കാനായി ഭക്ഷണം ശ്രദ്ധയോടെ കഴിക്കാൻ ശീലിക്കുക. ഇത് ഭക്ഷണം ശരിയായ രീതിയിൽ വിഘടിപ്പിക്കാൻ ശരീരത്തെ സഹായിക്കും. സാവധാനത്തിലും ശ്രദ്ധയോടെയും ചവച്ചരച്ച് ആസ്വദിച്ച് വേണം കഴിക്കാൻ. ദഹനം തടസ്സപ്പെടാതിരിക്കാനായി ഭക്ഷണം കാണുമ്പോൾ ടിവിയോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ കാണുന്നത് ഒഴിവാക്കുക.
- ദഹനനാളത്തിലെ പേശികളെ ഉത്തേജിപ്പിക്കാനായി യോഗയിലോ നടത്തത്തിലോ മറ്റെന്തെങ്കിലും ശാരീരിക വ്യായാമങ്ങളിലോ മുഴുകാൻ ശ്രദ്ധിക്കുക. ശാരീരികമായി സജീവമായിരിക്കുന്നത് ദഹനം സുഗമമാക്കും.
- മാനസികസമ്മർദം ദഹനത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ, സമ്മർദനില നിയന്ത്രിച്ചുനിർത്തേണ്ടത് പ്രധാനമാണ്. മെഡിറ്റേഷൻ, ശ്വസനവ്യായാമങ്ങൾ തുടങ്ങിയ ഹോബികൾ ശീലിക്കുന്നത് മനസ്സിന്റെ ശാന്തത നിലനിർത്താൻ സഹായിക്കും.
- ഒരോരുത്തരുടേയും ശരീരത്തിന്റെ ആവശ്യങ്ങളനുസരിച്ച് മാറ്റങ്ങൾ വരുത്തണം. എന്നിട്ടും ദഹനസംബന്ധമായ പ്രശ്‌നങ്ങൾ തുടരുന്നുണ്ടെങ്കിൽ, വ്യക്തിഗത ഉപദേശത്തിനായി ഒരു ഹെൽത്ത്‌കെയർ സ്‌പെഷ്യലിസ്റ്റിനെ സമീപിക്കുന്നതാണ് ഉത്തമം.
Content Highlights: Winter digestion problems? Beat bloating & constipation with simple tips.