3 മരുന്നുകളെ കാർസിനോജെനിക് പട്ടികയിൽ ഉൾപ്പെടുത്തി WHO, ഡോക്ടറുടെ നിർദേശമില്ലാതെ നിർത്തുന്നതും അപകടം

#Health Desk
Representative Image| Photo: AFP
Representative Image| Photo: AFP

മൂന്നുമരുന്നുകളെ കാർസിനോജെനിക് പട്ടികയിൽ ഉൾപ്പെടുത്തി ലോകാരോഗ്യസംഘടനയുടെ കാൻസർ ഏജൻസി. രക്തസമ്മർദത്തിനും ഫംഗൽ അണുബാധകൾക്കും അവയവദാന സമയത്തും നൽകുന്ന മരുന്നുകളെയാണ് കാൻസറിനു കാരണമാകുന്ന ഗ്രൂപ്പ് 1 പട്ടികയിൽ ഐഎആർസി( International Agency for Research on Cancer) ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇത് അപകടസാധ്യതയേക്കുറിച്ചുള്ള മുന്നറിയിപ്പു മാത്രമാണെന്നും ഗുരുതരമായ രോഗങ്ങൾക്കുള്ള മരുന്നുകളായതിനാൽ ഡോക്ടർമാരുടെ നിർദേശമില്ലാതെ അവ നിർത്തരുതെന്നും ഐഎആർസി പറയുന്നുണ്ട്.

ഉയർന്ന രക്തസമ്മർദത്തിനു നൽകുന്ന ഹൈഡ്രോക്ലോറോത്തിയസൈഡ്, ഫംഗൽ അണുബാധയ്ക്കുള്ള വോറിക്കോണസോൾ അവയവം സ്വീകരിച്ചതിനുശേഷം അതിനെതിരെ പ്രവർത്തിക്കാതിരിക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്ന ടാക്രോളിമസ് എന്ന ഇമ്മ്യൂണോസപ്രസന്റ് എന്നിവയെയാണ് കാർസിനോജെനിക് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹൈഡ്രോക്ലോറോത്തിയസൈഡ് , സ്ക്വാമസ് സെൽ സ്കിൻ കാർസിനോമ, ചുണ്ടിലെ കാൻസർ എന്നിവയ്ക്കുള്ള സാധ്യത കൂട്ടാനിടയുണ്ടെന്ന് ഐ.എ.ആർ.സി. പറഞ്ഞു. മരുന്ന് ദീർഘകാലം ഉപയോഗിക്കുവഴി സൂര്യപ്രകാശത്തോടുള്ള ചർമത്തിന്റെ സംവേദനക്ഷമത വർധിപ്പിക്കുകയും സൂര്യരശ്മിയേൽക്കുമ്പോൾ ഡിഎൻഎ തകരാറുണ്ടാകാനുള്ള സാധ്യതയും കൂട്ടുമെന്നാണ് കരുതുന്നത്.

വോറിക്കോണസോൾ സ്ക്വാമസ് സെൽ സ്കിൻ കാർസിനോമ സാധ്യതയും ടാക്രോളിമസ്, നോൺ-ഹോഡ്ജ്കിൻ ലിംഫോമയ്ക്കുള്ള സാധ്യതയും കൂട്ടുന്നുവെന്ന് ഐ.എ.ആർ.സി. പറയുന്നു. ശരീരത്തിലെ അസാധാരണ കോശങ്ങളെ ഇല്ലാതാക്കാനുള്ള കഴിവ് ദുർബലപ്പെടുന്നതുവഴിയാണ് ടാക്രോളിമസ് കാൻസർ സാധ്യത കൂട്ടുന്നത്.

ഹൈഡ്രോക്ലോറോത്തിയസൈഡ്, വോറിക്കോണസോൾ തുടങ്ങിയവ സ്ഥിരമായി കഴിക്കുന്ന രോഗികൾ സൂര്യപ്രകാശത്തിൽ നിന്നു ചർമത്തെ സംരക്ഷിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതുവഴി അപകടസാധ്യത കുറയ്ക്കാനാവുമെന്നാണ് വിദഗ്ധർ പറയുന്നത്. അൾട്രാവയലറ്റ് രശ്മികളുമായുള്ള സമ്പർക്കം കുറയ്ക്കുക, കൃത്യമായി സൺസ്ക്രീൻ ഉപയോഗിക്കുക, ചർമപരിശോധനകളിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കുക തുടങ്ങിയവയിലൂടെ അർബുദധത്തെ പ്രതിരോധിക്കാം.

അതേസമയം ഈ മരുന്നുകളെല്ലാം ഗുരുതരമായ, ജീവന് ഭീഷണിയാകുന്ന ആരോഗ്യപ്രശ്നങ്ങളെയും ചികിത്സിക്കുന്നതായതിനാൽ ‍ഡോക്ടറുടെ നിർദേശമില്ലാതെ നിർത്തുന്നതും അപകടകരമാണെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നുണ്ട്.

Content Highlights: IARC classifies Hydrochlorothiazide, Voriconazole, and Tacrolimus as Group 1 carcinogens., These drugs increase risks for squamous cell skin carcinoma and non-Hodgkin lymphoma., Patients should not stop medication without consulting a doctor due to the severity of treated conditions